രാത്രി തകര്‍ന്ന മനസ്സുമായി നിലത്ത് വിരിച്ച പായില്‍ മയങ്ങി കിടക്കുന്ന തന്റെ മകള്‍ മിനിക്കുട്ടിയെ കണ്ടപ്പോള്‍ കുമാരന്റെ മനസ്സ് വല്ലാതെ വേദനിച്ചു.
‘തന്റെ മകള്‍ ഇന്ന് ജലപാനം പോലും നടത്തിയിട്ടില്ല. അവള് വല്ലാതെ വിഷമിച്ചിരിക്കുന്നു. അതിന് കാരണക്കാരന്‍ താനാണ്. മിനിക്കുട്ടിയെ വേദനിപ്പിച്ചാല്‍ മരിച്ചുപോയ തന്റെ ദേവകിയുടെ ആത്മാവ് ഒരിക്കലും തന്നോട് പൊറുക്കുകയില്ലെന്ന് കുമാരന് തോന്നി.
കൊച്ചുപുരയ്ക്കലെ ഗോപിയുടെ മരണത്തിനു ശേഷം ഇന്നാട്ടുകാരെല്ലാം തന്നെ വെറുത്തിരിക്കുകയാണ്. തന്നെ സ്നേഹിക്കുവാനും, തനിക്ക് സ്നേഹിക്കുവാനും ഇന്ന് ഈ ലോകത്തില്‍ തന്റെ മകള്‍ മാത്രമേയുള്ളു. അവള്‍ക്കു വേണ്ടിയാണ് താന്‍ ജീവിക്കുന്നത്. അവളുടെ സന്തോഷമാണ് തനിക്ക് വലുത്.
തന്റെ കൈവശമുള്ള സ്വര്‍ണ്ണബിസ്ക്കറ്റുകള്‍ വിറ്റിട്ടു വേണം തനിക്കി കൊട്ടാരം പോലൊരു വീടു പണിയാന്‍. എന്നിട്ട് അവിടെ രാജകുമാരിയെപ്പോലെ തന്റെ മകള്‍ ജീവിക്കണം. കടത്തുകാരന് കുമാരന് കോടീശ്വരനായതു കണ്ട് ഇന്നാട്ടുകാര് മുഴുവന്‍ അസൂയപ്പെടണം. ഇന്ന് തന്നെ കൊല്ലാനും തല്ലാനും വന്നവര്‍ അന്ന് തന്റെ മുന്നില്‍ സഹായവും തേടി തൊഴുകൈയ്യോട് നില്ക്കും. അന്നവരെയെല്ലാം താനൊരു പാഠം പഠിപ്പിക്കണം.‘
തനിക്ക് സ്വര്‍ണ്ണബിസ്ക്കറ്റുകള്‍ കിട്ടിയത് മിനിക്കുട്ടിയെ അറിയിച്ചാലോ…? കുമാരന് ചിന്തിച്ചു. ‘എതായാലും ഇനിയും ഇന്നും ഒളിച്ചു വയ്ക്കേണ്ടാ ആവശ്യമില്ലെന്ന് കുമാരന് തോന്നി. തനിക്ക് നദിക്കരയില്‍ നിന്ന് കിട്ടിയ സ്വര്‍ണ്ണബിസ്ക്കറ്റുകള്‍ മുഴുവന്‍ കുമാരന് മിനിക്കുട്ടിയെ കാണിച്ചെങ്കിലും പ്രതീക്ഷിച്ചതുപോലെ അവളുടെ മുഖത്ത് യാതൊരു സന്തോഷവും അയാള്‍ കണ്ടില്ല.
“മോള് വെഷമിക്കേണ്ട. ഈ സ്വര്‍ണ്ണബിസ്ക്കറ്റുകള്‍ അച്ഛന് മോട്ടിച്ചതോ.. ആരുടേലും കൈയ്യില്‍ നിന്ന് പിടിച്ചു പറിച്ചതോ അല്ല. മ്മടെ കഷ്ടതയൊക്കെ കണ്ട് ദൈവം നമുക്ക് തന്നതാ ഇതെല്ലാം..” കുമാരന് മിനിക്കുട്ടിയോട് പറഞ്ഞു.
അവള് ഒരക്ഷരം മിണ്ടിയില്ല. ഈ സ്വര്‍ണ്ണമാണ് നല്ലവനായിരുന്ന തന്റെ അച്ഛന്റെ പെട്ടന്നുള്ള സ്വഭാവമാറ്റത്തിന് കാരണമെന്ന് അപ്പോള്‍ അവള് ദു:ഖത്തോടെ തിരിച്ചറിയുകയായിരുന്നു.. അച്ഛനോട് ഒരക്ഷരം പോലും ഒരിയാടാതെ മൂടിപ്പുതച്ച് കിടന്ന മിനിക്കുട്ടി രാത്രിയുടെ എതോ യാമത്തില്‍ ഉറങ്ങുകയും ചെയ്തു. ഒരുപാട് കണക്കു കൂട്ടലുകള്‍ നടത്തിയശേഷം കുമാരനും ഉറക്കം പിടിച്ചിരുന്നു.
“മിനിക്കുട്ടീ….” ഉറക്കത്തില്‍ നിന്ന് ആരോ തന്നെ തട്ടി വിളിച്ചതുപോലെ മിനിക്കുട്ടിക്ക് തോന്നി. അവള് കണ്ണുകള്‍ തുറന്ന് ചുറ്റും നോക്കി. ആരാണ് തന്നെ വിളിച്ചത്..? തന്റെ അച്ഛനായിരിക്കുമോ..? എന്നാല്‍ അച്ഛന് കൂര്‍ക്കം വലിച്ചുറങ്ങുന്നതാണ് അവള് കണ്ടത്.
‘പിന്നെ ആരാണ് തന്നെ വിളിച്ചത്..? ഒരു പക്ഷേ തനിക്ക് തോന്നിയതായിരിക്കുമോ…? മിനിക്കുട്ടി ചിന്തിച്ചു. അവള് കണ്ണുകളടച്ച് കിടന്നപ്പോള്‍ വീണ്ടും ആ വിളി കേട്ടു. ഇത്തവണ വളരെ വ്യക്തമായിട്ടാണ് അവള് ആ വിളി കേട്ടത്.
മരിച്ചുപോയ തന്റെ അമ്മയുടെ ശബ്ദം പോലെ!!!
അമ്മ തന്നെ വിളിച്ചതുപോലെ!!!
മിനിക്കുട്ടിക്ക് വല്ലാത്ത ഭയം തോന്നി തുടങ്ങി. അച്ഛന്റെ വിളിച്ചുണര്‍ത്തിയാലോ..? അവള് ചിന്തിച്ചു. എന്നാല്‍ ഭയം മൂലം തനിക്ക് നാവനക്കുവാന്‍ പോലും കഴിയില്ലെന്ന സത്യം അപ്പോഴാണ് അവള് മനസ്സിലാക്കിയത്. നല്ല തണുപ്പുള്ള രാത്രിയായിട്ടും അവളുടെ ശരീരമാകെ വിയര്‍ത്തൊലിക്കുവാന്‍ തുടങ്ങി. പെട്ടന്നാണ് അടച്ചിട്ടിരിക്കുന്ന വാതില്‍ ആരോ തുറക്കുന്നത് അവള് കണ്ടത്…
ആരാണത്..? മിനിക്കുട്ടി ഞെട്ടിപ്പോയി. വാതില്ക്കല് പുഞ്ചിരിച്ചുകൊണ്ട് തന്റെ അമ്മ നില്ക്കുന്നു!!! മാസങ്ങള്‍ക്ക് മുമ്പ് വെള്ളപ്പൊക്കത്തില്‍ മരിച്ചുപോയ തന്റെ അമ്മ. അമ്മയിതാ ജീവനോടെ തന്റെ മുന്നില്‍ നില്ക്കുന്നു.
അമ്മ മരിച്ചില്ലായിരുന്നോ..? അവളുടെ മനസ്സില്‍ അത്ഭുതവും, അമ്പരപ്പും വര്‍ദ്ദിച്ചു. “മോള് സംശയിക്കേണ്ട. മോള്‍ടെ അമ്മയാണിത്…” ഭയന്നു വിറച്ചു നില്ക്കുന്ന മിനിക്കുട്ടിയെ നോക്കി അമ്മ പറഞ്ഞു. മിനിക്കുട്ടിക്ക് വല്ലാത്ത പേടി തോന്നി തുടങ്ങി.
“വാ മോളെ.. അമ്മയുടെ അടുത്തേക്ക് വാ. അമ്മയ്ക്ക് മോളോട് ഒരുപാട് കാര്യങ്ങള്‍ ചോദിക്കാനും, പറയാനുമുണ്ട്. അമ്മ വാതില്ക്കല് നിന്ന് മിനിക്കുട്ടിയുടെ നേര്‍ക്ക് ഇരുകൈകളും നീട്ടിയെങ്കിലും അവള് അനങ്ങിയില്ല.
“എന്താ ന്റെ മോള്‍ക്ക് അമ്മയെ പേടിയാണോ.. ന്റെ മോള്‍ക്ക് അമ്മയെ ഇഷ്ടമല്ലേ.. “ അമ്മയുടെ തൊണ്ടയിടറി.
(തുടരും...)
1 comment:
നോവല്‍ നന്നായിരിക്കുന്നു. വരും ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു.
Post a Comment