Sunday, August 17, 2008

ഗ്രാമപുരാണം-12

മുരളി പങ്കായമുയര്‍ത്തി സരവ്വശക്തിയും തന്റെ കൈകളില്‍ സംഭരിച്ച് കുമാരനെ അടിച്ചു വീഴ്ത്തി. “അയ്യോ.. എന്നെ ഒന്നും ചെയ്യരുതേ…” വേദനകൊണ്ട് പുളഞ്ഞ കുമാരന്‍ കൈകൂപ്പിക്കൊണ്ട് മുരളിയോട് യാചിച്ചു. പക്ഷേ മുരളി അയാളുടെ നിലവിളിയും, കരച്ചിലും കേട്ടില്ല. മരിച്ചുപോയ തന്റെ അച്ഛനെ മുഖമായിരുന്നു അവന്റെ മനസ്സില്‍ നിറയെ. തന്റെ അച്ഛനെ മരണത്തിന്‍ കാരണക്കാരനായ കുമാരനെ തലങ്ങും, വിലങ്ങും മുരളി തല്ലി.

“അയ്യോ.. എന്നെ കൊല്ലുന്നേ…. ഓടി വരണേ…” കലിപൂണ്ട മുരളി തന്നെ തല്ലിക്കൊല്ലുമെന്ന് മനസ്സിലായ കുമാരന്‍ സര്‍വ്വശകതിയും സംഭരിച്ച് ഉച്ചത്തില്‍ നിലവിളിക്കുവാന്‍ തുടങ്ങി.

“കുഞ്ഞേ… അയാളെ ഇനിയും തല്ലരുത്.. അയാള്‍ ചത്തുപോകും..” കുമാരന്റെ നിലവിളി കേട്ട് ഓടിയെത്തിയവര്‍ ചിലര്‍ മുരളിയുടെ കൈയ്യില്‍ നിന്ന് ബലമായി പങ്കായം പിടിച്ചു വാങ്ങി.

“കൊല്ലും,… ഈ ദുഷ്ടനെ കൊല്ലും ഞാന്‍… എന്റെ പാവം അച്ഛനെ കൊന്നവനാണിവന്…” മുരളി ഒരു ഭ്രാന്തനെപ്പോലെ പുലമ്പി.

“കുഞ്ഞേ,,, ആരെയും കൊല്ലാനും തല്ലാനും അധികാരം നമുക്കില്ല. നിന്റെ കുടുംബത്തോട് ഇയാള്‍ ചെയ്ത തെറ്റിന് ഇയാളെ ശിക്ഷിക്കേണ്ടത് ഈശ്വരനാണ്.. ഈശ്വരന്‍ ഇയാലെ ഇപ്പോള്‍ തന്നെ ശിക്ഷിച്ചു കഴിഞ്ഞു. ഇനിയും ശിക്ഷിക്കുന്നത് നമ്മള്‍ കാണും…” ചിലര്‍ മുരളിയെ ആശ്വസിപ്പിക്കുവാന്‍ ശ്രമിച്ചു.

ഈ സമയം കള്ളന്‍ രാഘവന്‍ നദിയുടെ മറുകരയിലെത്തിയിരുന്നു. ‘എന്റെ പണം… എന്റെ പണം.. അവന്‍ എല്ലാം കൊണ്ടുപോയി…. ഗൊണം പിടിക്കില്ലെടാ പട്ടീ.. ഒരുകാലത്തും നീ ഗൊണം പിടിക്കില്ലെടാ…” രാഘവന്‍ രക്ഷപെട്ടത് കണ്ട് കുമാരന്‍ ഒരു കൊച്ചുകുട്ടിയെപ്പോലെ വിങ്ങിപ്പൊട്ടി കരയുകയും, രാഘവനെ ശപിക്കുകയും ചെയ്തു.

“ങും കന്നിനെപ്പോലെ കെടന്ന് കരയാത് ആള്‍ക്കാര്‍ നെന്നെ തല്ലിക്കൊല്ലുന്നതിന് മുമ്പ് എങ്ങോട്ടെങ്കിലും പോകാന്‍ നോക്കെടാ…” ആരോ കുമാരനോട് പറഞ്ഞു.

“എങ്ങോട്ട് പോകാന്‍…” കുമാരന്‍ ചിന്തിച്ചു. തനിക്കുള്ളതെല്ലാം നഷ്ടമായില്ലേ…? ആദ്യം ഭാര്യ്.. പിന്നെ മകള്‍… പിന്നെ തന്നെ ജീവനുതുല്യം സ്നേഹിച്ച തന്റെ നാട്ടുകാര്‍. ഒടുവിലിതാ തന്റെ സ്വപനങ്ങളെയെല്ലാം ചവുട്ടിമെതിച്ചുകൊണ്ട് സ്വര്‍ണ്ണബിസ്ക്കറ്റുകളുമായി കള്ളന്‍ രാഘവനും പോയി. ഇനിയും തനിക്കെന്തുണ്ട്…? തനിക്കാരുണ്ട്….? താന്‍ എങ്ങോട്ട് പോകും…? ആര്‍ക്കും വേണ്ടാത്തവനായി താന്‍… ഒന്നുമില്ലാത്തവനായി തീര്‍ന്നു താന്‍… എല്ലാം തന്റെ തെറ്റാണ്‍.. എല്ലാം…

കുറ്റബോധം കൊണ്ട് തന്റെ നെഞ്ച് പൊട്ടിപ്പോകുമെന്ന് കുമാരന്‍ തോന്നി. അയാള്‍ പൊട്ടിക്കരഞ്ഞു. പെട്ടന്നയാള്‍ പൊട്ടിച്ചിരിക്കുവാന്‍ തുടങ്ങി. കടത്തുകടവില്‍ കൂടി നിന്നവര്ക്ക് ഒന്നും മനസ്സിലായില്ല. കുമാരന്റെ ഭാവമാറ്റം കണ്ട് അവര്‍ മുഖത്തോട് മുഖം നോക്കി.

അതെ. കുമാരന്റെ സമനില തെറ്റുകയായിരുന്നു.
“എന്താ നിങ്ങളെന്നെ തുറിച്ച് നോക്കുന്നെ…. നെങ്ങള്‍ക്കെന്നെ അറിയില്ലേ.. ഞാന്‍ കോടീശ്വരനാ…. കോടീശ്വരന്‍ കുമാരന്‍… ദാ, എന്റ്യീ കീശയിലെ നെറയെ സ്വര്‍ണ്ണമാ.. വെറും സ്വര്‍ണ്ണമല്ല… പത്തരമാറ്റുള്ള സ്വര്‍ണ്ണക്കട്ടികള്‍…”

തന്റെ ഉടുപ്പിന്റെ കീശയില്‍ കൈയ്യിട്ടുകൊണ്ട് തനിക്കു ചുറ്റും കൂടി നിന്നവരോടായി കുമാരന്‍ പറഞ്ഞു. ആള്‍ക്കാര്‍ക്ക് ഒന്നും മനസ്സിലായില്ല. എന്നാല്‍ കീശയില്‍ നിന്ന് ഒന്നും കിട്ടാതെ വന്നപ്പോള്‍ പൊട്ടിക്കരഞ്ഞുകൊണ്ട് കുമാരന്‍ കീശ വലിച്ചു കീറി…

“കോടീശ്വരന്‍ കുമാരന്‍ വെറും തെണ്ടിയായേ.. വെറും തെണ്ടി…” ഇരുട്ടിലൂടെ കുമാരന്‍ പൊട്ടിക്കരഞ്ഞുകൊണ്ടും, പൊട്ടിച്ചിരിച്ചു കൊണ്ടും എങ്ങോട്ടെന്നില്ലാതെ ഓടി. ഓട്ടത്തിനിടയില്‍ അയാള്‍ മറിഞ്ഞു വീഴുന്നുണ്ടായിരുന്നു. പക്ഷേ അതൊന്നും വകവയ്ക്കാതെ അയാള്‍ വളരെ പ്രയാസപ്പെട്ട് എഴുന്നേല്‍ക്കും… പിന്നെയും ഓടും…

അന്ന് രാത്രിയില്‍ ഞങ്ങളുടെ ഗ്രാമത്തില്‍ ഒരു ഭ്രാന്തന്‍ ജനിക്കുകയായിരുന്നു. കുമാരനെന്ന് ഭ്രാന്തന്‍. രാത്രിയെന്നോ. പകലെന്നോ വ്യത്യാസമില്ലാതെ ഞങ്ങളുടെ ഗ്രാമത്തിലൂടെ ഭ്രാന്തന്‍ കുമാരന്‍ പൊട്ടിച്ചിരിച്ചും, പൊട്ടിക്കരഞ്ഞും. അലറിവിളിച്ചും നടന്നു..

ദിവസങ്ങള്‍ കഴിഞ്ഞതോടു കൂടി അയാളുടെ രൂപത്തിന്‍ പോലും വളരെയധികം മാറ്റം സംഭവിച്ചു കഴിഞ്ഞിരുന്നു. കീറിപ്പറിഞ്ഞ വസ്ത്രങ്ങളും ധരിച്ച്, നീണ്ടു വളര്‍ന്ന് താടിയും, മുടിയും, ശരീരത്തിന്റെ പല ഭാഗങ്ങളിലായി പൊട്ടിയൊലിക്കുന്ന വ്രണവുമായി ഞങ്ങളുടെ ഗ്രാമത്തിലൂടെ പൊട്ടിച്ചിരിച്ചും, കരഞ്ഞും നടക്കുന്ന കുമാരനെ കണ്ട് ഞങ്ങള്‍ സഹതപിച്ചു. ഞങ്ങളില്‍ മനസാക്ഷിയുള്‍ലവര്‍ പലരും ചിലപ്പോള്‍ അയാള്‍ക്ക് ഭക്ഷണം നല്‍കും. ചിലപ്പോള്‍ കുമാര്ന്‍ ആ ഭക്ഷ്ണം ആര്‍ത്തിയോടെ കഴിക്കും. മറ്റുചിലപ്പോള്‍ ദേഷ്യത്തോടെ വലിച്ചെറിയും. ഞങ്ങളുടെ ഗ്രാമത്തിലെ കുട്ടികള്‍ക്കാണെങ്കില്‍ കുമാരനെ കാണുന്നതു തന്നെ ഒരു രസമായിരുന്നു. അവര്‍ ആര്‍പ്പു വിളിച്ചുകൊണ്ട് അയാളെ നാടു മുഴുവന്‍ ഒടിക്കുകയും, കല്ലെടുത്ത് എറിയുകയും, തല്ലുകയുമൊക്കെ ചെയ്തു.

‘ദേ മിണ്ടരുത്.. ഭ്രാന്തന്‍ കുമാരന്‍ പിടിച്ചു കൊടുക്കും…” കുസ്യതികള്‍ കാട്ടുന്ന കൊച്ചുകുട്ടികളെ അമ്മമാര്‍ ഭീഷണിപ്പെടുത്താറുണ്ടായിരുന്നു. കുമാരന്റെ പേര്‍ കേട്ടാല്‍ മതി മുലകുടി മാറാത്ത ആ കുട്ടികള്‍ പെട്ടന്ന് അമ്മയുടെ നെഞ്ചിലൊളിക്കും.

ഒരു ദിവസം ഞങ്ങളുടെ ഗ്രാമത്തില്‍ നിന്ന് കുമാരന്‍ എവിടെയോ അപ്രത്യക്ഷനായി. കുമാരന്‍ എങ്ങോട്ട് പോയെന്നോ, എവിടെയുണ്ടെന്നോ ഞങ്ങളാരും അന്വേഷിച്ചില്ല. ‘ നാട്ടില്‍ നിന്ന് ഒരു ഭ്രാന്തന്റെ ശല്യം ഒഴിവായല്ലോ..’ എന്ന ആശ്വാസമായിരുന്നു ഞങ്ങളില്‍ പലര്‍ക്കും..

എന്നാല്‍ അന്ന് പമ്പാനദിയില്‍ മത്സ്യങ്ങള്‍ തിന്ന് വിക്യതമാക്കിയ ഒരു ശവശരീരം പൊങ്ങിക്കിടക്കുന്നത് ഞങ്ങള്‍ ഗ്രാമീണര്‍ കണ്ടു. അത് കുമാരന്റെ ശവശരീരമാണെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ ഞങ്ങള്‍ തിരിച്ചറിഞ്ഞിരുന്നു.

ഭ്രാന്തന്‍ കുമാരന്റെ മരണം ഞങ്ങള്‍ ഗ്രാമീണരില്‍ യാതൊരു സഹതാപവുമുണ്ടാക്കിയില്ലെങ്കിലും ഒരിക്കല്‍ തങ്ങളെ ജീവനു തുല്യം സ്നേഹിച്ച, തങ്ങള്‍ക്കൊപ്പം കിന്നാരം പറഞ്ഞ് വളര്‍ന്ന കുമാരനെന്ന പാവം കടത്തുകാരനെയോര്‍ത്ത് പമ്പാനദിയിലെ കാറ്റും, കുഞ്ഞോളങ്ങളും അപ്പോള്‍ പൊട്ടിക്കരയുകയായിരുന്നു.....

(അവസാനിച്ചു…)

1 comment:

akberbooks said...

കുഞ്ഞുകഥാമത്സരത്തേക്കുറിച്ചറിയാന്‍
http://akberbooks.blogspot.com/2008/08/blog-post_6363.html