“പ്രഭോ ഇസ്രയേല്‍ ജനത്തിന്റെ വംശവര്‍ദ്ധനവ് തടയുവാന്‍ നമ്മള്‍ക്ക് ഇനിയും സാധിച്ചിട്ടില്ല. നല്ല ആരോഗ്യവും, സൌന്ദര്യവുമുള്ള ആണ്കുട്ടികളെയാണ് ഇസ്രായേല്യ സ്ത്രീകള്‍ പ്രസവിക്കുന്നത്. ആ ആണ്‍കുട്ടികളാനെങ്കില്‍ എത്രപെട്ടന്നാണ് ആരോഗ്യത്തോടെ വളര്‍ന്ന് വലുതാകുന്നത്…? ഇങ്ങനെ വളരുന്ന ആ ആണ്‍കുട്ടികളാണെങ്കില്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ നമ്മുടെ രാജ്യത്തിന്‍ വലിയൊരു ഭീഷണിയായി തീരും എന്നതില്‍ യാതൊരു സംശയവുമില്ല….” ഈജിപ്തിലെ ചാരന്മാര്‍ ഫറവോന്‍ മുന്നറിയിപ്പു നല്‍കി.
"ഇസ്രായേല്യര്‍ക്ക് ജനിക്കുന്ന ആണ്‍കുട്ടികള്‍ ഒരിക്കലും വളര്‍ന്നു കൂടാ, പ്രസവ സമയത്തു തന്നെ നാം
അവരെ ഇല്ലാതാക്കണം… അതിനെന്താണൊരു വഴി…” ഫറവോന്‍ ചിന്താകുലനായി.
“അസാധ്യമായത് ഈ ലോകത്തിന്‍ എന്തുണ്ട് പ്രഭോ…” അങ്ങ് വിഷമിക്കേണ്ട.. എല്ലാത്തിനും ഒരു വഴിയുണ്ട്…” പണ്ഢിതന്മാര്‍ ഫറവോനെ ആശ്വസിപ്പിച്ചു.
“പറയൂ….എന്താണിതിനൊരു വഴി…“ ഫറവോന്‍ ആകാംക്ഷഭരിതനായി…
“പറയാം… അതായത് ഇസ്രായേല്യ സ്ത്രീകളുടെ പ്രസവമെടുക്കുന്നതും, അവര്‍ക്ക് പ്രസവചികിത്സകള്‍ നല്കുന്നതു സിപ്രായെന്നും, പൂവായെന്നും പേരായ അവരുടെ വംശക്കാരായ രണ്ട് സ്ത്രീകളാണ്‍… അവരെ എങ്ങനെയിങ്കിലും നമ്മള്‍ വശത്താക്കണം…”
“നല്ല ആശയം തന്നെ… ഇസ്രായെല്യ സ്ത്രീകള്‍ പ്രസവിക്കുന്നത് ആണ്‍കുട്ടികളാണെങ്കില്‍ പ്രസവ സമയത്തു തന്നെ അതിനെ കൊല്ലാന്‍ ആ വയറ്റാട്ടികള്‍ക്ക് നാം നിര്‍ദ്ദേശം നല്‍കുന്നു… ആരവിടെ വേഗം ആ സ്ത്രികളെ നമ്മുടെ മുന്നില്‍ ഹാജരാക്കൂ…“ സന്തോഷവാനായ ഫറവോന്‍ കല്പിച്ചു. രാജകല്പന കേട്ട രാജകിങ്കരന്മാര്‍ .സിപ്രായെയും, പൂവായെയും കണ്ടെത്തി ഫറവോന്റെ മുന്നിലെത്തിച്ചു.
"ഇസ്രായെല്യ സ്ത്രീകള്‍ക്ക് ജനിക്കുന്നത് ആണ്കുട്ടികളെ നിങ്ങള്‍ വളരെ രഹസ്യമായി പ്രസവസമയത്തു തന്നെ ശ്വാസം മുട്ടിച്ചു കൊല്ലണം.. എന്നാല്‍ അവര്‍ക്ക് ജനിക്കുന്നത് പെണ്കുട്ടികളാണെങ്കില്‍ അവ ജീവനോടു കൂടിയിരിക്കട്ടെ…“ രാജകല്പന കേട്ട് സിപ്രായും, പൂവയും ഞെട്ടിപ്പോയി. പക്ഷേ രാജകല്പനയല്ലേ… മറുത്തൊരക്ഷരം പറയുവാന്‍ അവര്‍ക്ക് സാധിക്കുകയില്ലല്ലോ…
“നിങ്ങള്‍ ഒന്നും കൊണ്ടും ഭയപ്പെടേണ്ട ആവശ്യമില്ല. എല്ലാം വളരെ രഹസ്യമായിരിക്കും. ആരും നിങ്ങളെ സംശയിക്കുകയുമില്ല.. മാത്രമല്ല നമ്മുടെ കല്പന അനുസരിച്ചാല്‍ നിങ്ങളെ കാത്തിരിക്കുന്നത് വലിയ സൌഭാഗ്യങ്ങളായിരിക്കും.. ധനം, വസ്തു വകകള്‍, വീട്, ആഭരണങ്ങള്‍ എന്നു വേണ്ട നിങ്ങള്‍ എന്താവശ്യപ്പെടുന്നുവോ അതെല്ലാം നിങ്ങള്‍ക്ക് ഇഷ്ടം പോലെ നാം നല്‍കും, മറിച്ച് എന്നെ ധിക്കരിക്കുവാനാണ് ഭാവമെങ്കില്‍ നിങ്ങള്‍ക്ക് നഷ്ടപ്പെടുന്നത് നിങ്ങളുടെ ജീവനായിരിക്കും" ഫറവോന്‍ അവര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഫറവോന്റെ വാക്കിന്‍ സമ്മതം മൂളിക്കൊണ്ട് സിപ്രായും, പൂവയും രാജസന്നിധി വിട്ടിറങ്ങി.
എന്നാല്‍ സിപ്രായും, പൂവയും ദൈവഭയമുള്ള നല്ല സ്ത്രീകളായിരുന്നു. ഫറവോന്റെ മോഹനവാഗ്ദ്ധാനങ്ങളിലൊന്നും അവര്‍ വീണില്ലെന്നു മാത്രമല്ല ഫറവോന്റെ കല്പന ലംഘിച്ചുകൊണ്ട് ഇസ്രയേല്യ സ്ത്രീകള്‍ക്ക് ജനിക്കുന്ന ആണ്‍കുട്ടികളെ കൊല്ലാതെ അവര്‍ ജീവനോടെ രക്ഷിച്ചു. പക്ഷേ അവരുടെ ഈ കള്ളക്കളി എങ്ങനെയോ ഫറവോന്‍ അറിയുകയും കുപിതനായ അദ്ദേഹം സിപ്രായെയും, പൂവയെയും രാജകൊട്ടാരത്തില്‍ വിളിച്ചു വരുത്തി അവരെ ചോദ്യം ചെയ്യുകയും ചെയ്തു.
“പ്രഭോ.. ഞങ്ങള്‍ നിരപരാധികളാണ്‍. ഇസ്രയേല്യ സ്ത്രീകള്‍ ഈജിപ്തിലെ സ്ത്രീകളെപ്പോലെയല്ല. അവര്‍ നല്ല ആരോഗ്യമുള്ളവരാണ്‍. വയറ്റാട്ടികളായ ഞങ്ങളുടെ ആവശ്യം പോലും പലര്‍ക്കു വേണ്ടി വരില്ല. മിക്ക വീടുകളിലും ഞങ്ങള്‍ എത്തുന്നതിന്‍ മുമ്പ് സുഖപ്രസവം നടന്നിരിക്കും. അതുകൊണ്ട് അവര്‍ക്ക് ജനിക്കുന്ന കുട്ടികളെ കൊല്ലാന്‍ ഞങ്ങള്‍ക്ക് കഴിയുന്നില്ല. സിപ്രായും, പൂവയും ഫറവോനോട് പച്ചക്കള്ളം പറഞ്ഞു.
സിപ്രയും പൂവയും പറഞ്ഞതപ്പാടെ വിശ്വസിച്ച ഫറവോന്‍ അവരെ വെറുതെ വിടുകയും ഇസ്രയേല്‍ ജനത്തിന്‍ ജനിക്കുന്ന ആണ്‍കുട്ടികളെ നശിപ്പിക്കുവാന്‍ പുതിയ തന്ത്രങ്ങള്‍ തന്റെ രാജ്യത്തെ ഭരണതന്ത്രജ്ഞരുമായി കൂടിയാലോചിക്കുകയും ചെയ്തു. എന്നാല്‍ ഫറവോന്റെ കല്പന ലംഘിച്ച് തങ്ങളുടെ ജീവന്‍ പോലും പണയപ്പെടുത്തി ഇസ്രായേല്യര്‍ക്കു പിറക്കുന്ന ആണ്‍കുട്ടികളെ രക്ഷിച്ച സിപ്രയെയും, പൂവയെയും മാത്രമല്ല അവരുടെ കുടുംബത്തെയും കരുണാമയനായ ദൈവം അത്യധികമായി അനുഗ്രഹിച്ചു.
“ഇസ്രയേല്‍ ജനങ്ങള്‍ക്ക് ജനിക്കുന്നത് ആണ്‍കുട്ടികളാണെങ്കില്‍ അവരെ നൈല്‍ നദിയില്‍ എറിഞ്ഞു കളയുക.
പെണ്‍കുട്ടികളാണെങ്കില്‍ മാത്രം അവയെ വളര്‍ത്തുക….” ഇസ്രയേല്‍ ജനങ്ങള്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങളെ
രഹസ്യമായി നശിപ്പിക്കുവാന്‍ ശ്രമിച്ച് പരാജിതനായ ഫറവോന്‍ തന്റെ രാജ്യത്തെങ്ങും പുതിയൊരു കല്പന പുറപ്പെടുവിച്ചു. ഫറവോന്റെ കല്പന കേട്ട് ഇസ്രയേല്‍ ജനം ഞെട്ടി വിറച്ചു. അന്നുമുതല്‍ ഇസ്രയേല്‍ ജനങ്ങള്‍ക്ക് ആണ്‍കുട്ടികള്‍ പിറന്നാലുടന്‍ രാജഭടന്മാര്‍ വേട്ടനായ്ക്കളെപ്പോലെ അവിടെ പാഞ്ഞെത്തി മാതാപിതാക്കളുടെ കൈയ്യില്‍ നിന്ന് കുഞ്ഞുങ്ങളെ ബലമായി പിടിച്ചു വാങ്ങി നൈല്‍ നദിയില്‍ വലിച്ചെറിഞ്ഞു.
എങ്ങും നിലവിളിയും, തേങ്ങലും മാത്രം… രാജകല്പനയെ ചോദ്യം ചെയ്യുവാനോ, ഫറവോനെ എതിര്‍ക്കുവാനോ ആര്‍ക്കും കഴിഞ്ഞില്ല. എതിര്‍ത്തവരാകട്ടെ ക്രൂരമായ പീഢനങ്ങള്‍ക്കിരയായി. തങ്ങള്ക്ക് ജനിക്കുവാന്‍ പോകുന്നത് ആണ്‍കുട്ടികളാകരുതെന്ന് പല മാതാപിതാക്കളും ആശിച്ചുപോയ ദിനങ്ങളായ അത്. ഇസ്രയേല്‍ ജനങ്ങളെ തോരാത്ത കണ്ണുനീരും, തീരാത്ത കഷ്ടതയും പിന്തുടരുന്ന കാലം.. ഒരു വശത്ത് അവരുടെ പുരുഷന്മാരും, യൌവ്വനക്കാരും എന്തിന്‍ കുട്ടികള്‍പ്പോലും ഈജിപ്തിലെ വയലുകളിലും, ഇഷ്ടിക കളങ്ങളിലും അടിമകളെപ്പൊലെ പണി ചെയ്യുകയാണ്‍. സ്ത്രീകളാണെങ്കില്‍ തങ്ങള്‍ക്ക് ജനിക്കുന്ന ആണ്‍കുട്ടികളുടെ വിധിയോര്‍ത്ത് തല തല്ലിക്കരയുകയും…
ഫറവോന്റെ സൈനികര്‍ അവരുടെ ആണ്‍കുഞ്ഞുങ്ങളെ നിര്‍ദാക്ഷിണ്യം അവരില്‍ നിന്ന് ബലമായി പിടിച്ചു വാങ്ങി നൈല്‍ നദിയുടെ ആഴങ്ങളിലേക്ക് വലിച്ചെറിഞ്ഞു. കുട്ടികള്‍ നഷ്ടമായ മാതാപിതാക്കളുടെ വേദനയോ, യാതൊരു തെറ്റും ചെയ്യാതിരുന്നിട്ടും മരണത്തിലേക്ക് വലിച്ചെറിയപ്പെടുന്ന നിഷ്കളങ്കരായ പിഞ്ചു കുഞ്ഞുങ്ങളുടെ മുഖമോ സൈനികര്‍ ഗൌനിച്ചില്ല. അവര്‍ക്ക് എല്ലാം ഒരു വിനോദം പോലെയായിരുന്നു.
ഫറവോന്റെ സൈനികര്‍ തന്റെ നെഞ്ചിലേക്ക് വലിച്ചെറിയുന്ന പിഞ്ചു കുഞ്ഞുങ്ങളുടെ മരണവെപ്രാളവും, തേങ്ങലും കണ്ട് നൈല്‍ നദിപോലും നിശബ്ദരായി തേങ്ങിക്കരഞ്ഞുപോയി. ജീവന്‍ നഷ്ടമായി നൈല്‍ നദിയില്‍ പൊങ്ങിക്കിടക്കുന്ന കുഞ്ഞുങ്ങളുടെ ശവശരീരം കൊത്തി തിന്നുവാന്‍ ആര്‍ത്തി പൂണ്ട കഴുകന്മാര്‍ നൈല്‍ നദിയുടെ മുകളിലൂടെ വട്ടമിട്ടു പറന്നു.
ഈജിപ്തിലെ തങ്ങളുടെ ജീവിതം ഭാവിയില്‍ എന്തായി തീരും എന്ന ഭീതി ഇസ്രയേല്‍ ജനങ്ങളെ
അലട്ടിക്കൊണ്ടിരിക്കുമ്പോഴാണ് ഈജിപ്തില്‍ ആ സംഭവം നടന്നത്.
(തുടരും)
No comments:
Post a Comment