കുട്ടിക്കാലത്തെ ഒരോണക്കാലം... ഞാന്‍ നാലാം ക്ലാസില്‍ പഠിക്കുന്ന പ്രായം...
മഴക്കാലം മാറി ആകാശം തെളിഞ്ഞു.. പൂക്കളും, പൂത്തുമ്പികളും എവിടെയും നിറഞ്ഞു. ഓണക്കാലം വന്നെത്തുകയായിരുന്നു.പള്ളിക്കൂടത്തില്‍ പോകുന്നതിന് മുമ്പ് ഓണം എന്താണെന്നും, ഓണത്തിന്റെ അര്‍ത്ഥം എന്താണെന്നും ഞാനുള്‍പ്പെടെയുള്ള കുട്ടികള്‍ക്കൊന്നും അറിയില്ലായിരുന്നു. അന്ന് ഓമനയമ്മ ടിച്ചറാണ് ഓണത്തിനെക്കുറിച്ചും, ഓണത്തിന്റെ ഉത്ഭവത്തെക്കുറിച്ചുമുള്ള കഥകള്‍ ഞങ്ങള്‍ക്ക് കുട്ടികള്‍ക്ക് പറഞ്ഞു തന്നത്.
'പാവം മഹാബലി. നല്ലവനായ മഹാബലി തമ്പുരാനെ വാമനന്‍ പാതാളത്തിലേക്ക് ചവുട്ടു താഴ്ത്തിയത് ഒട്ടും ശരിയായില്ല.’ മഹാബലിയുടെ കഥ കേട്ടു കഴിഞ്ഞപ്പോള്‍ അന്നെനിക്ക് മാവേലി തമ്പുരാനോട് എന്തെന്നില്ലാത്ത സഹതാപം തോന്നി.
“മാവേലി നാടു വാണിടും കാലം……മാനുഷ്യരെല്ലാരുമൊന്നു പോലെ…….”
ഓമനയമ്മ ടീച്ചര്‍ പാടി തന്ന പാട്ട് ഞങ്ങളേറ്റു പാടി.നല്ല രസമായിരുന്നു അന്നത്തെ ഓണക്കാലം, പൂവും, പൂത്തുമ്പിയും, പൂക്കളവുമൊക്കെ ഓണത്തിന്റെ മാറ്റ് കൂട്ടിയിരുന്നു. അത്തം പിറന്നതോടു കൂടി ഞാനും കൊച്ചേട്ടനും ഗ്രാമത്തിലെ മറ്റ് കുട്ടികള്‍ക്കൊപ്പം ഓടി നടന്ന് വിവിധ നിറത്തിലുള്ള, തരത്തിലുള്ള പൂക്കള്‍ ശേഖരിക്കും. കൊച്ചേട്ടനും, ചേച്ചിയും ചേര്‍ന്നാണ് വീട്ടിന്റെ മുറ്റത്ത് മനോഹരമായ പൂക്കളമിട്ടത്…
അത്തം മുതല്‍ തിരുവോണം വരെ വീട്ടുമുറ്റത്ത് മനോഹരമായ പൂക്കളമൊരുക്കിയിരുന്നു..ഉത്രാട ദിവസം അപ്പച്ചനും, അമ്മച്ചിയും ചെങ്ങന്നൂര്‍ ചന്തയില്‍ പോയി തിരുവോണത്തിനേക്കുള്ള പച്ചക്കറികളും മറ്റും വാങ്ങി വന്നു. ഒപ്പം അപ്പച്ചന്റെ വക ഓണക്കോടിയും ഞങ്ങള്‍ മക്കള്‍ക്കെല്ലാം അന്ന് കിട്ടി… ഉത്രാട ദിവസത്തിന്റെന്ന് വൈകുന്നേരം അമ്മ ഉപ്പേരിയും, പരിപ്പു വടയുമൊക്കെ വീട്ടിലുണ്ടാക്കി ഞങ്ങള്‍ക്ക് തന്നു. ആ ഉപ്പേരിക്കും, പരിപ്പു വടയ്ക്കുമൊക്കെ എന്തൊരു സ്വാദായിരുന്നു.
തിരുവോണം.
മാവേലി തമ്പുരാന്‍ തന്റെ പ്രജകളെ കാണുവാന്‍ പാതാളത്തില്‍ നിന്ന് വരുന്ന ദിവസം.. എവിടെയും സന്തോഷം മാത്രം… രാവിലെ തന്നെ ഞാന്‍ കുളിച്ചൊരുങ്ങി ഓണക്കോടിയുമൊക്കെയണിഞ്ഞ് വീട്ടിലും, തൊടിയിലുമൊക്കെ ഓടി നടന്നു…അന്ന് ഉച്ചയ്ക്ക് തൂശനിലയില്‍ വിളമ്പിയ ഓണസദ്യയുമൊക്കെ കഴിഞ്ഞ് ഞങ്ങളെല്ലാവരും കൂടി വീടിന്റെ ഉമ്മറത്ത് കുറെ നേരം തമാശകള്‍ പറഞ്ഞിരിരുന്നു. തൊട്ടടുത്ത വീട്ടില്‍ തിരുവാതിരയും, തുമ്പികളിയുമൊക്കെ നടക്കുന്നുണ്ടായിരുന്നു. ചേച്ചിയും, അമ്മച്ചിയും അങ്ങോട്ട് പോയി.വല്യേട്ടന്റെ പ്രായക്കാരായ ചില കുട്ടികള്‍ ‘കടുവ‘ കളി സംഘടിപ്പിച്ചിരുന്നു. വല്യേട്ടനെയാണ് കടുവയായി എല്ലാവരും ചേര്‍ന്ന് അണിയിച്ചൊരുക്കിയത്.
‘കൂവയിലകള്‍ കൊണ്ട് വല്യേട്ടന്റെ ശരീരമൊക്കെ കൂട്ടുകാരൊക്കെ ചേര്‍ന്ന് പൊതിഞ്ഞു. കവുങ്ങിന്‍ പാളയില്‍ കടുവയുടെ മുഖം വരച്ച് വല്യേട്ടന്റെ മുഖത്ത് കെട്ടി. ആരും കണ്ടാല്‍ വല്യേട്ടനെ തിരിച്ചറിയില്ല.
“കടുവാ വരുന്നേ…
അയ്യയ്യോ…
പിടിച്ചുകെട്ടോ….
അയ്യയ്യോ….
പുള്ളിക്കടുവാ
അയ്യയ്യോ…
വീരന്‍ കടുവ…
അയ്യയ്യോ…
കടുവാ….. വരുന്നേ….
കടുവയോടൊപ്പം ആര്‍ത്തു വിളിച്ചും, പാട്ടു പാടിയും, തകരപ്പാട്ടയില്‍ കൊട്ടി വലിയ ശബ്ദമുണ്ടാക്കിയും ഞങ്ങള്‍ അമ്പതോളം വരുന്ന കുട്ടികള്‍ പ്രയാറ്റിലെ ഓരോ വീടുകളിലും കയറിയിറങ്ങി. ചിലര്‍ ഞങ്ങള്‍ക്ക് ഉപ്പേരിയും, മറ്റു ചിലര്‍ പൈസയും തന്നു…അങ്ങനെ കടുവയും കൂട്ടരും ആര്‍ത്തട്ടഹസിച്ച് കൊച്ചുപുരയ്ക്കല്‍ പിള്ളച്ചേട്ടന്റെ വീട്ടിലെത്തിയപ്പോഴാണ് അത് സംഭവിച്ചത്..
പിള്ളച്ചേട്ടന്‍ ഒരു പശുവുണ്ടായിരുന്നു. ഞങ്ങളുടെ ആര്‍പ്പു വിളിയും, പാട്ടും കൂത്തുമൊക്കെ കേട്ട് മുറ്റത്ത് തെങ്ങില്‍ കെട്ടിയിരുന്ന പശു ശരിക്കും വിരണ്ടു പോയി. പശു തെങ്ങിന്‍ ചുറ്റും ഓടി നടന്ന് അമറുകയും, കയറു പൊട്ടിക്കുവാന്‍ ശ്രമം നടത്തുകയും ചെയ്യുന്നുണ്ടായിരുന്നു.. ചില കുട്ടികളക്ക് പശുവിന്റെ ഈ പരാക്രമം കണ്ട് രസം കയറി. അവര്‍ പശുവിനെ കൂടുതല്‍ പ്രകോപിതയാക്കി. പെട്ടന്നാണ് പശു കയറു പൊട്ടിച്ചത്.. എല്ലാവരും വിരണ്ടുപോയി. എങ്ങനെയോ ഞാന്‍ പശുവിന്റെ മുന്നിലകപ്പെട്ടു. ഓടി രക്ഷപെടുവാനുള്ള തത്രപ്പാടിനിടയില്‍ വലിയ കൊമ്പുള്ള ആ പുള്ളി പശു എന്ന് കോരിയെടുത്ത് ദൂരേക്ക് ഒരേറു കൊടുത്തു…
"അമ്മേ…..” ഞാന്‍ നിലവിളിച്ചുകൊണ്ട് തെറിച്ചു വീണത് ചാണക കുഴിയിലേക്കാണ്…” എന്റെ വായിലും, വസ്ത്രത്തിലും എന്നു വേണ്ട ശരീരം മുഴുവന്‍ ചാണകം.. എന്നെ മറ്റാര്‍ക്കും തിരിച്ചറിയാന്‍ വയ്യാത്ത അവസ്ഥ.ഒരു നിമിഷം പകച്ചു പോയ മറ്റുള്ളവര്‍ എന്റെ രൂപം കണ്ട് പൊട്ടിച്ചിരിക്കുവാന്‍ തുടങ്ങി. ഞാനപ്പോള്‍ വിങ്ങിപ്പൊട്ടി കരയുകയായിരുന്നു..
നാണക്കേടോ, അല്ലെങ്കില്‍ കാത്ത് കാത്തിരുന്ന നല്ലൊരു ഓണം ചാണകത്തിലായതിന്റെ സങ്കടമോ ആര്‍ക്കും എന്നെ ആശ്വസിപ്പിക്കുവാന്‍ കഴിഞ്ഞില്ല…
3 comments:
അതു കലക്കീ..ചാണകത്തിലാറാടിയ പൊന്നിന്‍ തിരുവോണം..ആ പശുവിനെ പാട്ട് പാടി വിറളി പിടിപ്പിക്കേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ..നല്ലയിനം പശുക്കള്‍ തൊഴുത്തില്‍ പാട്ട് വെച്ചു കൊടുത്താല്‍ , ആ സംഗീതം കേട്ടാല്‍ പാലു കൂടുതല്‍ തരുമെന്നാ ഞാന്‍ കേട്ടിരിക്കുന്നേ..അപ്പോള്‍ ഇങ്ങനെ ഒരു കൊലച്ചതി ആ പശു ചെയ്യണമെങ്കില്‍ നിങ്ങളുടെ പാട്ടിന്റെ രാഗം ഏതായിരുന്നിരിക്കും ?
ഓര്‍മ്മകള്‍ നന്നായീ ട്ടോ.
:)
എന്നാലും അപ്പോള്‍ സാബുവിനെ കാണാന്‍ എന്തു ഭംഗിയായിരുന്നിരിക്കാം...ഹ ഹ...
അങ്ങനെ ആ പശു അതിന്റെ ജീവിതത്തില്‍ ഒരു നല്ല കാര്യം ചെയ്ത സന്തോഷം ആഘോഷിച്ചിരിക്കാം...
Post a Comment