Tuesday, July 1, 2008

യാക്കോബിന്റെ മകന്‍ ജോസഫ്-1

നോവല്‍ ആരംഭിക്കുന്നു..

അബ്രഹാമിന്റെ മകനായ യിസഹാക്കിന്റെ രണ്ട് മക്കളുണ്ടായിരുന്നു. ഏശാവും, യാക്കോബും. ഇളയ മകനായ യാക്കോബിന് രൂബേന്‍, ശിമയോന്‍, ലേവി, യെഹൂദ, യിസാഖാര്‍, സെബൂലൂന്‍, ബെന്യാമിന്‍, ദാന്‍, നഫ്താലി, ഗാദ്, ജോസഫ്, ആശേര്‍ എന്നീ പേരുള്ള പന്ത്രണ്ട് ആണ്മക്കളും, ഒരു മകളുമുണ്ടായിരുന്നു.

ക്യഷി സമ്പത്തുകൊണ്ട് സമ്യദ്ധമായ കനാന്‍ ദേശത്തായിരുന്നു യാക്കോബും,കുടുംബവും താമസിച്ചിരുന്നത്. തന്റെ മക്കളെയെല്ലാം യാക്കോബ് ജീവനു തുല്യമാണ് സ്നേഹിച്ചിരുന്നതെങ്കിലും, തന്റെ രണ്ടാമത്തെ ഭാര്യയായ റാഹേലിലുണ്ടായ ജോസഫിനോടായിരുന്നു യാക്കോബിന് കൂടുതല്‍ സ്നേഹം. ജോസഫാണെങ്കില്‍ മറ്റുള്ളവരെ അപേക്ഷിച്ച് സുന്ദരനും, ശാന്തശീലനും, ബുദ്ധിമാനും, സത്സ്വാഭാവിയും അതിലുപരി തികഞ്ഞ ദൈവഭകതനുമായിരുന്നു.

ജോസഫിനെ തങ്ങളുടെ പിതാവ് തങ്ങളേക്കാളുപരി സ്നേഹിക്കുന്നതും, കരുതുന്നതും മറ്റ് മക്കള്‍ക്ക് ഒട്ടും ഇഷ്ടമായിരുന്നില്ല. ഒരിക്കല്‍, അതായത് ജോസഫിന്‍ പതിനേഴ് വയസ്സുള്ളപ്പോള്‍ യാക്കോബ് നീല നിറത്തിലുള്ള അതിമനോഹരമായൊരു വസ്ത്രം അവന് തയ്പ്പിച്ചു കൊടുത്തു. ആ വസ്ത്രമണിഞ്ഞ് ജോസഫ് തുള്ളിച്ചാടി നടക്കുന്നത് അവന്റെ സഹോദരന്മാര്‍ക്ക് ഒട്ടും രസിച്ചില്ല. അവര്‍ക്ക് ജോസഫിനോടുള്ള ദേഷ്യവും, വെറുപ്പും കൂടി കൂടി വന്നു.

പാരമ്പര്യമായി ആട്ടിടയന്മാരായിരുന്ന യാക്കോബിനും കുടുംബത്തിനും ആയിരക്കണക്കിന് ആടുമാടുകളുമുണ്ടായിരുന്നു. മക്കള്‍ വളര്‍ന്നതോടു കൂടി അവര്‍ക്കായിരുന്നു ആടുകളെ മേയ്ക്കേണ്ട ചുമതല. ചിലപ്പോള്‍ ആടുകളെ മേയ്ക്കുവാന്‍ വീട്ടില്‍ നിന്നും വളരെ ദൂരെയുള്ള മേച്ചില്‍പ്പുറങ്ങള്‍ തേടിയായിരിക്കും അവര്‍ പോവുക. ഈ സമയങ്ങളില്‍ ദിവസങ്ങള്‍ കഴിഞ്ഞായിരിക്കും അവര്‍ വീട്ടില്‍ മടങ്ങിയെത്തുന്നത്..

ദൂരെ ആടുകളെ മേയ്ക്കുവാന്‍ പോകുന്ന സഹോദരന്മാര്‍ക്ക് ഭക്ഷണവും, വെള്ളവും എത്തിച്ചു കൊടുക്കുകയും അവരുടെ സുഖവിവരങ്ങള്‍ അപ്പനായ യാക്കോബിനെ അറിയിക്കുകയും ചെയ്യുകയെന്നതായിരുന്നു യോസഫിന്റെ പ്രധാന ജോലി. ഇളയ മകനായ ബന്യാമിന്‍ വ്യദ്ധനായ യാക്കോബിനെ ശുശ്രൂഷിച്ചും വീട്ടിലെ ജോലികള്‍ ചെയ്ത് കഴിയുകയും….

ഒരിക്കല്‍ ശെഖെം താഴ്വരയില്‍ ആടുകളെ മേയ്ക്കാന്‍ പോയ തന്റെ മക്കളുടെ വിശേഷങ്ങളറിയുവാന്‍ യാക്കോബ് പതിവുപോലെ യോസഫിനെ അയച്ചു. ജോസഫ് ദീര്‍ഘമായ യാത്രയ്ക്ക് ശേഷം ശെഖേമിലെത്തിയപ്പോഴാണ് തന്റെ സഹോദരന്മാര്‍ ആടുകളെയും കൊണ്ട് ദോഥാമെന്ന സ്ഥലത്തേക്ക് പോയെന്നറിയുന്നത്. ഒട്ടും താമസിച്ചില്ല. ജോസഫ് ദോഥാമിലേക്ക് യാത്ര തിരിച്ചു. അങ്ങനെ അവന്‍ ദോഥാമിലെത്തിച്ചേര്‍ന്നു.

ജോസഫ് തങ്ങളുടെ അടുക്കലേക്ക് വരുന്നത് അവന്റെ സഹോദരന്മാര്‍ ദൂരെ നിന്ന് നോക്കി കണ്ടു. അവനെ കണ്ടതും അവര്‍ക്ക് വല്ലാത്ത ദേഷ്യം തോന്നി. “ദേ കണ്ടില്ലേ ആടിപ്പാടി ജോസഫ് വരുന്നത്.. ഇന്നവനെ നമുക്ക് ശരിയാക്കണം..“ ജോസഫിന്റെ സഹോദരന്മാരിലൊരാള്‍ പറഞ്ഞു

“നമ്മള്‍ നമ്മുടെ അപ്പനും, കുടുംബത്തിനും വേണ്ടിയും രാവും, പകലുമില്ലാതെ തണുപ്പും, ചൂടും കൊണ്ട് ഈ ആട്ടിന്‍ കൂട്ടത്തെയും കൊണ്ട് കഷ്ടപ്പെടാന്‍ തുടങ്ങിയിട്ട് നാളുകളേറെയായില്ലേ..? എന്നാല്‍ ജോസഫ് വീട്ടിലിരുന്ന് തിന്ന് കുടിച്ച് സുഖിക്കയും…! നമ്മുടെ കഷ്ടപ്പാട് അപ്പനറിയുന്നുണ്ടോ…? വെറുതെ സുഖിച്ച് ജീവിക്കുന്ന ജോസഫിനെയാണ് നമ്മുടെ അപ്പനും ഇഷ്ടം…”. അയാള്‍ പരിഭവപ്പെട്ടു.

“ശരിയാണ്.. നമ്മുടെ അപ്പന്‍ നമ്മളെ മനസ്സിലാക്കുന്നില്ല….അല്ലെങ്കില്‍ ജോസഫിന് കൊടുത്തതുപോലെയുള്ള ഒരു വസ്ത്രം അപ്പന്‍ നമ്മള്‍ക്ക് തയ്പ്പിച്ചു തരില്ലേ..” വേറൊരാള്‍ അതിനെ പിന്താങ്ങി.

“അല്ല. എനിക്കതല്ല മനസ്സിലാകാത്തത്.. ജോസഫിനെ മാത്രം നമ്മുടെ അപ്പന്‍ ഇത്രമാത്രം സ്നേഹിക്കുവാന്‍ കാരണമെന്താണ്…? വേറൊരാള്‍ സംശയം പ്രകടിപ്പിച്ചു. “നമ്മളാണെങ്കില്‍ അപ്പനോട് യാതൊരു തെറ്റും ചെയ്തിട്ടുമില്ല… എന്നും നമ്മള്‍ അപ്പനെ അനുസരിച്ചിട്ടേയുള്ളല്ലോ…? എന്നിട്ടും അപ്പന്‍..!! “നമ്മള്‍ക്കില്ലാത്ത എന്ത് ഗുണമാണ് ജോസഫില്‍ നമ്മുടെ അപ്പന്‍ കാണുന്നത്..? നമ്മളെക്കാള്‍ അവനല്പം സൌന്ദര്യമുണ്ടെന്നുള്ളത് ശരി തന്നെ… പക്ഷേ കുടുംബത്തിനു വേണ്ടി പാടു പെടുന്നവര്‍ നമ്മളല്ലേ…”

“ഏതായാലും അവന്‍ ജീവിച്ചിരിക്കുന്നത് നമ്മള്‍ക്ക് ആപത്താണ്… ജോസഫിനെ ഇല്ലാതാക്കുന്നതാണ് നമ്മുടെ ഭാവിക്ക് നല്ലത്… അതിന് ഇതാണ് പറ്റിയ അവസരം…ജോസഫിന്റെ സഹോദരന്മാര്‍ തമ്മില്‍ തീരുമാനിച്ചു.

പക്ഷേ എങ്ങനെ അവനെ ഇല്ലാതാക്കും..!!! അപ്പനോട് എന്ത് പറയും…? അവര്‍ തലപുകഞ്ഞാലോചിച്ചു.

“ഇത് മരുഭൂമിയല്ലേ…. അവനെ കൊന്ന് ഒരു കുഴിയിലിടാം… എന്നിട്ട് ഒരു ക്രൂരമ്യഗം അവനെ കൊന്ന് തിന്നുവെന്ന് അപ്പനോട് നമുക്ക് കള്ളം പറയാം…“ ഒരാള്‍ പറഞ്ഞു.

“ഇല്ല. അവനെ കൊല്ലുവാന്‍ ഞാന്‍ സമ്മതിക്കില്ല…..” പെട്ടന്ന് ജോസഫിന്റെ മൂത്ത സഹോദരനായ രൂബേന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. രൂബേന്റെ പെട്ടന്നുള്ള മന:മാറ്റം മറ്റുള്ള സഹോദരങ്ങളെ ആശയക്കുഴപ്പിത്തിലാക്കി.

“ചേട്ടനെന്താ ജോസഫിനോട് പെട്ടന്നൊരു അനുകമ്പ..? കഴിഞ്ഞതെല്ലാം ചേട്ടന്‍ മറന്നു പോയോ..? നമ്മള്‍ക്കാര്‍ക്കും തരാതെ ജോസഫിന് മാത്രം അപ്പന്‍ മനോഹരമായ ആ വസ്ത്രം തയ്പ്പിച്ചു കൊടുത്തതും.. മാത്രമല്ല അവന്‍ നമ്മളോട് പണ്ട് പറഞ്ഞ ആ സ്വപ്നങ്ങളും….“ രൂബേനോട് സഹോദരന്മാരിലൊരാള്‍ കയര്‍ത്തു.

“അതെ.. കഴിഞ്ഞതെല്ലാം ചേട്ടന്‍ മറന്നിരിക്കുന്നു… അല്ലെങ്കില്‍ മറന്നതായി അഭിനയിക്കുന്നു… ചേട്ടനറിയാമല്ലോ.. അവന്‍ കണ്ട ഒന്നാ‍മത്തെ സ്വപനവും അതിന്റെ പൊരുളും… നമ്മള്‍ ജോസഫിനോടൊപ്പം വയലില്‍ കറ്റകള്‍ കെട്ടിക്കൊണ്ടിരുന്നപ്പോള്‍ ജോസഫിന്റെ കറ്റകള്‍ എഴുന്നേറ്റു നിവര്ന്നു നിന്നു…..പെട്ടന്ന് നമ്മുടെ കറ്റകള്‍ ജോസഫിന്റെ കറ്റകളുടെ ചുറ്റും നിന്ന് അവയെ നമസ്ക്കരിച്ചു… അവന്റെ കറ്റകളെ നമ്മളുടെ കറ്റകള്‍ വണങ്ങിയതിന്റെ പൊരുള്‍ നാം അവന്റെ അടിമകളാകുമെന്നും അവന്‍ നമ്മളെ വാഴുമെന്നുമല്ലേ,,,,,“

“അതെ .. അതാണാ സ്വപ്നത്തിന്റെ പൊരുള്‍….” വേറൊരാള്‍ പിന്താങ്ങി. “സൂര്യനും.. ചന്ദ്രനും, പതിനൊന്ന് നക്ഷത്രങ്ങളും ജോസഫിനെ നമസ്ക്കരിക്കുന്നതല്ലേ.. അവന്‍ കണ്ട രണ്ടാമത്തെ സ്വപ്നം…? ആ പതിനൊന്ന് നക്ഷത്രങ്ങള്‍ നമ്മള്‍ പതിനൊന്ന് സഹോദരന്മാരെയാണ് സൂചിപ്പിക്കുന്നത്.. നാം അവന് അടികള്‍… അവന് നമ്മളെ വാഴുന്നു…..”

“ഇല്ല നമ്മുടെ യജമാനനായി ജോസഫ് വാഴാന്‍ പറ്റില്ല... അവന്‍ കണ്ട സ്വപ്നങ്ങള്‍ നിവ്യത്തിയാവുന്നതിന്‍ മുമ്പ് നമുക്കവനെ ഇല്ലാതാക്കിയേ മതിയാവൂ…” സഹോദരന്മാര്‍ ഒന്നടങ്കം രൂബേനോട് ആവശ്യപ്പെട്ടു. തന്റെ അനുജന്മാര്‍ പറഞ്ഞതെല്ലാം അക്ഷരം പ്രതി ശരിയാണെങ്കിലും ജോസഫിനെ കൊല്ലുന്നതിന് കൂട്ടു നില്‍ക്കുവാന്‍ രൂബേന്റെ മനസ്സ് വിസമ്മതിച്ചു.

“അവനെ കൊല്ലാതെ എന്തു ചെയ്യണം.. അങ്ങ് പറയൂ….” സഹോദരന്മാര്‍ ഒന്നടങ്കം രൂബേനോട് ചോദിച്ചു. രൂബേന്‍ ഉത്തരം മുട്ടി. രൂബേന്‍ തലയുയര്ത്തി ദൂരേക്ക് നോക്കി. ജോസഫ് തങ്ങളുടെ അടുക്കലേക്ക് നടന്നടത്തു വരികയാണ്… അവന്റെ ചോരയ്ക്കായി തനിക്കു ചുറ്റും കലിതുള്ളി നില്‍ക്കുകയാണ് തന്റെ സഹോദരങ്ങള്‍…. ഒരു പക്ഷേ മൂത്ത സഹോദരനായ തന്റെ അനുവാദത്തിന്‍ കാത്തു നില്‍ക്കാതെ അവര്‍ ജോസഫിനെ വകവരുത്തുമെന്ന് രൂബേന്‍ ഭയന്നു.

ഉടന്‍ എന്തെങ്കിലും ചെയ്തേ മതിയാവൂ… അല്ലെങ്കില്‍ തന്റെയീ മൌനം ജോസഫിന്റെ ജീവന്‍ അപഹരിക്കുമെന്ന് രൂബേന്‍ ഞെട്ടലോടെ അപ്പോള്‍ തിരിച്ചറിയുകയായിരുന്നു…

(തുടരും...)

3 comments:

anushka said...

അടുത്ത ലക്കത്തിന് കാത്തിരിക്കുന്നു.

വയനാടന്‍ said...

Interesting...
waiting 4 the next episode
regards
god bless u

സാബു പ്രയാര്‍ said...

ഇവിടെയെത്തി അഭിപ്രായം രേഖപ്പെടുത്തിയ എന്റെ മാന്യമിത്രങ്ങള്‍ക്ക് നന്ദി. എല്ലാ ദിവസവും ഓരോ അധ്യായം വീതം ഈ നോവല്‍ പ്രസിദ്ധീകരിക്കുന്നതാണ്. തുടര്‍ന്നും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും രേഖപ്പെടുത്തുക.