Thursday, September 18, 2008

പ്രവാസികളുടെ പ്രവാചകന്‍-1

ചരിത്ര നോവല്‍ ആരംഭിക്കുന്നു
ജോസഫ് ഈജിപ്തിലെ ഗവര്‍ണ്ണരായിരിക്കുമ്പോഴാണ് അന്ന് ഈജിപ്ത് ഭരിച്ചിരുന്ന ഫറവോന്റെ നിര്‍ദ്ദേശപ്രകാരം കനാന്‍ ദേശത്ത് നിന്ന് ജോസഫിന്റെ പിതാവായ യാക്കോബും, സഹോദരങ്ങളായ രൂബേന്‍, ശിമയോന്‍, ലേവി, യെഹൂദ, യിസാഖാര്‍, സെബൂലൂന്‍, ബെന്യാമിന്‍, ദാന്‍, നഫ്താലി, ഗാദ്, ആശേര്‍ എന്നിവരും അവരുടെ ഭാര്യമാരും മക്കളും അടങ്ങിയ എഴുപതംഗ കുടുംബം ഈജിപ്തിലെത്തുന്നത്.

ലോകം മുഴുവന്‍ ക്ഷാമം നേരിട്ട കാലത്തുപോലും ഈജിപ്തിനെ ഐശ്വര്യത്തിലേക്കും, സമ്പത്സമ്യദ്ധിയിലേക്കും നയിച്ച തന്റെ വിശ്വസ്തനായ ജോസഫിനോടുള്ള സ്നേഹവും, ആദരവും കണക്കിലെടുത്ത് ഫറവോന്‍ തന്നെയാണ് ജോസഫിന്റെ പിതാവും, സഹോദരങ്ങളും അടങ്ങിയ കുടുംബത്തിന്‍ തന്റെ രാജ്യത്തെ ഏറ്റവും സമ്പത്സമ്യദ്ധമായ ഗോശാന്‍ ദേശത്ത് താമസിക്കുവാന്‍ അനുമതി നല്‍കിയത്..

പാരമ്പര്യമായി ആട്ടിടയന്മാരായ യാക്കോബിന്റെ കുടുംബത്തിന് തങ്ങളുടെ ആടുകളെ
മേയ്ക്കുവാനും, ക്യഷി ചെയ്യുവാനും പറ്റിയ സ്ഥലമായിരുന്നു ഗോശാന്‍ ദേശം. അവര്‍ അവിടെ
ആടുമേയിച്ചും, ക്യഷിചെയ്തും ജീവിച്ചു. ദൈവം അവരെ സന്താന സമ്പത്തിലൂടെയും, ക്യഷി
സമ്പത്തിലൂടെയും, മ്യഗസമ്പത്തിലൂടെയും അനുഗ്രഹിച്ചു.

വര്‍ഷങ്ങള്‍ പലതും കഴിഞ്ഞു കൊണ്ടിരുന്നു. ജോസഫും അതുപോലെ ഈജിപ്തിലെത്തിയ
യാക്കോബും, അദ്ദേഹത്തിന്റെ മക്കളും കാലയവനികയ്ക്കുള്ളീല്‍ മറഞ്ഞു. അവരുടെ സന്തതികളെ
ഇസ്രായേല്‍ മക്കള്‍ (ജനം) എന്നറിയപ്പെട്ടു. ഇസ്രായേല്‍ മക്കള്‍ ഈജിപ്തില്‍ പെറ്റുപെരുകിക്കൊണ്ടിരുന്നു.

“ഞാന്‍ നിന്റെ സന്തതികളെ, കടല്‍ത്തീരത്തെ മണല്‍ത്തരിപോലെയും, ആകാ‍ശത്തിലെ
നക്ഷത്രങ്ങള്‍പ്പോലെയും വര്‍ദ്ധിപ്പിക്കും..” ഇസ്രാ‍യേല്‍ ജനങ്ങളുടെ പൂര്‍വ്വപിതാക്കന്മാരും അതിലുപരി
തന്റെ പ്രിയപ്പെട്ട ദാസന്മാരുമായ അബ്രഹാമിനോടും, ഇസഹാക്കിനോടും, യാക്കോബിനോടും ദൈവം
ചെയ്ത വാഗദ്ധാനമായിരുന്നു അത്.

ഈജിപ്തിലെ പ്രവാസികളായ ഇസ്രായേല്‍ മക്കളിലൂടെ ദൈവം തന്റെ ദാസന്മാരോട് അരുളി ചെയ്ത
വാഗ്ദ്ധാനം നിറവേറ്റുകയായിരുന്നു. അതെ. കാലം സാക്ഷി നില്‍ക്കെ അവരിലൂടെ വലിയൊരു ജനതയെ
ദൈവം സ്യഷ്ടിക്കുകയായിരുന്നു. നൂറ്റാണ്ടുകള്‍ കഴിഞ്ഞതോടു കൂടി ഈജിപ്തില്‍ ഇസ്രായേല്‍ ജനങ്ങളുടെ
എണ്ണം ലക്ഷങ്ങള്‍ കവിഞ്ഞു. സമ്പത്തു കൊണ്ടും ആള്‍ ബലം കൊണ്ടും അവര്‍ വലിയൊരു ശക്തിയായി
ഈജിപ്തുകാരേക്കാള്‍ മുന്നിലെത്തുകയും ചെയ്തു.

ഇക്കാലയളവില്‍ ഈജിപ്തിലെ ഭരണരംഗത്തും ഒട്ടേറെ മാറ്റങ്ങള്‍ സംഭവിച്ചിരുന്നു. ഒരു കാലത്ത് ഈജിപ്തിനെ സമ്പത്സമ്യദ്ധിയിലേക്ക് നയിച്ച ജോസഫിനെ അറിയാത്തൊരു ഫറവോനായിരുന്നു അക്കാലത്ത് ഈജിപ്ത് ഭരിച്ചിരുന്നത്. മാത്രമല്ല മുന്‍ കാലങ്ങളില്‍ ഈജിപ്തു ഭരിച്ച മറ്റ് ഫറവോന്മാരെ പ്പോലെയായിരുന്നില്ല അദ്ദേഹം. ദുഷ്ടനും, കഠിനഹ്യദയനുമയിരുന്നു അയാള്‍. ഇസ്രായേല്‍ മക്കളുടെ ക്രമാതീതമായ ജനസംഖ്യാ വര്‍ദ്ധനവ് ഫറവോനെ വല്ലാതെ അലട്ടിയിരുന്നു,

സമ്പത്തു കൊണ്ടും. ആള്‍ബലം കൊണ്ടു ഈജിപ്തുകാരെക്കാള്‍ മുന്നില്‍ നില്‍ക്കുന്ന പ്രവാസികളായ ഇസ്രായേല്യര്‍ ഒരുപക്ഷേ ഈജിപ്തിന്റെ ശത്രുരാജ്യങ്ങള്‍ക്കൊപ്പം നിന്ന് തങ്ങള്‍ക്കെതിരെ യുദ്ധം ചെയ്യുമെന്ന് പോലും അദ്ദേഹം ഭയന്നു.

അങ്ങനെ സംഭവിച്ചാല്‍…? മനസ്സിനുള്ളിലെ ആ ഭയം ഫറവോനെ വല്ലാതെ നിരാശനാക്കി.
ആദ്ദേഹത്തിന്‍ ഊണും, ഉറക്കവും നഷ്ടമായി. “ഇസ്രായെല്യരുടെ ജനസംഖ്യാ വര്‍ദ്ധനവ് എങ്ങനെയെങ്കിലും
തടഞ്ഞേ മതിയാവൂ…” ഇസ്രായെല്യരുടെ വളര്‍ച്ചയില്‍ അസൂയ പൂണ്ട ഫറവോന്‍ തന്റെ രാജ്യത്തെ
ഭരണതന്ത്രജ്ഞരുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു.

“അങ്ങ് പറഞ്ഞത് തികച്ചും ശരിയാണ്…” ഇസ്രായേല്‍ ജനം നമുക്കൊരു ഭീഷണി തന്നെയാണ് പ്രഭോ…” അവര്‍ ഫറവൊനെ പിന്താങ്ങി…

“പക്ഷേ അതിന് നാം ഉടന്‍ തന്നെ ഒരു വഴി കണ്ടെത്തിയേണ്ടിയിരിക്കുന്നു.. ഈജിപ്തില്‍ ഇപ്പോള്‍ അവര്‍
ആസ്വദിക്കുന്ന സുഖസുന്ദരമായ അവരുടെ ജീവിതം നാം ദുരിതപൂരിതമാക്കണം…” ഫറവോന്‍ കല്പിച്ചു.

“അങ്ങ് പറഞ്ഞത് തികച്ചും ശരിയാണ്.. പക്ഷേ യിസ്രായെല്യരെ ഈ രാജ്യത്തു നിന്ന് ആട്ടിപ്പായിക്കുന്നതോ,
അവര്‍ ഈ രാജ്യം വിട്ടു പോകുന്നതോ ഇപ്പോഴത്തെ സാഹചര്യത്തില്‍ നമ്മുടെ രാജ്യസുരക്ഷയ്ക്കും,
രാജ്യപുരോഗതിക്കും കൂടുതല്‍ ഭീഷണിയാകും. അതുകൊണ്ട് അവര്‍ക്കെതിരെയുള്ള നമ്മുടെ ഒരോ
പ്രവ്യത്തിയും എപ്പോഴും വളരെ കരുതലോടു കൂടിയായിരിക്കണം…“ ഭരണതന്ത്രജ്ഞര്‍ ഫറവോന്‍
മുന്നറിയിപ്പ് നല്‍കി.

“ഇല്ല.. ഒരിക്കലും അവര്‍ നമ്മുടെ രാജ്യം വിട്ടുപോകാന്‍ നാം അനുവദിച്ചു കൂടാ. പകരം അവരെ
നമ്മുടെ അടിമകളാക്കി അവരുടെ ആരോഗ്യത്തെയും, കഴിവിനെയും പരമാവധി ചൂഷണം ചെയ്ത് ഈ
രാജ്യത്തെ സകല്‍ കഠിന ജോലികളും അവരെക്കൊണ്ട് നാം ചെയ്യിപ്പിക്കണം…” അവസാനം ഫറവോന്‍
ഉത്തരവിട്ടു.

ഇസ്രായേല്‍ ജനത്തിന്റെ ദുരിത പൂര്‍ണ്ണമായ ജീവിതം അവിടെ ആരംഭിക്കുകയായിരുന്നു. ഈജിപ്തിലെ
സന്തോഷപൂര്‍ണ്ണമായ അവരുടെ ജീവിതത്തിന്‍ കടിഞ്ഞാണിട്ടുകൊണ്ട് ഫറവോന്റെ കല്പനപ്രകാരം
ഈജിപ്ത്തിലെ വയലുകളിലും, ഇഷ്ടിക കളങ്ങളിലും രാവെന്നോ, പകലെന്നോ വ്യത്യാസമില്ലാതെ
എല്ലുമുറിയെ പണിചെയ്യാന്‍ ആബാലവ്യദ്ധം ജനങ്ങളും വിധിക്കപ്പെട്ടു. രാജകല്പന ലംഘിക്കുവാനോ,
ചോദ്യം ചെയ്യുവാനോ ആര്‍ക്കും കഴിയുമായിരുന്നില്ല. അതികഠിനമായി ജോലി ചെയ്തിട്ടും കൊടിയ
പീഡനങ്ങള്‍ക്ക് പലരും ഇരയായി. കന്നുകാലികളെപ്പോലെ രാവെന്നോ, മഴയെന്നോ വ്യത്യാസമില്ലാതെ
എല്ലുമുറിയെ കഷ്ടപ്പെടുന്ന ഇസ്രയേല്‍ ജനതയുടെ കണ്ണുനീരും, തേങ്ങലും കാണുന്നതുപോലും
ഈജിപിതുകാര്‍ക്ക് വിനോദമായിരുന്നു...

എന്നാല്‍ ഭാരിച്ച ജോലികള്‍ നല്‍കി ഇസ്രായേല്‍ ജനങ്ങളെ കഷ്ടപ്പെടുത്തി അവരുടെ വംശത്തെ ക്രമേണ
നശിപ്പിക്കാമെന്ന് കരുതിയ ഫറവോനും കൂട്ടര്‍ക്കുമാണ് തെറ്റു പറ്റിയത്. ഈജിപ്തുകാര്‍ ശാരീരികമായി
എത്രമാത്രം കഷ്ടപ്പെടുത്തുന്നുവോ, അതിലിരട്ടിയായി ഇസ്രയേല്‍ ജനത മാനസികമായി ശക്തി
പ്രാപിച്ചുകൊണ്ടിരുന്നു. മാത്രമല്ല ദൈവം അവരെ കൂടുതലായി അനുഗ്രഹിക്കുകയും, കണക്കില്ലാത്ത
സന്താനവര്‍ദ്ധനവ് നല്‍കുകയും ചെയ്തു. ഇത് രാജാവായ ഫറവോനെയും കൂട്ടരെയും
കൂടുതല്‍ ഭയപ്പെടുത്തുകയും, ആശങ്കാകുലരാക്കുകയും ചെയ്തു.

(തുടരും...)

No comments: