രാത്രി
ഗ്രാമക്ഷേത്രത്തില്‍ ഓട്ടന്‍ തുള്ളന്‍ സമാപിച്ചു. അടുത്തത് നാടകമാണ്. ‘നാടകം ഉടന്‍ ആരംഭിക്കുന്നതാണെന്ന്’ മൈക്കിലൂടെ സംഘാടകര്‍ അറിയിച്ചു. ഈ സമയം ഗ്രാമത്തില്‍ നിന്ന് രക്ഷപെടുവാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയ കുമാരന്‍ മെല്ലെ വാതില്‍ തുറന്ന് വീട്ടില്‍ നിന്നും പുറത്തിറങ്ങിയിരുന്നു. സ്വര്‍ണ്ണബിസ്ക്കറ്റുകള്‍ അയാളുടെ തോളിലുള്ള ബാഗിലായിരുന്നു.
ജനിച്ചു വളര്‍ന്ന വീടും, നാടും വിട്ട് ഒരിക്കലും തിരിച്ചു വരാതെ എങ്ങോട്ടെന്നില്ലാതെയുള്ള യാത്ര. മരിച്ചുപോയ തന്റെ ഭാര്യയെയും, മകളെയും കുമാരന്‍ മനസ്സിലോര്‍ത്തു. അയാളുടെ കണ്ണുകള്‍ നിറഞ്ഞു. പെട്ടന്നാണ്‍ ഇരുളില്‍ മറഞ്ഞിരുന്ന കള്ളന്‍ രാഘവന്‍ കുമാരനെ അടിച്ചു വീഴ്ത്തിയശേഷം അയാളുടെ കൈയ്യിലുള്ള ബാഗ് പിടിച്ചു പറിച്ച് ഒരു കൊടുങ്കാറ്റുപോലെ നദീതീരത്തൂടെ പാഞ്ഞത്.
“അയ്യോ.. കള്ളന്‍… ഓടി വരണേ…” സ്വര്‍ണ്ണബിസ്ക്കറ്റുകള്‍ നിറച്ച തന്റെ ബാഗ് തട്ടിപ്പറിച്ചുകൊണ്ട് ഓടുന്നത് കള്ളന്‍ രാഘവനാനെന്ന് മനസ്സിലാക്കിയ കുമാരന്‍ ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ട് രാഘവന്‍ പിന്നാലെ ഓടി. കുമാരന്‍ തന്റെ പിന്നാലെ ഓടി വരുന്നത് കണ്ട് പെട്ടന്ന് രാഘവന്‍ ബാഗുമായി പമ്പാനദിയിലേക്ക് ചാടി. നദിയില്‍ നല്ല ഒഴുക്കുണ്ടായിരുന്നു. രാഘവന്‍ നീന്തിയും, മുങ്ങാം കുഴിയിട്ടും നദിയുടെ മറുകരയിലേക്ക് കുതിച്ചു.
സ്വര്‍ണ്ണബിസ്ക്കറ്റുകളുമായി രാഘവന്‍ രക്ഷപെടരുത്.. അവന്‍ രക്ഷപെട്ടാല്‍!!!! അത് ചിന്തിക്കുവാന്‍ പോലും കുമാരന്‍ കരുത്തില്ലായിരുന്നു. എന്നാല്‍ നിമിഷങ്ങള്‍ക്കം രാഘവന്‍ നദിയുടെ നടുക്കോളമെത്തിയിരുന്നു. അയാളുടെ പിന്നാലെ നദിയിലേക്ക് ചാടി രാഘവനെ പിടികൂടാന്‍ കഴിയില്ലെന്ന് കുമാരന്‍ മനസ്സിലായി.
‘അയ്യോ… ഓടി വരണേ….” രാഘവന്‍ എന്റെ സ്വത്തെല്ലാം കൊണ്ടുപോയേ… ഓടിവരണേ…” പെട്ടന്ന് ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ട് കുമാരന്‍ കടത്തു കടവിലേക്ക് ഓടി. രാഘവന്‍ നദിയുടെ അക്കരെ നീന്തിയെത്തുന്നതിന്‍ മുമ്പേ കടത്തുവള്ളമെടുത്ത് അയാളെ പിടികൂടുക എന്നതായിരുന്നു കുമാരന്റെ ലക്ഷ്യം. കടത്തു വള്ളത്തില്‍ അയാള്‍ ചാടി കയറി.
“ഇറങ്ങെടോ വള്ളത്തേന്ന്…” പെട്ടന്നാണ്‍ ഇടിമുഴക്കം പോലൊരു ശബ്ദം കേട്ട് കുമാരന്‍ ഞെട്ടിത്തിരിഞ്ഞു നോക്കിയത്. കത്തിജ്വലിക്കുന്ന കണ്ണുകളുമായി പങ്കായവും കൈയ്യിലേന്തി നില്‍ക്കുന്നു മരിച്ചുപോയ ഗോപിയുടെ പതിനാല് വയസ്സുകാരന്‍ മകന്‍ മുരളി..!!! തനിക്കു പകരമായി ഇന്നാട്ടുകാര്‍ തിരഞ്ഞെടുത്ത ഗ്രാമത്തിലെ പുതിയ കടത്തുകാരന്‍…!!! ഈ പാത്രിരാത്രിയില്‍ ഇവനെന്തിന്‍ കടത്തുകടവിലെത്തി? കടത്തുകാരനായ മുരളിയുടെ അനുവാദമില്ലാതെ തനിക്ക് വള്ളത്തില്‍ കയറുവാന്‍ പറ്റില്ല…
താന്‍ മൂലമാണ് മുരളിക്ക് അച്ഛനെ നഷ്ടമായത്..!!! ദിവസങ്ങള്‍ക്ക് മുമ്പ് നെഞ്ചുവേദനയെടുത്ത് പുളഞ്ഞ മുരളിയുടെ അച്ഛന്‍ ഗോപിയെ തക്ക സമയത്ത് അക്കരെയുള്ള ആശുപത്രിയിലെത്തിച്ചിരുന്നെങ്കില്‍ അയാള്‍ ഒരുപക്ഷേ മരിക്കില്ലായിരുന്നു. മുരളിയുടെ കുടുംബത്തോട് താന്‍ ചെയ്തത് വലിയ ക്രൂരതയാണ്. ആ ക്രൂരതയ്ക്ക് ഇപ്പോള്‍ മുരളി തന്നോട് പ്രതികാരം ചെയ്താല്‍ കള്ളന്‍ രാഘവന്‍ സ്വര്‍ണ്ണബിസ്ക്കറ്റുകളുമായി രക്ഷപെടും… അങ്ങനെ സംഭവിച്ചാല്‍ താന്‍ ജീവിച്ചിരുന്നിട്ട് യാതൊരു ഫലവുമില്ലെന്ന് കുമാരന്‍ തോന്നി.……
“മോനേ മുരളി, കഴിഞ്ഞതൊക്കെ നീ മറക്കണം… നീ എന്നോട് പൊറുക്കണമെടാ മോനേ… എന്റെ അറിവില്ലായ്മകൊണ്ട് ഞാന്‍ എന്തൊക്കെയോ ചെയ്തു.. ദൈവത്തെയോര്‍ത്ത് നീ അതൊക്കെ മറക്കണം…” കുമാരന്റെ കണ്ണുകള്‍ നിറഞ്ഞു.
“ദാ കള്ളന്‍ രാഘവന്‍ എനിക്കുള്ളതെല്ലാം തട്ടിപ്പറിച്ചു ദാ അക്കരയ്ക്ക് നീന്തിപ്പോകുന്നത് നീ കണ്ടില്ലേടാ.. അവന്‍ ഒരിക്കിലും രക്ഷപെടരുത് മോനേ… അവന്‍ അക്കരെയെത്തുന്നതിന്‍ മുമ്പ് അവനെ പിടികൂടിയില്ലെങ്കില്‍ ഞാന്‍ ജീവിച്ചിരുന്നിട്ട് ഒരു ഫലോമില്ലെടാ…” കുമാരന്‍ മുരളിയുടെ നേര്‍ക്ക് കൈകൂപ്പി. കുമാരന്റെ കണ്ണുകള്‍ നിറഞ്ഞു കവിയുന്നുണ്ടായിരുന്നു.
‘ഈ ദുഷ്ടനെ വെറുതെ വിട്ടുകൂടാ.. വലിയ ചതിയാണിവന്‍ തന്റെ കുടുംബത്തോട് ചെയ്തത്… തനിക്ക് അച്ഛനെ നഷ്ടമാക്കിയ ഈ ചെകുത്താനോട് പ്രതികാരം ചെയ്യാനുള്ള ഏറ്റവും നല്ല അവസരമാണിത്…” മുരളിയുടെ മനസ്സ് കത്തുകയായിരുന്നു.
“മുരളീ എന്നെ രക്ഷിക്കെടാ മോനേ,,, നിനക്കാവശ്യമുള്ളതെന്തും ഞാന്‍ തരാം.. ആ കള്ളന്‍ രാഘവനെ എങ്ങനെയെങ്കിലും പിടികൂടാന്‍ എന്നെയൊന്ന് സഹായിക്കെടാ കുഞ്ഞേ… നീ ആ വള്ളത്തിന്റെ പങ്കായമിങ്ങ് താ, രാഘവന്‍ അക്കരെയ്ത്തുന്നതിന്‍ മുമ്പ് ഞാനവനെ പിടിച്ചോളാം…” കുമാരന്‍ പൊട്ടിക്കരയുമെന്ന അവസ്ഥയിലായിരുന്നു.
പെട്ടന്നായിരുന്നു അത് സംഭവിച്ചത്…!!!
(അടുത്ത അധ്യായത്തോടു കൂടി ഈ നോവല്‍ അവസാനിക്കുന്നു)
No comments:
Post a Comment