Thursday, August 14, 2008

ഗ്രാമപുരാണം-10

കള്ളന്‍ രാഘവന്‍!!!!!
ആ പേരു കേട്ടാല്‍ മതി ഞങ്ങള്‍ ഗ്രാമീണര്‍ ഞെട്ടി വിറയ്ക്കും. ആറടി ഉയരം. അതിനൊത്ത ഉയരമുള്ള ശരീരം. ചുവന്ന കണ്ണുകള്‍. കൊമ്പന്‍ മീശ. ഇവയൊക്കെയായിരുന്നു രാഘവന്റെ പ്രത്യേകതകള്‍. പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ വ്യത്യാസമില്ലാ‍തെ കണ്ണില്‍ കാണുന്ന വിലപിടിപ്പുള്ളതെന്തും രാഘവന്‍ മോഷ്ടിക്കും.. പോലീസും, ജയിലും രാഘവന്‍ പുല്ലാണ്..

ഒരു കാലത്ത് അല്ലറ ചില്ലറ മോഷണവുമായി പോലീസുകാര്‍ക്കും, നാട്ടുകാര്‍ക്കും തലവേദനയുണ്ടാക്കി വിലസിയ രാഘവനെ ആദ്യമായി പിടികൂടുന്നത് ‘ഇടിമണി; എന്ന പേരില്‍ അറിയപ്പെടുന്ന ഞങ്ങളുടെ നാട്ടുകാരനായ പോലീസുകാരന്‍ മണിയാണ്. മണി രാഘവനെ തല്ലിച്ചതച്ച് ഇഞ്ചപ്പരുവത്തിലാക്കി ജയിലിലടച്ചു.

ഇത്രയും കാലം പിടികിട്ടാപ്പുള്ളീയായി വിലസിയ രാഘവനെ പിടികൂടി ജയിലിലടച്ച പോലീസുകാരന്‍ മണി പെട്ടന്ന് ഞങ്ങള്‍ ഗ്രാമീണരുടെ മാത്രമല്ല, പോലീസു വകുപ്പിന്റെ വരെ അഭിമാനമായി മാറിയത് ഒറ്റദിവസം കൊണ്ടാണ്. എന്നാല്‍ വളരെ നാളത്തെ ജയില്‍ വാസത്തിന് ശേഷം പുറത്തിറങ്ങിയ രാഘവന്‍ നേരെ പോയത് പോലീസുകാരന്‍ മണിയുടെ വീട്ടിലേക്കാണ്. തന്നെ തല്ലിച്ചതച്ച് ജയിലടച്ചതിന് പ്രതികാരമായി പോലീസുകാരന്‍ മണിയുടെ രണ്ടും കൈയ്യും രാഘവന്‍ തല്ലിയൊടിച്ചു. എന്നിട്ടും കലി തീരാഞ്ഞിട്ട് മണിയുടെ വീട്ടിലെ വിലപിടിപ്പുള്ള സാധനങ്ങളെല്ലാം രാഘവന്‍ മോഷ്ടിക്കുകയും ചെയ്തു. ഈ സംഭവത്തോടു കൂടി രാഘവന്റെ പേര്‍ കേട്ടാല്‍ മതി ഞങ്ങള്‍ ഗ്രാമീണരൊന്നടങ്കം ഭയന്നു വിറയ്ക്കും…

പിന്നീട് പലതവണ രാഘവന്റെ പോലീസ് പിടി കൂടിയിട്ടുണ്ട്. വര്‍ഷങ്ങളോളം അയാള്‍ ജയിലിലും കിടന്നിട്ടുമുണ്ട്. എന്നാല്‍ പലപ്പോഴും രാഘവന്‍ ജയിലില്‍ പുറത്തിറങ്ങുന്നത് പുത്തന്‍ മോഷണ തന്ത്രങ്ങളുമായിട്ടാ‍യിരിക്കും. ഏറ്റവും അവസാനമായി രാഘവനെ പോലീസ് പിടി കൂടുന്നത് പട്ടണത്തിലെ ഒരു ബാങ്ക് കവര്‍ച്ചയുമായി ബന്ധപ്പെട്ടാണ്. ആ കുറ്റത്തിന് വളരെക്കാലം രാഘവന്‍ ജയിലില്‍ കിടക്കേണ്ടി വന്നു.

രാഘവന്റെ വീട് ഞങ്ങളുടെ ഗ്രാമത്തിലാണെങ്കിലും ഇപ്പോള്‍ അവിടെ അയാള്‍ക്ക് ബന്ധുക്കളാരുമില്ലായിരുന്നു. സാധാരണ ജയിലില്‍ നിന്ന് രാഘവന്‍ പുറത്തിറങ്ങിയാല്‍ നേരെ ഞങ്ങളുടെ ഗ്രാമത്തിലേക്കായിരിക്കും ആദ്യം വരിക. തന്റെ സാനിധ്യം നാട്ടുകാരെ അറിയിക്കുകയെന്നതായിരുന്നു രാഘവന്റെ ആ വരവിന്റെ ലക്ഷയ്യം. രാഘവന്‍ ഗ്രാമത്തിലെത്തിയാല് പുതിയ കുറ്റത്തിന്‍ പോലീസ് അയാളെ പിടികൂടുന്നതു വരെ ഞങ്ങള്‍ ഗ്രാമീണര്‍ക്ക് കാളരാത്രിയാണ്. പലരും രാഘവനെ ഭയന്ന് രാത്രിയില്‍ ഉറങ്ങാതെയിരിക്കും. കുട്ടികള്‍ക്കാണെങ്കില്‍ രാഘവന്റെ പേര്‍ കേട്ടാല്‍ മതി ‘പിശാചിനെ’ കണ്ടതുപോലെയാണ്..

രാത്രി…
ഗ്രാമക്ഷേത്രത്തില്‍ ഉത്സവം കൊടുമ്പിരിക്കൊള്ളുകയാണ്. ക്ഷേത്രപരിസരത്തെ സ്റ്റേജില്‍ അപ്പോള്‍ ഓട്ടന്‍ തുള്ളല്‍ നടക്കുകയായിരുന്നു. ഭീമസേനന്‍ സൌഗന്ധിക പുഷ്പം തേടി കാട്ടിലൂടെ അലയുന്നതാണ്‍ രംഗം. ജനങ്ങള്‍ ഓട്ടന് തുള്ളലില്‍ ലയിച്ചിരിക്കുകയാണ്….

“രാഘവന്‍ വന്നേയ്… കള്ളന്‍ രാഘവന്‍ വന്നേ…” ഈ സമയത്താണ് ആരോ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞുകൊണ്ട് കാണികള്‍ക്കിടയിലേക്ക് ഓടിയെത്തിയത്. അയാള്‍ വിളിച്ചു പറഞ്ഞത് കേട്ട് സകലരും ഞെട്ടിപ്പോയി. ചിലര്‍ ഓട്ടന്‍ തുള്ളല്‍ മതിയാക്കി തങ്ങളുടെ വീടുകളിലേക്ക് പോകുവാനൊരുങ്ങി. മറ്റ് ചിലര്‍ക്കാണെങ്കില്‍ വീട്ടിലേക്ക് പോകുവാന്‍ ഭയം.. വഴിയില്‍ വച്ച് രാഘവന്‍ തടഞ്ഞു നിര്‍ത്തി തങ്ങളെ ഉപദ്രവിച്ചാലോ.. എന്നായിരുന്നു അവരുടെ ഭയം. വീട്ടിലെത്തിയവര്‍ക്കാണെങ്കില്‍ യാതൊരു മനസമാധാനവുമില്ല… രാഘവന്‍ ഏതുനിമിഷമാണ് മൂര്‍ച്ചയേറിയ കത്തിയുമായി കടന്നു വരിക…? ആകെ എല്ലാവര്‍ക്കും ഒരു മരവിപ്പ്.

എന്നാല്‍ രാഘവന്‍ ഞങ്ങളുടെ ഗ്രാമത്തിലൊക്കെ ഒന്നു ചുറ്റിക്കറങ്ങിയ ശേഷം നേരെ പോയത് തന്റെ പഴയകാല ചങ്ങാതിയായ കുമാരന്റെ വീട്ടിലേക്കായിരുന്നു. കുമാരന്റെ ഭാര്യയും മകളും മരിച്ചതും അതുപോലെ ഗ്രാമത്തിലെ മറ്റ് സംഭവങ്ങളും രാഘവന്‍ എങ്ങനെയോ അറിഞ്ഞിരുന്നു. എല്ലാവരാലും വെറുക്കപ്പെട്ട് കഴിയുന്ന തന്റെ ബാല്യകാലസ്നേഹിതനെ ഒന്നു കാണണമെന്ന് രാഘവന്‍ തോന്നി.

എന്നാല്‍ കള്ളന്‍ രാഘവന്‍ ഞങ്ങളുടെ ഗ്രാമത്തിലെത്തിയ കഥയൊന്നുമറിയാതെ കുമാരന്‍ ഞങ്ങള്‍ ഗ്രാമീണരെല്ലാം ക്ഷേത്രത്തിലെ ഉത്സവത്തിന്‍ പോയ തക്കം നോക്കി തനിക്ക് കിട്ടിയ സ്വര്‍ണ്ണബിസ്ക്കറ്റുകളുമായി നാടു വിടുവാനുള്ള ഒരുക്കത്തിലായിരുന്നു. രാഘവന്‍ കുമാരന്റെ വീട്ടുമുറ്റത്തെത്തിയപ്പോള്‍ വീടിന്റെ ജനാലകളും, വാതിലും അടച്ചിട്ടിരിക്കുന്നതാണ് കണ്ടത്…

ഇവനെവിടെപ്പോയി…? ഉതസവത്തിന്‍ പോയതാണോ..? രാഘവന്‍ ചിന്തിച്ചു. എന്നാല്‍ അകത്ത് വീടിനുള്ളില്‍ നിന്ന് എന്തോ ശബ്ദം കേട്ട് ജനല്‍പ്പാളി മെല്ലെ തുറന്ന് രാഘവന്‍ മെല്ലെ അകത്തേക്ക് നോക്കിയത്. ഒരു ബാഗിനുള്ളില്‍ തന്റെ വസ്ത്രങ്ങള്‍ കുമാരന്‍ കുത്തി നിറയ്ക്കുന്നത് രാഘവന്‍ കണ്ടു.

‘ഈ രാത്രിയില്‍ ഇവനെങ്ങോട്ടു പോകാനുള്ള പുറപ്പാടാ…? രാഘവന്‍ സ്വയം ചോദിച്ചു. ‘ഏതായാലും കാത്തിരുന്നു കാണുക തന്നെ…’ രാഘവന്‍ തീരുമാനിച്ചു.

ഈ സമയം കുമാരന്‍ തനിക്ക് നദിക്കരയില്‍ നിന്ന് ലഭിച്ച സ്വര്‍ണ്ണബിസ്ക്കറ്റുകള്‍ മറ്റൊരു ബാഗിലാക്കുന്ന തിരക്കിലായിരുന്നു. താനിപ്പോള്‍ കാണുന്നത് സത്യമോ, അതോ മിഥ്യയോ…? കുമാരന്റെ കൈവശമുള്ള സ്വര്‍ണ്ണബിസ്ക്കറ്റുകള്‍ കണ്ട് കള്ളന്‍ രാഘവന്‍ നിമിഷങ്ങളോളം സ്തംഭിച്ചു നിന്നു പോയി. ഇത്രയധികം സ്വര്‍ണ്ണബിസ്ക്കറ്റുകള്‍ കുമാരന്‍ എവിടെ നിന്ന് കിട്ടി…? തന്നെപ്പോലെ ഇവനും മോഷ്ടിക്കുവാന്‍ തുടങ്ങിയോ..? രാഘവന്‍ ചിന്തിച്ചുപോയി.

‘ഏതായാലും എങ്ങനെയെങ്കിലും കുമാരന്റെ കൈവശമുള്ള ആ സ്വര്‍ണ്ണബിസ്ക്കറ്റുകളെല്ലാം തട്ടിയെടുക്കണം… എന്നിട്ട് മോഷണമെല്ലാം നിര്‍ത്തി സ്വര്‍ണ്ണബിസ്ക്കറ്റുകള്‍ വിറ്റുകിട്ടുന്ന കാശ് കൊണ്ട് ഏതെങ്കിലും നാട്ടില്‍ പോയി സുഖമായി ജീവിക്കണം… കള്ളന്‍ രാഘവന്‍ തീരുമാനിച്ചു.

(തുടരും...)

No comments: