Sunday, August 17, 2008

ഗ്രാമപുരാണം-12

മുരളി പങ്കായമുയര്‍ത്തി സരവ്വശക്തിയും തന്റെ കൈകളില്‍ സംഭരിച്ച് കുമാരനെ അടിച്ചു വീഴ്ത്തി. “അയ്യോ.. എന്നെ ഒന്നും ചെയ്യരുതേ…” വേദനകൊണ്ട് പുളഞ്ഞ കുമാരന്‍ കൈകൂപ്പിക്കൊണ്ട് മുരളിയോട് യാചിച്ചു. പക്ഷേ മുരളി അയാളുടെ നിലവിളിയും, കരച്ചിലും കേട്ടില്ല. മരിച്ചുപോയ തന്റെ അച്ഛനെ മുഖമായിരുന്നു അവന്റെ മനസ്സില്‍ നിറയെ. തന്റെ അച്ഛനെ മരണത്തിന്‍ കാരണക്കാരനായ കുമാരനെ തലങ്ങും, വിലങ്ങും മുരളി തല്ലി.

“അയ്യോ.. എന്നെ കൊല്ലുന്നേ…. ഓടി വരണേ…” കലിപൂണ്ട മുരളി തന്നെ തല്ലിക്കൊല്ലുമെന്ന് മനസ്സിലായ കുമാരന്‍ സര്‍വ്വശകതിയും സംഭരിച്ച് ഉച്ചത്തില്‍ നിലവിളിക്കുവാന്‍ തുടങ്ങി.

“കുഞ്ഞേ… അയാളെ ഇനിയും തല്ലരുത്.. അയാള്‍ ചത്തുപോകും..” കുമാരന്റെ നിലവിളി കേട്ട് ഓടിയെത്തിയവര്‍ ചിലര്‍ മുരളിയുടെ കൈയ്യില്‍ നിന്ന് ബലമായി പങ്കായം പിടിച്ചു വാങ്ങി.

“കൊല്ലും,… ഈ ദുഷ്ടനെ കൊല്ലും ഞാന്‍… എന്റെ പാവം അച്ഛനെ കൊന്നവനാണിവന്…” മുരളി ഒരു ഭ്രാന്തനെപ്പോലെ പുലമ്പി.

“കുഞ്ഞേ,,, ആരെയും കൊല്ലാനും തല്ലാനും അധികാരം നമുക്കില്ല. നിന്റെ കുടുംബത്തോട് ഇയാള്‍ ചെയ്ത തെറ്റിന് ഇയാളെ ശിക്ഷിക്കേണ്ടത് ഈശ്വരനാണ്.. ഈശ്വരന്‍ ഇയാലെ ഇപ്പോള്‍ തന്നെ ശിക്ഷിച്ചു കഴിഞ്ഞു. ഇനിയും ശിക്ഷിക്കുന്നത് നമ്മള്‍ കാണും…” ചിലര്‍ മുരളിയെ ആശ്വസിപ്പിക്കുവാന്‍ ശ്രമിച്ചു.

ഈ സമയം കള്ളന്‍ രാഘവന്‍ നദിയുടെ മറുകരയിലെത്തിയിരുന്നു. ‘എന്റെ പണം… എന്റെ പണം.. അവന്‍ എല്ലാം കൊണ്ടുപോയി…. ഗൊണം പിടിക്കില്ലെടാ പട്ടീ.. ഒരുകാലത്തും നീ ഗൊണം പിടിക്കില്ലെടാ…” രാഘവന്‍ രക്ഷപെട്ടത് കണ്ട് കുമാരന്‍ ഒരു കൊച്ചുകുട്ടിയെപ്പോലെ വിങ്ങിപ്പൊട്ടി കരയുകയും, രാഘവനെ ശപിക്കുകയും ചെയ്തു.

“ങും കന്നിനെപ്പോലെ കെടന്ന് കരയാത് ആള്‍ക്കാര്‍ നെന്നെ തല്ലിക്കൊല്ലുന്നതിന് മുമ്പ് എങ്ങോട്ടെങ്കിലും പോകാന്‍ നോക്കെടാ…” ആരോ കുമാരനോട് പറഞ്ഞു.

“എങ്ങോട്ട് പോകാന്‍…” കുമാരന്‍ ചിന്തിച്ചു. തനിക്കുള്ളതെല്ലാം നഷ്ടമായില്ലേ…? ആദ്യം ഭാര്യ്.. പിന്നെ മകള്‍… പിന്നെ തന്നെ ജീവനുതുല്യം സ്നേഹിച്ച തന്റെ നാട്ടുകാര്‍. ഒടുവിലിതാ തന്റെ സ്വപനങ്ങളെയെല്ലാം ചവുട്ടിമെതിച്ചുകൊണ്ട് സ്വര്‍ണ്ണബിസ്ക്കറ്റുകളുമായി കള്ളന്‍ രാഘവനും പോയി. ഇനിയും തനിക്കെന്തുണ്ട്…? തനിക്കാരുണ്ട്….? താന്‍ എങ്ങോട്ട് പോകും…? ആര്‍ക്കും വേണ്ടാത്തവനായി താന്‍… ഒന്നുമില്ലാത്തവനായി തീര്‍ന്നു താന്‍… എല്ലാം തന്റെ തെറ്റാണ്‍.. എല്ലാം…

കുറ്റബോധം കൊണ്ട് തന്റെ നെഞ്ച് പൊട്ടിപ്പോകുമെന്ന് കുമാരന്‍ തോന്നി. അയാള്‍ പൊട്ടിക്കരഞ്ഞു. പെട്ടന്നയാള്‍ പൊട്ടിച്ചിരിക്കുവാന്‍ തുടങ്ങി. കടത്തുകടവില്‍ കൂടി നിന്നവര്ക്ക് ഒന്നും മനസ്സിലായില്ല. കുമാരന്റെ ഭാവമാറ്റം കണ്ട് അവര്‍ മുഖത്തോട് മുഖം നോക്കി.

അതെ. കുമാരന്റെ സമനില തെറ്റുകയായിരുന്നു.
“എന്താ നിങ്ങളെന്നെ തുറിച്ച് നോക്കുന്നെ…. നെങ്ങള്‍ക്കെന്നെ അറിയില്ലേ.. ഞാന്‍ കോടീശ്വരനാ…. കോടീശ്വരന്‍ കുമാരന്‍… ദാ, എന്റ്യീ കീശയിലെ നെറയെ സ്വര്‍ണ്ണമാ.. വെറും സ്വര്‍ണ്ണമല്ല… പത്തരമാറ്റുള്ള സ്വര്‍ണ്ണക്കട്ടികള്‍…”

തന്റെ ഉടുപ്പിന്റെ കീശയില്‍ കൈയ്യിട്ടുകൊണ്ട് തനിക്കു ചുറ്റും കൂടി നിന്നവരോടായി കുമാരന്‍ പറഞ്ഞു. ആള്‍ക്കാര്‍ക്ക് ഒന്നും മനസ്സിലായില്ല. എന്നാല്‍ കീശയില്‍ നിന്ന് ഒന്നും കിട്ടാതെ വന്നപ്പോള്‍ പൊട്ടിക്കരഞ്ഞുകൊണ്ട് കുമാരന്‍ കീശ വലിച്ചു കീറി…

“കോടീശ്വരന്‍ കുമാരന്‍ വെറും തെണ്ടിയായേ.. വെറും തെണ്ടി…” ഇരുട്ടിലൂടെ കുമാരന്‍ പൊട്ടിക്കരഞ്ഞുകൊണ്ടും, പൊട്ടിച്ചിരിച്ചു കൊണ്ടും എങ്ങോട്ടെന്നില്ലാതെ ഓടി. ഓട്ടത്തിനിടയില്‍ അയാള്‍ മറിഞ്ഞു വീഴുന്നുണ്ടായിരുന്നു. പക്ഷേ അതൊന്നും വകവയ്ക്കാതെ അയാള്‍ വളരെ പ്രയാസപ്പെട്ട് എഴുന്നേല്‍ക്കും… പിന്നെയും ഓടും…

അന്ന് രാത്രിയില്‍ ഞങ്ങളുടെ ഗ്രാമത്തില്‍ ഒരു ഭ്രാന്തന്‍ ജനിക്കുകയായിരുന്നു. കുമാരനെന്ന് ഭ്രാന്തന്‍. രാത്രിയെന്നോ. പകലെന്നോ വ്യത്യാസമില്ലാതെ ഞങ്ങളുടെ ഗ്രാമത്തിലൂടെ ഭ്രാന്തന്‍ കുമാരന്‍ പൊട്ടിച്ചിരിച്ചും, പൊട്ടിക്കരഞ്ഞും. അലറിവിളിച്ചും നടന്നു..

ദിവസങ്ങള്‍ കഴിഞ്ഞതോടു കൂടി അയാളുടെ രൂപത്തിന്‍ പോലും വളരെയധികം മാറ്റം സംഭവിച്ചു കഴിഞ്ഞിരുന്നു. കീറിപ്പറിഞ്ഞ വസ്ത്രങ്ങളും ധരിച്ച്, നീണ്ടു വളര്‍ന്ന് താടിയും, മുടിയും, ശരീരത്തിന്റെ പല ഭാഗങ്ങളിലായി പൊട്ടിയൊലിക്കുന്ന വ്രണവുമായി ഞങ്ങളുടെ ഗ്രാമത്തിലൂടെ പൊട്ടിച്ചിരിച്ചും, കരഞ്ഞും നടക്കുന്ന കുമാരനെ കണ്ട് ഞങ്ങള്‍ സഹതപിച്ചു. ഞങ്ങളില്‍ മനസാക്ഷിയുള്‍ലവര്‍ പലരും ചിലപ്പോള്‍ അയാള്‍ക്ക് ഭക്ഷണം നല്‍കും. ചിലപ്പോള്‍ കുമാര്ന്‍ ആ ഭക്ഷ്ണം ആര്‍ത്തിയോടെ കഴിക്കും. മറ്റുചിലപ്പോള്‍ ദേഷ്യത്തോടെ വലിച്ചെറിയും. ഞങ്ങളുടെ ഗ്രാമത്തിലെ കുട്ടികള്‍ക്കാണെങ്കില്‍ കുമാരനെ കാണുന്നതു തന്നെ ഒരു രസമായിരുന്നു. അവര്‍ ആര്‍പ്പു വിളിച്ചുകൊണ്ട് അയാളെ നാടു മുഴുവന്‍ ഒടിക്കുകയും, കല്ലെടുത്ത് എറിയുകയും, തല്ലുകയുമൊക്കെ ചെയ്തു.

‘ദേ മിണ്ടരുത്.. ഭ്രാന്തന്‍ കുമാരന്‍ പിടിച്ചു കൊടുക്കും…” കുസ്യതികള്‍ കാട്ടുന്ന കൊച്ചുകുട്ടികളെ അമ്മമാര്‍ ഭീഷണിപ്പെടുത്താറുണ്ടായിരുന്നു. കുമാരന്റെ പേര്‍ കേട്ടാല്‍ മതി മുലകുടി മാറാത്ത ആ കുട്ടികള്‍ പെട്ടന്ന് അമ്മയുടെ നെഞ്ചിലൊളിക്കും.

ഒരു ദിവസം ഞങ്ങളുടെ ഗ്രാമത്തില്‍ നിന്ന് കുമാരന്‍ എവിടെയോ അപ്രത്യക്ഷനായി. കുമാരന്‍ എങ്ങോട്ട് പോയെന്നോ, എവിടെയുണ്ടെന്നോ ഞങ്ങളാരും അന്വേഷിച്ചില്ല. ‘ നാട്ടില്‍ നിന്ന് ഒരു ഭ്രാന്തന്റെ ശല്യം ഒഴിവായല്ലോ..’ എന്ന ആശ്വാസമായിരുന്നു ഞങ്ങളില്‍ പലര്‍ക്കും..

എന്നാല്‍ അന്ന് പമ്പാനദിയില്‍ മത്സ്യങ്ങള്‍ തിന്ന് വിക്യതമാക്കിയ ഒരു ശവശരീരം പൊങ്ങിക്കിടക്കുന്നത് ഞങ്ങള്‍ ഗ്രാമീണര്‍ കണ്ടു. അത് കുമാരന്റെ ശവശരീരമാണെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ ഞങ്ങള്‍ തിരിച്ചറിഞ്ഞിരുന്നു.

ഭ്രാന്തന്‍ കുമാരന്റെ മരണം ഞങ്ങള്‍ ഗ്രാമീണരില്‍ യാതൊരു സഹതാപവുമുണ്ടാക്കിയില്ലെങ്കിലും ഒരിക്കല്‍ തങ്ങളെ ജീവനു തുല്യം സ്നേഹിച്ച, തങ്ങള്‍ക്കൊപ്പം കിന്നാരം പറഞ്ഞ് വളര്‍ന്ന കുമാരനെന്ന പാവം കടത്തുകാരനെയോര്‍ത്ത് പമ്പാനദിയിലെ കാറ്റും, കുഞ്ഞോളങ്ങളും അപ്പോള്‍ പൊട്ടിക്കരയുകയായിരുന്നു.....

(അവസാനിച്ചു…)

Saturday, August 16, 2008

ഗ്രാമപുരാണം-11

രാത്രി
ഗ്രാമക്ഷേത്രത്തില്‍ ഓട്ടന്‍ തുള്ളന്‍ സമാപിച്ചു. അടുത്തത് നാടകമാണ്. ‘നാടകം ഉടന്‍ ആരംഭിക്കുന്നതാണെന്ന്’ മൈക്കിലൂടെ സംഘാടകര്‍ അറിയിച്ചു. ഈ സമയം ഗ്രാമത്തില്‍ നിന്ന് രക്ഷപെടുവാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയ കുമാരന്‍ മെല്ലെ വാതില്‍ തുറന്ന് വീട്ടില്‍ നിന്നും പുറത്തിറങ്ങിയിരുന്നു. സ്വര്‍ണ്ണബിസ്ക്കറ്റുകള്‍ അയാളുടെ തോളിലുള്ള ബാഗിലായിരുന്നു.

ജനിച്ചു വളര്‍ന്ന വീടും, നാടും വിട്ട് ഒരിക്കലും തിരിച്ചു വരാതെ എങ്ങോട്ടെന്നില്ലാതെയുള്ള യാത്ര. മരിച്ചുപോയ തന്റെ ഭാര്യയെയും, മകളെയും കുമാരന്‍ മനസ്സിലോര്‍ത്തു. അയാളുടെ കണ്ണുകള്‍ നിറഞ്ഞു. പെട്ടന്നാണ്‍ ഇരുളില്‍ മറഞ്ഞിരുന്ന കള്ളന്‍ രാഘവന്‍ കുമാരനെ അടിച്ചു വീഴ്ത്തിയശേഷം അയാളുടെ കൈയ്യിലുള്ള ബാഗ് പിടിച്ചു പറിച്ച് ഒരു കൊടുങ്കാറ്റുപോലെ നദീതീരത്തൂടെ പാഞ്ഞത്.

“അയ്യോ.. കള്ളന്‍… ഓടി വരണേ…” സ്വര്‍ണ്ണബിസ്ക്കറ്റുകള്‍ നിറച്ച തന്റെ ബാഗ് തട്ടിപ്പറിച്ചുകൊണ്ട് ഓടുന്നത് കള്ളന്‍ രാഘവനാനെന്ന് മനസ്സിലാക്കിയ കുമാരന്‍ ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ട് രാഘവന്‍ പിന്നാലെ ഓടി. കുമാരന്‍ തന്റെ പിന്നാലെ ഓടി വരുന്നത് കണ്ട് പെട്ടന്ന് രാഘവന്‍ ബാഗുമായി പമ്പാനദിയിലേക്ക് ചാടി. നദിയില്‍ നല്ല ഒഴുക്കുണ്ടായിരുന്നു. രാഘവന്‍ നീന്തിയും, മുങ്ങാം കുഴിയിട്ടും നദിയുടെ മറുകരയിലേക്ക് കുതിച്ചു.

സ്വര്‍ണ്ണബിസ്ക്കറ്റുകളുമായി രാഘവന്‍ രക്ഷപെടരുത്.. അവന്‍ രക്ഷപെട്ടാല്‍!!!! അത് ചിന്തിക്കുവാന്‍ പോലും കുമാരന്‍ കരുത്തില്ലായിരുന്നു. എന്നാല്‍ നിമിഷങ്ങള്‍ക്കം രാഘവന്‍ നദിയുടെ നടുക്കോളമെത്തിയിരുന്നു. അയാളുടെ പിന്നാലെ നദിയിലേക്ക് ചാടി രാഘവനെ പിടികൂടാന്‍ കഴിയില്ലെന്ന് കുമാരന്‍ മനസ്സിലായി.

‘അയ്യോ… ഓടി വരണേ….” രാഘവന്‍ എന്റെ സ്വത്തെല്ലാം കൊണ്ടുപോയേ… ഓടിവരണേ…” പെട്ടന്ന് ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ട് കുമാരന്‍ കടത്തു കടവിലേക്ക് ഓടി. രാഘവന്‍ നദിയുടെ അക്കരെ നീന്തിയെത്തുന്നതിന്‍ മുമ്പേ കടത്തുവള്ളമെടുത്ത് അയാളെ പിടികൂടുക എന്നതായിരുന്നു കുമാരന്റെ ലക്ഷ്യം. കടത്തു വള്ളത്തില്‍ അയാള്‍ ചാടി കയറി.

“ഇറങ്ങെടോ വള്ളത്തേന്ന്…” പെട്ടന്നാണ്‍ ഇടിമുഴക്കം പോലൊരു ശബ്ദം കേട്ട് കുമാരന്‍ ഞെട്ടിത്തിരിഞ്ഞു നോക്കിയത്. കത്തിജ്വലിക്കുന്ന കണ്ണുകളുമായി പങ്കായവും കൈയ്യിലേന്തി നില്‍ക്കുന്നു മരിച്ചുപോയ ഗോപിയുടെ പതിനാല് വയസ്സുകാരന്‍ മകന്‍ മുരളി..!!! തനിക്കു പകരമായി ഇന്നാട്ടുകാര്‍ തിരഞ്ഞെടുത്ത ഗ്രാമത്തിലെ പുതിയ കടത്തുകാരന്‍…!!! ഈ പാത്രിരാത്രിയില്‍ ഇവനെന്തിന്‍ കടത്തുകടവിലെത്തി? കടത്തുകാരനായ മുരളിയുടെ അനുവാദമില്ലാതെ തനിക്ക് വള്ളത്തില്‍ കയറുവാന്‍ പറ്റില്ല…

താന്‍ മൂലമാണ് മുരളിക്ക് അച്ഛനെ നഷ്ടമായത്..!!! ദിവസങ്ങള്‍ക്ക് മുമ്പ് നെഞ്ചുവേദനയെടുത്ത് പുളഞ്ഞ മുരളിയുടെ അച്ഛന്‍ ഗോപിയെ തക്ക സമയത്ത് അക്കരെയുള്ള ആശുപത്രിയിലെത്തിച്ചിരുന്നെങ്കില്‍ അയാള്‍ ഒരുപക്ഷേ മരിക്കില്ലായിരുന്നു. മുരളിയുടെ കുടുംബത്തോട് താന്‍ ചെയ്തത് വലിയ ക്രൂരതയാണ്. ആ ക്രൂരതയ്ക്ക് ഇപ്പോള്‍ മുരളി തന്നോട് പ്രതികാരം ചെയ്താല്‍ കള്ളന്‍ രാഘവന്‍ സ്വര്‍ണ്ണബിസ്ക്കറ്റുകളുമായി രക്ഷപെടും… അങ്ങനെ സംഭവിച്ചാല്‍ താന്‍ ജീവിച്ചിരുന്നിട്ട് യാതൊരു ഫലവുമില്ലെന്ന് കുമാരന്‍ തോന്നി.……

“മോനേ മുരളി, കഴിഞ്ഞതൊക്കെ നീ മറക്കണം… നീ എന്നോട് പൊറുക്കണമെടാ മോനേ… എന്റെ അറിവില്ലായ്മകൊണ്ട് ഞാന്‍ എന്തൊക്കെയോ ചെയ്തു.. ദൈവത്തെയോര്‍ത്ത് നീ അതൊക്കെ മറക്കണം…” കുമാരന്റെ കണ്ണുകള്‍ നിറഞ്ഞു.

“ദാ കള്ളന്‍ രാഘവന്‍ എനിക്കുള്ളതെല്ലാം തട്ടിപ്പറിച്ചു ദാ അക്കരയ്ക്ക് നീന്തിപ്പോകുന്നത് നീ കണ്ടില്ലേടാ.. അവന്‍ ഒരിക്കിലും രക്ഷപെടരുത് മോനേ… അവന്‍ അക്കരെയെത്തുന്നതിന്‍ മുമ്പ് അവനെ പിടികൂടിയില്ലെങ്കില്‍ ഞാന്‍ ജീവിച്ചിരുന്നിട്ട് ഒരു ഫലോമില്ലെടാ…” കുമാരന്‍ മുരളിയുടെ നേര്‍ക്ക് കൈകൂപ്പി. കുമാരന്റെ കണ്ണുകള്‍ നിറഞ്ഞു കവിയുന്നുണ്ടായിരുന്നു.

‘ഈ ദുഷ്ടനെ വെറുതെ വിട്ടുകൂടാ.. വലിയ ചതിയാണിവന്‍ തന്റെ കുടുംബത്തോട് ചെയ്തത്… തനിക്ക് അച്ഛനെ നഷ്ടമാക്കിയ ഈ ചെകുത്താനോട് പ്രതികാരം ചെയ്യാനുള്ള ഏറ്റവും നല്ല അവസരമാണിത്…” മുരളിയുടെ മനസ്സ് കത്തുകയായിരുന്നു.

“മുരളീ എന്നെ രക്ഷിക്കെടാ മോനേ,,, നിനക്കാവശ്യമുള്ളതെന്തും ഞാന്‍ തരാം.. ആ കള്ളന്‍ രാഘവനെ എങ്ങനെയെങ്കിലും പിടികൂടാന്‍ എന്നെയൊന്ന് സഹായിക്കെടാ കുഞ്ഞേ… നീ ആ വള്ളത്തിന്റെ പങ്കായമിങ്ങ് താ, രാഘവന്‍ അക്കരെയ്ത്തുന്നതിന്‍ മുമ്പ് ഞാനവനെ പിടിച്ചോളാം…” കുമാരന്‍ പൊട്ടിക്കരയുമെന്ന അവസ്ഥയിലായിരുന്നു.
പെട്ടന്നായിരുന്നു അത് സംഭവിച്ചത്…!!!

(അടുത്ത അധ്യായത്തോടു കൂടി ഈ നോവല്‍ അവസാനിക്കുന്നു)

Thursday, August 14, 2008

ഗ്രാമപുരാണം-10

കള്ളന്‍ രാഘവന്‍!!!!!
ആ പേരു കേട്ടാല്‍ മതി ഞങ്ങള്‍ ഗ്രാമീണര്‍ ഞെട്ടി വിറയ്ക്കും. ആറടി ഉയരം. അതിനൊത്ത ഉയരമുള്ള ശരീരം. ചുവന്ന കണ്ണുകള്‍. കൊമ്പന്‍ മീശ. ഇവയൊക്കെയായിരുന്നു രാഘവന്റെ പ്രത്യേകതകള്‍. പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ വ്യത്യാസമില്ലാ‍തെ കണ്ണില്‍ കാണുന്ന വിലപിടിപ്പുള്ളതെന്തും രാഘവന്‍ മോഷ്ടിക്കും.. പോലീസും, ജയിലും രാഘവന്‍ പുല്ലാണ്..

ഒരു കാലത്ത് അല്ലറ ചില്ലറ മോഷണവുമായി പോലീസുകാര്‍ക്കും, നാട്ടുകാര്‍ക്കും തലവേദനയുണ്ടാക്കി വിലസിയ രാഘവനെ ആദ്യമായി പിടികൂടുന്നത് ‘ഇടിമണി; എന്ന പേരില്‍ അറിയപ്പെടുന്ന ഞങ്ങളുടെ നാട്ടുകാരനായ പോലീസുകാരന്‍ മണിയാണ്. മണി രാഘവനെ തല്ലിച്ചതച്ച് ഇഞ്ചപ്പരുവത്തിലാക്കി ജയിലിലടച്ചു.

ഇത്രയും കാലം പിടികിട്ടാപ്പുള്ളീയായി വിലസിയ രാഘവനെ പിടികൂടി ജയിലിലടച്ച പോലീസുകാരന്‍ മണി പെട്ടന്ന് ഞങ്ങള്‍ ഗ്രാമീണരുടെ മാത്രമല്ല, പോലീസു വകുപ്പിന്റെ വരെ അഭിമാനമായി മാറിയത് ഒറ്റദിവസം കൊണ്ടാണ്. എന്നാല്‍ വളരെ നാളത്തെ ജയില്‍ വാസത്തിന് ശേഷം പുറത്തിറങ്ങിയ രാഘവന്‍ നേരെ പോയത് പോലീസുകാരന്‍ മണിയുടെ വീട്ടിലേക്കാണ്. തന്നെ തല്ലിച്ചതച്ച് ജയിലടച്ചതിന് പ്രതികാരമായി പോലീസുകാരന്‍ മണിയുടെ രണ്ടും കൈയ്യും രാഘവന്‍ തല്ലിയൊടിച്ചു. എന്നിട്ടും കലി തീരാഞ്ഞിട്ട് മണിയുടെ വീട്ടിലെ വിലപിടിപ്പുള്ള സാധനങ്ങളെല്ലാം രാഘവന്‍ മോഷ്ടിക്കുകയും ചെയ്തു. ഈ സംഭവത്തോടു കൂടി രാഘവന്റെ പേര്‍ കേട്ടാല്‍ മതി ഞങ്ങള്‍ ഗ്രാമീണരൊന്നടങ്കം ഭയന്നു വിറയ്ക്കും…

പിന്നീട് പലതവണ രാഘവന്റെ പോലീസ് പിടി കൂടിയിട്ടുണ്ട്. വര്‍ഷങ്ങളോളം അയാള്‍ ജയിലിലും കിടന്നിട്ടുമുണ്ട്. എന്നാല്‍ പലപ്പോഴും രാഘവന്‍ ജയിലില്‍ പുറത്തിറങ്ങുന്നത് പുത്തന്‍ മോഷണ തന്ത്രങ്ങളുമായിട്ടാ‍യിരിക്കും. ഏറ്റവും അവസാനമായി രാഘവനെ പോലീസ് പിടി കൂടുന്നത് പട്ടണത്തിലെ ഒരു ബാങ്ക് കവര്‍ച്ചയുമായി ബന്ധപ്പെട്ടാണ്. ആ കുറ്റത്തിന് വളരെക്കാലം രാഘവന്‍ ജയിലില്‍ കിടക്കേണ്ടി വന്നു.

രാഘവന്റെ വീട് ഞങ്ങളുടെ ഗ്രാമത്തിലാണെങ്കിലും ഇപ്പോള്‍ അവിടെ അയാള്‍ക്ക് ബന്ധുക്കളാരുമില്ലായിരുന്നു. സാധാരണ ജയിലില്‍ നിന്ന് രാഘവന്‍ പുറത്തിറങ്ങിയാല്‍ നേരെ ഞങ്ങളുടെ ഗ്രാമത്തിലേക്കായിരിക്കും ആദ്യം വരിക. തന്റെ സാനിധ്യം നാട്ടുകാരെ അറിയിക്കുകയെന്നതായിരുന്നു രാഘവന്റെ ആ വരവിന്റെ ലക്ഷയ്യം. രാഘവന്‍ ഗ്രാമത്തിലെത്തിയാല് പുതിയ കുറ്റത്തിന്‍ പോലീസ് അയാളെ പിടികൂടുന്നതു വരെ ഞങ്ങള്‍ ഗ്രാമീണര്‍ക്ക് കാളരാത്രിയാണ്. പലരും രാഘവനെ ഭയന്ന് രാത്രിയില്‍ ഉറങ്ങാതെയിരിക്കും. കുട്ടികള്‍ക്കാണെങ്കില്‍ രാഘവന്റെ പേര്‍ കേട്ടാല്‍ മതി ‘പിശാചിനെ’ കണ്ടതുപോലെയാണ്..

രാത്രി…
ഗ്രാമക്ഷേത്രത്തില്‍ ഉത്സവം കൊടുമ്പിരിക്കൊള്ളുകയാണ്. ക്ഷേത്രപരിസരത്തെ സ്റ്റേജില്‍ അപ്പോള്‍ ഓട്ടന്‍ തുള്ളല്‍ നടക്കുകയായിരുന്നു. ഭീമസേനന്‍ സൌഗന്ധിക പുഷ്പം തേടി കാട്ടിലൂടെ അലയുന്നതാണ്‍ രംഗം. ജനങ്ങള്‍ ഓട്ടന് തുള്ളലില്‍ ലയിച്ചിരിക്കുകയാണ്….

“രാഘവന്‍ വന്നേയ്… കള്ളന്‍ രാഘവന്‍ വന്നേ…” ഈ സമയത്താണ് ആരോ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞുകൊണ്ട് കാണികള്‍ക്കിടയിലേക്ക് ഓടിയെത്തിയത്. അയാള്‍ വിളിച്ചു പറഞ്ഞത് കേട്ട് സകലരും ഞെട്ടിപ്പോയി. ചിലര്‍ ഓട്ടന്‍ തുള്ളല്‍ മതിയാക്കി തങ്ങളുടെ വീടുകളിലേക്ക് പോകുവാനൊരുങ്ങി. മറ്റ് ചിലര്‍ക്കാണെങ്കില്‍ വീട്ടിലേക്ക് പോകുവാന്‍ ഭയം.. വഴിയില്‍ വച്ച് രാഘവന്‍ തടഞ്ഞു നിര്‍ത്തി തങ്ങളെ ഉപദ്രവിച്ചാലോ.. എന്നായിരുന്നു അവരുടെ ഭയം. വീട്ടിലെത്തിയവര്‍ക്കാണെങ്കില്‍ യാതൊരു മനസമാധാനവുമില്ല… രാഘവന്‍ ഏതുനിമിഷമാണ് മൂര്‍ച്ചയേറിയ കത്തിയുമായി കടന്നു വരിക…? ആകെ എല്ലാവര്‍ക്കും ഒരു മരവിപ്പ്.

എന്നാല്‍ രാഘവന്‍ ഞങ്ങളുടെ ഗ്രാമത്തിലൊക്കെ ഒന്നു ചുറ്റിക്കറങ്ങിയ ശേഷം നേരെ പോയത് തന്റെ പഴയകാല ചങ്ങാതിയായ കുമാരന്റെ വീട്ടിലേക്കായിരുന്നു. കുമാരന്റെ ഭാര്യയും മകളും മരിച്ചതും അതുപോലെ ഗ്രാമത്തിലെ മറ്റ് സംഭവങ്ങളും രാഘവന്‍ എങ്ങനെയോ അറിഞ്ഞിരുന്നു. എല്ലാവരാലും വെറുക്കപ്പെട്ട് കഴിയുന്ന തന്റെ ബാല്യകാലസ്നേഹിതനെ ഒന്നു കാണണമെന്ന് രാഘവന്‍ തോന്നി.

എന്നാല്‍ കള്ളന്‍ രാഘവന്‍ ഞങ്ങളുടെ ഗ്രാമത്തിലെത്തിയ കഥയൊന്നുമറിയാതെ കുമാരന്‍ ഞങ്ങള്‍ ഗ്രാമീണരെല്ലാം ക്ഷേത്രത്തിലെ ഉത്സവത്തിന്‍ പോയ തക്കം നോക്കി തനിക്ക് കിട്ടിയ സ്വര്‍ണ്ണബിസ്ക്കറ്റുകളുമായി നാടു വിടുവാനുള്ള ഒരുക്കത്തിലായിരുന്നു. രാഘവന്‍ കുമാരന്റെ വീട്ടുമുറ്റത്തെത്തിയപ്പോള്‍ വീടിന്റെ ജനാലകളും, വാതിലും അടച്ചിട്ടിരിക്കുന്നതാണ് കണ്ടത്…

ഇവനെവിടെപ്പോയി…? ഉതസവത്തിന്‍ പോയതാണോ..? രാഘവന്‍ ചിന്തിച്ചു. എന്നാല്‍ അകത്ത് വീടിനുള്ളില്‍ നിന്ന് എന്തോ ശബ്ദം കേട്ട് ജനല്‍പ്പാളി മെല്ലെ തുറന്ന് രാഘവന്‍ മെല്ലെ അകത്തേക്ക് നോക്കിയത്. ഒരു ബാഗിനുള്ളില്‍ തന്റെ വസ്ത്രങ്ങള്‍ കുമാരന്‍ കുത്തി നിറയ്ക്കുന്നത് രാഘവന്‍ കണ്ടു.

‘ഈ രാത്രിയില്‍ ഇവനെങ്ങോട്ടു പോകാനുള്ള പുറപ്പാടാ…? രാഘവന്‍ സ്വയം ചോദിച്ചു. ‘ഏതായാലും കാത്തിരുന്നു കാണുക തന്നെ…’ രാഘവന്‍ തീരുമാനിച്ചു.

ഈ സമയം കുമാരന്‍ തനിക്ക് നദിക്കരയില്‍ നിന്ന് ലഭിച്ച സ്വര്‍ണ്ണബിസ്ക്കറ്റുകള്‍ മറ്റൊരു ബാഗിലാക്കുന്ന തിരക്കിലായിരുന്നു. താനിപ്പോള്‍ കാണുന്നത് സത്യമോ, അതോ മിഥ്യയോ…? കുമാരന്റെ കൈവശമുള്ള സ്വര്‍ണ്ണബിസ്ക്കറ്റുകള്‍ കണ്ട് കള്ളന്‍ രാഘവന്‍ നിമിഷങ്ങളോളം സ്തംഭിച്ചു നിന്നു പോയി. ഇത്രയധികം സ്വര്‍ണ്ണബിസ്ക്കറ്റുകള്‍ കുമാരന്‍ എവിടെ നിന്ന് കിട്ടി…? തന്നെപ്പോലെ ഇവനും മോഷ്ടിക്കുവാന്‍ തുടങ്ങിയോ..? രാഘവന്‍ ചിന്തിച്ചുപോയി.

‘ഏതായാലും എങ്ങനെയെങ്കിലും കുമാരന്റെ കൈവശമുള്ള ആ സ്വര്‍ണ്ണബിസ്ക്കറ്റുകളെല്ലാം തട്ടിയെടുക്കണം… എന്നിട്ട് മോഷണമെല്ലാം നിര്‍ത്തി സ്വര്‍ണ്ണബിസ്ക്കറ്റുകള്‍ വിറ്റുകിട്ടുന്ന കാശ് കൊണ്ട് ഏതെങ്കിലും നാട്ടില്‍ പോയി സുഖമായി ജീവിക്കണം… കള്ളന്‍ രാഘവന്‍ തീരുമാനിച്ചു.

(തുടരും...)

Wednesday, August 13, 2008

ഗ്രാമപുരാണം-9

പ്രഭാതം..
അങ്ങ് കിഴക്ക് മാനത്ത് സൂര്യോദയത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞിരുന്നു. പമ്പാനദിയുടെ ഇരുകരകളും മഞ്ഞിനാല്‍ മൂടപ്പെട്ടു കിടക്കുകയാണ്‍. കടത്തുകടവിലേക്ക് പതിവില്ലാതെ ആള്‍ക്കാരുടെ പ്രവാഹം കണ്ട് കുമാരന്റെ മനസ്സില്‍ എന്തൊക്കെയോ സംശയങ്ങള്‍ തോന്നി. പെട്ടന്ന് ഒരു കൊടുങ്കാറ്റുപോലെ കുമാരന്‍ അങ്ങോട്ട് ഓടിയെത്തി. കുമാരനെ കണ്ടതും കൂടി നില്‍ക്കുന്ന ആള്‍ക്കാര്‍ എന്തൊക്കെയോ പിറുപിറുക്കയും സഹതാപത്തോടെ അയാളെ നോക്കുകയും ചെയ്തു…

കുമാരന്‍ ഒന്നും മനസ്സിലായില്ല. അയാള്‍ അവരെ ശ്രദ്ധിക്കാതെ ഒരു ഭ്രാന്തനെപ്പോലെ ആള്‍ക്കൂട്ടത്തെ തള്ളി നീക്കിക്കൊണ്ട് അവര്‍ക്ക് മുന്നിലെത്തി. പെട്ടന്നാണ്‍ വെള്ളിടി വെട്ടിയവനെപ്പോലെ കുമാരന്‍ സ്തംഭിച്ചു നിന്നു പോയത്.

കടത്തുകടവിലെ വെള്ളത്തില്‍ തന്റെ പൊന്നുമകള്‍ മിനിക്കുട്ടി മരിച്ചു കിടക്കുന്നു. തന്റെ പൊന്നുമകളുടെ ചലനമറ്റ ശരീരം കണ്ട് കുമാരന്റെ കണ്ണുകള്‍ നിറഞ്ഞു കവിഞ്ഞു. ചുറ്റും തടിച്ചു കൂടി നില്‍ക്കുന്ന ആളുകളുടെ മുഖത്തേക്ക് അയാള്‍ നോക്കി. പരിഹാസവും, സഹതാപവും കലര്‍ന്ന പല മുഖങ്ങള്‍ അവര്‍ക്കിടയില്‍ അയാള്‍ കണ്ടു. ഒടുവില്‍ നോട്ടം വീണ്ടും മകളുടെ മുഖത്ത് തറച്ചു നിന്നു. തന്റെ ശക്തിയെല്ലാം ചോര്‍ന്നൊലിക്കുന്നതുപോലെ കുമാരന്‍ തോന്നി.

“ന്റെ പൊന്നുമോളേ…: മിനിക്കുട്ടിയുടെ ജീവനറ്റ ശരീരം കോരിയെടുത്ത് ഒരു കൊച്ചു കുഞ്ഞിനെപ്പോലെ കുമാരന്‍ വാവിട്ടു കരഞ്ഞു. ‘ദൈവം കൊടുത്ത ശിക്ഷയല്ലാതെന്ത്..?” അയാളുടെ കരച്ചില്‍ കേട്ട് ആള്‍ക്കാര്‍ തമ്മില്‍ പിറുപിറുക്കുന്നുണ്ടായിരുന്നു.

അന്ന് വൈകുന്നേരമായപ്പോള്‍ മിനിക്കുട്ടിയുടെ മ്യതദേഹം അടക്കം ചെയ്തു. കുമാരനോടുള്ള ശത്രുത മറന്ന് ഞങ്ങള്‍ ഗ്രാമീണരെല്ലാം മിനിക്കുട്ടിയുടെ മ്യതദേഹം സംസ്കരിക്കുന്നത് സാക്ഷിയായി.

ദിവസങ്ങള്‍ പലതു കഴിഞ്ഞു കൊണ്ടിരുന്നു.
കുമാരന്‍ കടത്ത് നിരത്തിയതിനാല്‍ ഞങ്ങളുടെ ഗ്രാമത്തില്‍ പുതിയൊരു കടത്തുകാരനെ ആവശ്യമായിരുന്നു. ‘ആരായിരിക്കണം പുതിയ കടത്തുകാരന്‍.. “ ഞങ്ങള്‍ ചിന്തിച്ചു. ‘ആരായാലും ജീവിക്കാന്‍ മറ്റൊരു വഴിയുമില്ലാത്തവനായിരിക്കണം.. അങ്ങനെയാകുമ്പോള്‍ കടത്തുവള്ളത്തില്‍ നിന്ന് കിട്ടുന്ന വരുമാനം അയാള്‍ക്കൊരു ജീവിത മാര്‍ഗ്ഗവുമാകുമല്ലോ… ഞങ്ങള്‍ ഗ്രാമീണര്‍ പഞ്ചായത്ത് മെമ്പറ് കുട്ടന്‍ പിള്ളയദ്ദേഹത്തിന്റെ അടുക്കലെത്തി.

‘മരിച്ചുപോയ കൊച്ചുപുരയ്ക്കലെ ഗോപിയുടെ മകന്‍ സമ്മതമാണെങ്കില്‍ ആ പയ്യനെ പുതിയ കടത്തുകാരനായിക്കോട്ടെ…“ കുട്ടന്‍പിള്ളയദ്ദേഹം അഭിപ്രായപ്പെട്ടു. മെമ്പറ് കുട്ടന്‍പിള്ളയദ്ദേഹത്തിന്റെ അഭിപ്രായത്തോട് ഞങ്ങള്‍ ഗ്രാമീണരെല്ലാം യോജിച്ചു. അങ്ങനെ മരിച്ചുപോയ കൊച്ചുപുരയ്ക്കല്‍ ഗോപിയുടെ പതിനഞ്ചുകാരന്‍ മകന്‍ ഞങ്ങളുടെ ഗ്രാമത്തിലെ പുതിയ കടത്തുകാരനായി.

മിനിക്കുട്ടി മരിച്ചതോടു കൂടി കുമാരനാകെ തകര്‍ന്നുപോയിരുന്നു. എവിടെ നിന്നും കുറ്റപ്പെടുത്തലും, പരിഹാസങ്ങളും മാത്രം ലഭിച്ച കുമാരനെ ഗ്രാമീണരെല്ലാം ഒറ്റപ്പെടുത്തിയിരുന്നു. ആളുകള്‍ക്ക് കുമാരനെ കാണുന്നതു തന്നെ ദേഷ്യമാണ്‍. ആള്‍ക്കാരെ ഭയന്ന് വീടിനുള്ളില്‍ കഴിയാമെന്ന് വച്ചാല്‍ മനസ്സിന്‍ യാതൊരു സ്വസ്ഥതയും, സമാധാനവും ലഭിച്ചിരുന്നില്ല. മരിച്ചുപോയ ഭാര്യയുടെയും, മകളുടെയും ഓര്‍മ്മകള്‍ അയാളെ വല്ലാതെ വേട്ടയാടിയിരുന്നു. ഒടുവില്‍ കുമാരന്‍ ഒരു തീരുമാനത്തിലെത്തി. ‘ഈ ഗ്രാമം വിട്ട് എങ്ങോട്ടെങ്കിലും പോവുക..’

‘കോടിക്കണക്കിന്‍ രൂപയുടെ സ്വര്‍ണ്ണബിസ്ക്കറ്റുകള്‍ തന്റെ കൈവശയുമുണ്ട്, ശേഷിച്ചകാലം ദൂരെയുള്ള ഏതെങ്കിലും സ്ഥലത്ത് പോയി സമാധാനത്തോടെ ജീവിക്കുക. അതായിരുന്നു കുമാരന്റെ ലക്ഷ്യം.

ആരുമറിയാതെ വേണം ഈ ഗ്രാം വിടാന്‍… പക്ഷേ അതെങ്ങനെയാണ്‍…? കുമാരന്‍ ആലോചിച്ചു. ഒടുവില്‍ അയാളൊരു തീരുമാനത്തിലെത്തി. ‘അടുത്താഴ്ച ഗ്രാമക്ഷേത്രത്തില്‍ ഉത്സവമാണ്‍.. .. അന്ന് ഗ്രാ‍മത്തിലുള്ളവരെല്ലാം രാത്രിയില്‍ ഉത്സവത്തിന്‍ പങ്കെടുക്കുവാന്‍ പോകും. ഈ അവസരം നോക്കി എല്ലാം കെട്ടിപ്പെറുക്കി ഈ ഗ്രാമത്തില്‍ നിന്ന് എന്നെന്നേയ്ക്കുമായി യാത്രയാവുക.

അങ്ങനെ കുമാരന്‍ ഓരോ ദിവസങ്ങളും തള്ളി നീക്കി. ഒടുവില്‍ അയാള്‍ കാത്തിരുന്ന ആ ദിവസം വന്നെത്തി. ഞങ്ങളുടെ ഗ്രാമം ഉത്സവലഹരിയിലായി. ക്ഷേത്രവും, പരിസരവും വര്‍ണ്ണ ദീപങ്ങളാല്‍ അലങ്ക്യതമായി. വഴിവാണിഭക്കാരും, മറ്റും ഒന്ന് രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ക്ഷേത്രപരിസരത്ത് സ്ഥാനം പിടിച്ചിരുന്നു. ഉത്സവ ദിവസമായതോടു കൂടി അവരുടെ കച്ചവടം കൊഴുകൊഴുത്തു.

എന്നാല്‍ അന്ന് സന്ധ്യ കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ഗ്രാമീണരുടെ മനസ്സില്‍ കരിനിഴല്‍ വീഴ്ത്തിക്കൊണ്ട് നദി കടന്ന് ഒരാള്‍ ഞങ്ങളുടെ ഗ്രാമത്തിലെത്തി. അത് മറ്റാരുമായിരുന്നില്ല… ഞങ്ങള്‍ ഗ്രാമീണരുടെ മുഴുവന്‍ പേടി സ്വപ്നമായിരുന്ന കള്ളന്‍ രാഘവന്‍!!!!!

Tuesday, August 12, 2008

ഗ്രാമപുരാണം-8

അമ്മയുടെ കണ്ണുകള്‍ നിറഞ്ഞു കവിയുന്നത് കണ്ടപ്പോള്‍ തന്റെ മനസ്സിലെ ഭയമെല്ലാം ഉരുകി ഇല്ലാതാകുന്നതുപോലെ മിനിക്കുട്ടിക്ക് തോന്നി. ‘അമ്മ മരിച്ചിട്ടില്ല. തന്റെ അമ്മയിതാ ജീവനോടെ നില്‍ക്കുന്നു…” മിനിക്കുട്ടിയുടെ മനസ്സ് മന്ത്രിച്ചു.

അവള്‍ നിമിഷങ്ങളോളം അമ്മയുടെ കണ്ണൂകളിലേക്ക് നോക്കി. അമ്മയുടെ കണ്ണൂകളില്‍ വാത്സല്യത്തിന്റെ പെരുമഴ പെയ്യുന്നത് അവള്‍ കണ്ടു…

“വരൂ മോളേ… അമ്മയുടെ അടുക്കലേക്ക് വാ.. ന്റെ മോളെ ഞാനൊന്ന് കണ്ടോട്ടെ,,,” അമ്മ കരയുകയാണ്‍. മിനിക്കുട്ടി മെല്ലെ അമ്മയുടെ അരികിലെത്തി. അമ്മയും മകളും മുഖത്തോട് മുഖം നോക്കി നിന്നു. “അമ്മേ…” പെട്ടന്ന് മിനിക്കുട്ടി അമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞു. അമ്മയുടെ തണുത്ത കരങ്ങള്‍ മിനിക്കുട്ടിയെ വാത്സല്യപൂര്‍വ്വം തലോടിക്കൊണ്ടിരുന്നു.

നിലാവില്‍ കുളിച്ചു നില്‍ക്കുകയായിരുന്നു ഗ്രാമം. ഒരു തണുത്ത കാറ്റ് വ്യക്ഷക്കൊമ്പുകളെ പിടിച്ചുലച്ചുകൊണ്ട് കടന്നുപോയി. “വരൂ മോളെ.. അമ്മയ്ക്ക് മോളോട് ഒരു പാട് കാര്യങ്ങള്‍ പറയാനുണ്ട്.. നമുക്ക് ദാ അവിടെയിരുന്ന് എല്ലാം പറയാം…” കടത്തു കടവിലേക്ക് വിരല്‍ ചൂണ്ടിക്കൊണ്ട് അമ്മ മിനിക്കുട്ടിയോട് പറഞ്ഞു.

മിനിക്കുട്ടി അമ്മയോടൊപ്പം കടത്തു കടവിലേക്ക് നടന്നു. “അമ്മ എവിട്യാരുന്നു ഇത്രേം നാള്‍..” ഒരു പൂച്ചക്കുഞ്ഞിനെപ്പോലെ അമ്മയോട് ചേര്‍ന്നു നടന്നുകൊണ്ട് മിനിക്കുട്ടി ചോദിച്ചു.

“അമ്മ.. അമ്മ ഇവിടെ തന്നെയുണ്ട്യാരുന്നു…” അമ്മ മന്ത്രിച്ചു.

“അപ്പോള്‍ ന്റെമ്മ വെള്ളപ്പൊക്കത്തില്‍ മരിച്ചില്യാരുന്നോ..? മിനിക്കുട്ടിയുടെ ചോദ്യത്തിന്‍ അമ്മ ഉത്തരം നല്‍കിയില്ല. അമ്മയും മകളും കടത്തു കടവിലെത്തി. പമ്പാനദി ശാന്തമായി ഒഴുകുകയാണ്‍. ആകാശത്ത് പെട്ടന്നാണ്‍ കാര്‍മേഘങ്ങള്‍ നിറഞ്ഞത്. നിലാവില്‍ കുളിച്ചു നിന്ന ഞങ്ങളുടെ ഗ്രാമം ഇരുട്ടില്‍ മുങ്ങി.

ന്റെ മോള്‍ അമ്മേടെ കൂടെ വരുന്നോ..” നിമിഷങ്ങള്‍ നീണ്ടു നിന്ന മൌനത്തിന് ശേഷം അമ്മ മിനിക്കുട്ടിയോട് ചോദിച്ചു. “എവിടേക്ക്…” അവള്‍ ചോദിച്ചു. “അങ്ങ്..അങ്ങ് ദൂരേക്ക്…” അമ്മ മന്ത്രിച്ചു. അമ്മയോടൊപ്പം എവിടേക്ക് പോകാനും അവള്‍ ഒരുക്കമായിരുന്നു.

“ങ്കില്‍ അമ്മയോടൊപ്പം പോന്നോളൂ..” അമ്മ നദിയിലെ വെള്ളത്തിലേക്ക് ഇറങ്ങിക്കൊണ്ട് മിനിക്കുട്ടിയോട് പറഞ്ഞു. അവള്‍ ഒട്ടു മടിച്ചില്ല ഒരു സ്വപ്നലോകത്തിലെന്നപോലെ അമ്മയുടെ പിന്നാലെ വെള്ളത്തിലേക്ക് ഇറങ്ങി. അമ്മ നദിയുടെ ആഴങ്ങളിലേക്ക് നടന്നിറങ്ങുകയായിരുന്നു. ഒപ്പം മിനിക്കുട്ടിയും. ഒടുവില്‍ മിനിക്കുട്ടിക്ക് വെള്ളത്തില്‍ നിലയില്ലാതെയായി.

“അമ്മേ…..” ഭയന്നുപോയ അവള്‍ ഉച്ചത്തില്‍ നിലവിളിച്ചെങ്കിലും അമ്മയെ അവള്‍ കണ്ടതുമില്ല. അമ്മ അവളുടെ വിളി കേട്ടതുമില്ല. മിനിക്കുട്ടി ഭയന്ന് ചുറ്റും തിരിഞ്ഞു നോക്കി. അമ്മ എവിടെപ്പോയി…? അപകടം മനസ്സിലാക്കിയ അവള്‍ പെട്ടന്ന് നീന്തി കരയ്ക്കു കയറുവാന്‍ ശ്രമിച്ചെങ്കിലും ഒരു വലിയ ചുഴിക്കുള്ളില്‍ അവള്‍ അകപ്പെട്ടുപോയി.

“അച്ചാ‍ാ...” , വെള്ളത്തിന്‍ മുകളില്‍ പൊങ്ങി വന്ന അവള്‍ ഉച്ചത്തില്‍ നിലവിളിച്ചു. എന്നാല്‍ രണ്ടാമതൊരിക്കല്‍ കൂടി മിനിക്കുട്ടിക്ക് നിലവിളിക്കുവാന്‍ കഴിഞ്ഞില്ല. ഒരിക്കലും രക്ഷപെടുവാന്‍ കഴിയാതെവണ്ണം അവള്‍ നദിയുടെ അഗാധങ്ങളിലേക്ക് താണുപോയി.

രാത്രിയുടെ അവസാനയാമവും കഴിഞ്ഞിരുന്നു. ആരോ ഉച്ചത്തില്‍ നിലവിളിക്കുന്ന ശബ്ദം കേട്ടാണ്‍ കുമാരന്‍ ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്നത്.. ആരാണ് നിലവിളിച്ചത്..? മിനിക്കുട്ടിലെ വീട്ടിനുള്ളില്‍ കാണാതായപ്പോള്‍ അയാളുടെ നെഞ്ചൊന്ന് കാളി.

“മോളെ മിനിക്കുട്ടി…” കുമാരന്‍ ഒരു കൊടുങ്കാറ്റുപോലെ വീടിനുള്ളിലും പരിസരത്തും മകളെ വിളിച്ചുകൊണ്ട് ഓടി നടന്നു.

‘എന്റീശ്വരാ എന്റെ കുട്ടിയെവിടെ..? അവള്‍ക്കെന്തു സംഭവിച്ചു… തന്റെ മകളെക്കുറിച്ച് ആരോട് ചോദിക്കും..? ഇന്നാട്ടുകാരെല്ലാം കൊച്ചുപുരയ്ക്കല്‍ ഗോപിയുടെ മരണത്തിനുശേഷം തന്റെ ശത്രുക്കളായിരിക്കുകയാണ്…’

മിനിക്കുട്ടിയെ കാണാതെ തന്റെ നെഞ്ചു പൊട്ടിപ്പോകുന്നതു പോലെ കുമാരന് തോന്നി.

(തുടരും...)

Monday, August 11, 2008

ഗ്രാമപുരാണം-7

രാത്രി തകര്‍ന്ന മനസ്സുമായി നിലത്ത് വിരിച്ച പായില്‍ മയങ്ങി കിടക്കുന്ന തന്റെ മകള്‍ മിനിക്കുട്ടിയെ കണ്ടപ്പോള്‍ കുമാരന്റെ മനസ്സ് വല്ലാതെ വേദനിച്ചു.

‘തന്റെ മകള്‍ ഇന്ന് ജലപാനം പോലും നടത്തിയിട്ടില്ല. അവള്‍ വല്ലാതെ വിഷമിച്ചിരിക്കുന്നു. അതിന് കാരണക്കാരന്‍ താനാണ്. മിനിക്കുട്ടിയെ വേദനിപ്പിച്ചാല്‍ മരിച്ചുപോയ തന്റെ ദേവകിയുടെ ആത്മാവ് ഒരിക്കലും തന്നോട് പൊറുക്കുകയില്ലെന്ന് കുമാരന്‍ തോന്നി.

കൊച്ചുപുരയ്ക്കലെ ഗോപിയുടെ മരണത്തിനു ശേഷം ഇന്നാട്ടുകാരെല്ലാം തന്നെ വെറുത്തിരിക്കുകയാണ്. തന്നെ സ്നേഹിക്കുവാനും, തനിക്ക് സ്നേഹിക്കുവാനും ഇന്ന് ഈ ലോകത്തില്‍ തന്റെ മകള്‍ മാത്രമേയുള്ളു. അവള്‍ക്കു വേണ്ടിയാണ് താന്‍ ജീവിക്കുന്നത്. അവളുടെ സന്തോഷമാണ് തനിക്ക് വലുത്.

തന്റെ കൈവശമുള്ള സ്വര്‍ണ്ണബിസ്ക്കറ്റുകള്‍ വിറ്റിട്ടു വേണം തനിക്കി കൊട്ടാരം പോലൊരു വീടു പണിയാന്‍. എന്നിട്ട് അവിടെ രാജകുമാരിയെപ്പോലെ തന്റെ മകള്‍ ജീവിക്കണം. കടത്തുകാരന്‍ കുമാരന്‍ കോടീശ്വരനായതു കണ്ട് ഇന്നാട്ടുകാര്‍ മുഴുവന്‍ അസൂയപ്പെടണം. ഇന്ന് തന്നെ കൊല്ലാനും തല്ലാനും വന്നവര്‍ അന്ന് തന്റെ മുന്നില്‍ സഹായവും തേടി തൊഴുകൈയ്യോട് നില്‍ക്കും. അന്നവരെയെല്ലാം താനൊരു പാഠം പഠിപ്പിക്കണം.‘

തനിക്ക് സ്വര്‍ണ്ണബിസ്ക്കറ്റുകള്‍ കിട്ടിയത് മിനിക്കുട്ടിയെ അറിയിച്ചാലോ…? കുമാരന്‍ ചിന്തിച്ചു. ‘എതായാലും ഇനിയും ഇന്നും ഒളിച്ചു വയ്ക്കേണ്ടാ ആവശ്യമില്ലെന്ന് കുമാരന്‍ തോന്നി. തനിക്ക് നദിക്കരയില്‍ നിന്ന് കിട്ടിയ സ്വര്‍ണ്ണബിസ്ക്കറ്റുകള്‍ മുഴുവന്‍ കുമാരന്‍ മിനിക്കുട്ടിയെ കാണിച്ചെങ്കിലും പ്രതീക്ഷിച്ചതുപോലെ അവളുടെ മുഖത്ത് യാതൊരു സന്തോഷവും അയാള്‍ കണ്ടില്ല.

“മോള്‍ വെഷമിക്കേണ്ട. ഈ സ്വര്‍ണ്ണബിസ്ക്കറ്റുകള്‍ അച്ഛന്‍ മോട്ടിച്ചതോ.. ആരുടേലും കൈയ്യില്‍ നിന്ന് പിടിച്ചു പറിച്ചതോ അല്ല. മ്മടെ കഷ്ടതയൊക്കെ കണ്ട് ദൈവം നമുക്ക് തന്നതാ ഇതെല്ലാം..” കുമാരന്‍ മിനിക്കുട്ടിയോട് പറഞ്ഞു.

അവള്‍ ഒരക്ഷരം മിണ്ടിയില്ല. ഈ സ്വര്‍ണ്ണമാണ് നല്ലവനായിരുന്ന തന്റെ അച്ഛന്റെ പെട്ടന്നുള്ള സ്വഭാവമാറ്റത്തിന് കാരണമെന്ന് അപ്പോള്‍ അവള്‍ ദു:ഖത്തോടെ തിരിച്ചറിയുകയായിരുന്നു.. അച്ഛനോട് ഒരക്ഷരം പോലും ഒരിയാടാതെ മൂടിപ്പുതച്ച് കിടന്ന മിനിക്കുട്ടി രാത്രിയുടെ എതോ യാമത്തില്‍ ഉറങ്ങുകയും ചെയ്തു. ഒരുപാട് കണക്കു കൂട്ടലുകള്‍ നടത്തിയശേഷം കുമാരനും ഉറക്കം പിടിച്ചിരുന്നു.

“മിനിക്കുട്ടീ….” ഉറക്കത്തില്‍ നിന്ന് ആരോ തന്നെ തട്ടി വിളിച്ചതുപോലെ മിനിക്കുട്ടിക്ക് തോന്നി. അവള്‍ കണ്ണുകള്‍ തുറന്ന് ചുറ്റും നോക്കി. ആരാണ് തന്നെ വിളിച്ചത്..? തന്റെ അച്ഛനായിരിക്കുമോ..? എന്നാല്‍ അച്ഛന്‍ കൂര്‍ക്കം വലിച്ചുറങ്ങുന്നതാണ് അവള്‍ കണ്ടത്.

‘പിന്നെ ആരാണ് തന്നെ വിളിച്ചത്..? ഒരു പക്ഷേ തനിക്ക് തോന്നിയതായിരിക്കുമോ…? മിനിക്കുട്ടി ചിന്തിച്ചു. അവള്‍ കണ്ണുകളടച്ച് കിടന്നപ്പോള്‍ വീണ്ടും ആ വിളി കേട്ടു. ഇത്തവണ വളരെ വ്യക്തമായിട്ടാണ് അവള്‍ ആ വിളി കേട്ടത്.

മരിച്ചുപോയ തന്റെ അമ്മയുടെ ശബ്ദം പോലെ!!!

അമ്മ തന്നെ വിളിച്ചതുപോലെ!!!

മിനിക്കുട്ടിക്ക് വല്ലാത്ത ഭയം തോന്നി തുടങ്ങി. അച്ഛന്റെ വിളിച്ചുണര്‍ത്തിയാലോ..? അവള്‍ ചിന്തിച്ചു. എന്നാല്‍ ഭയം മൂലം തനിക്ക് നാവനക്കുവാന്‍ പോലും കഴിയില്ലെന്ന സത്യം അപ്പോഴാണ്‍ അവള്‍ മനസ്സിലാക്കിയത്. നല്ല തണുപ്പുള്ള രാത്രിയായിട്ടും അവളുടെ ശരീരമാകെ വിയര്‍ത്തൊലിക്കുവാന്‍ തുടങ്ങി. പെട്ടന്നാണ് അടച്ചിട്ടിരിക്കുന്ന വാതില്‍ ആരോ തുറക്കുന്നത് അവള്‍ കണ്ടത്…

ആരാണത്..? മിനിക്കുട്ടി ഞെട്ടിപ്പോയി. വാതില്‍ക്കല്‍ പുഞ്ചിരിച്ചുകൊണ്ട് തന്റെ അമ്മ നില്‍ക്കുന്നു!!! മാസങ്ങള്‍ക്ക് മുമ്പ് വെള്ളപ്പൊക്കത്തില്‍ മരിച്ചുപോയ തന്റെ അമ്മ. അമ്മയിതാ ജീവനോടെ തന്റെ മുന്നില്‍ നില്‍ക്കുന്നു.

അമ്മ മരിച്ചില്ലായിരുന്നോ..? അവളുടെ മനസ്സില്‍ അത്ഭുതവും, അമ്പരപ്പും വര്‍ദ്ദിച്ചു. “മോള്‍ സംശയിക്കേണ്ട. മോള്‍ടെ അമ്മയാണിത്…” ഭയന്നു വിറച്ചു നില്‍ക്കുന്ന മിനിക്കുട്ടിയെ നോക്കി അമ്മ പറഞ്ഞു. മിനിക്കുട്ടിക്ക് വല്ലാത്ത പേടി തോന്നി തുടങ്ങി.

“വാ മോളെ.. അമ്മയുടെ അടുത്തേക്ക് വാ. അമ്മയ്ക്ക് മോളോട് ഒരുപാട് കാര്യങ്ങള്‍ ചോദിക്കാനും, പറയാനുമുണ്ട്. അമ്മ വാതില്‍ക്കല്‍ നിന്ന് മിനിക്കുട്ടിയുടെ നേര്‍ക്ക് ഇരുകൈകളും നീട്ടിയെങ്കിലും അവള്‍ അനങ്ങിയില്ല.

“എന്താ ന്റെ മോള്‍ക്ക് അമ്മയെ പേടിയാണോ.. ന്റെ മോള്‍ക്ക് അമ്മയെ ഇഷ്ടമല്ലേ.. “ അമ്മയുടെ തൊണ്ടയിടറി.

(തുടരും...)

Sunday, August 10, 2008

ഗ്രാമപുരാണം-6

“കുമാരേട്ടാ.. അതുമിതും പറഞ്ഞ് വെറുതെ സമേം കളയെരുത്.. ഗോപിയേട്ടനെ എത്രേം വേഗം നമുക്ക് ആശുപത്രീലെത്തിക്കനം. അല്ലെങ്കില്‍ അയാള്‍ക്കെന്തേലും സംഭവിക്കും.. ഗോപിയേട്ടന്‍ എന്തേലും സംഭവിച്ചാ.. ആ പാവപ്പെട്ട കുടുംബത്തിന്റെ സ്ഥിതി ആകെ കഷ്ടത്തിലാകും..” ഹമീദ് കുമാരന് മുന്നറിയിപ്പ് നല്‍കി.

“നീ നെന്റെ പണി നോക്കെടാ ചെക്കാ.. ആകാശം ഇടിഞ്ഞുവീഴാന്‍ പോകുന്നൂന്ന് പറഞ്ഞാലും ഇപ്പാതിരാത്രി ന്റെ പൊര വിട്ട് ഞാനെങ്ങോട്ടും വരില്ല…” കുമാരന്റെ വാക്കുകള്‍ ഉറച്ചതായിരുന്നു. “ഇത്രേം കാലം രാത്രീന്നോ, പാതിരാത്രീന്നോയില്ലാതെ കണ്ടോന്മാര്‍ക്ക് വേണ്ടി കഴുതെപ്പോലെ ജീവിച്ചോനാ കുമാരന്‍. ഇനിയിപ്പം അതു നടപ്പില്ല. എനിക്കും ഇന്നാട്ടില്‍ മാന്യമായി ജീവിക്കണം. ദാ കടത്തുവള്ളം കടവിലൊണ്ട്. ആരാന്ന് വച്ചാ ചാകാന്‍ പോന്നെവനെയോ, ചത്തവനെയോ എങ്ങോട്ടാന്ന് വച്ചാ കൊണ്ടു പൊയ്ക്കോ… ദയവായി കുമാരനെ ആരും ശല്യപ്പെടുത്താന്‍ വന്നേക്കരുത്..’

ഹമീദ് എന്തെങ്കിലും ചോദിക്കുന്നതിന്‍ മുമ്പ് കുമാരന്‍ അവന്റെ മുന്നില്‍ വാതില്‍ കൊട്ടിയടച്ചു. എന്തുചെയ്യണമെന്ന് ഹമീദിന്‍ ഒരെത്തും പിടിയും കിട്ടിയില്ല. എന്നാല്‍ അടുത്ത ദിവസം ഞെട്ടിക്കുന്ന ആ വാര്‍ത്ത കേട്ടുകൊണ്ടാണ് ഞങ്ങള്‍ ഗ്രാമീണര്‍ ഉറക്കമുണര്‍ന്നത്.

കൊച്ചുപുരയ്ക്കലെ ഗോപിയേട്ടന്‍ ഹ്യദയസ്തംഭനം മൂലം മരിച്ചു. നിമിഷങ്ങള്‍ക്കകം ഈ വാര്‍ത്ത കാട്ടുതീ പോലെ ഞങ്ങളുടെ ഗ്രാമത്തിലെങ്ങും പടര്‍ന്നു. രാത്രിയില്‍ നെഞ്ചുവേദന വന്ന ഗോപിയേട്ടനെ അക്കരെയുള്ള ആശുപത്രിയില്‍ കൊണ്ടുപോകാന്‍ കുമാരന്‍ കൂട്ടാക്കിയെല്ലെന്നും, നെഞ്ചുവേദന മൂര്‍ച്ഛിച്ച് ഗോപിയേട്ടന്‍ മരിച്ചെന്നുമുള്ള അമ്പരിപ്പിക്കുന്ന വാര്‍ത്ത കേട്ട് ഞങ്ങള്‍ ഗ്രാമീണരാകെ തകര്‍ന്നു പോയി.

പാവപ്പെട്ട ഒരു കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു മരിച്ചുപോയ ഗോപിയേട്ടന്‍. ഗോപിയേട്ടന്‍ മരിച്ചതോടു കൂടി അയാളുടെ ഭാര്യയും, ഏക മകനും അനാഥനായി തീര്‍ന്നു.

‘ഗോപിയുടെ മരണത്തിന് കാരണക്കാരന്‍ കടത്തുകാരന്‍ കുമാരനാണ്..” രോഷാകുലരായ ഗ്രാമീണര്‍ ഒന്നടങ്കം കുമാരനെ കുറ്റപ്പെടുത്തുകയും, ശപിക്കുകയും മാത്രമല്ല കലിപൂണ്ട ഗ്രാമത്തിലെ ചില ചെറുപ്പക്കാര്‍ കുമാരന്റെ കടത്തുവള്ളം തല്ലിതകര്‍ക്കുകയും ചെയ്തു. മറ്റുചിലര്‍ കുമാരനെ കൈയ്യേറ്റം ചെയ്യുവാന്‍ ശ്രമിച്ചെങ്കിലും പഞ്ചായത്ത് മെമ്പര്‍ കുട്ടന്‍പിള്ള ഇടപെട്ട് അവരെ അനുനയിപ്പിക്കുകയായിരുന്നു..

കൊച്ചുപുരയ്ക്കലെ ഗോപിയേട്ടന്‍ മരിച്ചതോടു കൂടി ഒരുകാലത്ത് ഞങ്ങളുടെയെല്ലാം പ്രിയപ്പെട്ടവനായിരുന്ന കുമാരന്‍ ഞങ്ങളുടെയെല്ലാം ശത്രുവായി തീരുകയായിരുന്നു. താന്‍ ചെയ്ത തെറ്റിനെക്കുറിച്ച് കുമാരന്‍ യാതൊരു കുറ്റബോധവും തോന്നിയില്ല. എന്നാല്‍ കുമാരന്റെ മകള്‍ മിനിക്കുട്ടി തന്റെ അച്ഛന്‍ മൂലം ഒരു കുടുംബം അനാഥമായതോര്‍ത്ത് തേങ്ങി കരയുകയായിരുന്നു.

നല്ലവനായിരുന്ന തന്റെ അച്ഛന്‍ എങ്ങനെ ഒരു ദു:ഷ്ടനാകുവാന്‍ കഴിഞ്ഞു…? അന്ന് മുഴുവന്‍ മിനിക്കുട്ടി ചിന്തിച്ചത് അതായിരുന്നു.

“എനിക്ക് പേടിയാവ്ന്നു. നമുക്ക് ഇവിടുന്ന് എങ്ങോട്ടെങ്കിലും പോകാം. അല്ലെങ്കില്‍ അച്ഛനെ എല്ലാരും ചേര്‍ന്ന് കൊല്ലും..” മിനിക്കുട്ടി കണ്ണീര്‍ വാര്‍ത്തു. “ഈ ഗ്രാമം വിട്ട് നമ്മളെങ്ങോട്ടും പോണില്ല. ഇവെടെ നമ്മള്‍ ജീവിക്കും..” കുമാരന്റെ വാക്കുകള്‍ ഉറച്ചതായിരുന്നു.

ഗ്രാമം കണ്ണുനീരില്‍ മുങ്ങിയ ദിവസമായിരുന്നു അന്ന്. വൈകുന്നേരമായപ്പോള്‍ ഗോപിയേട്ടന്റെ മ്യതദേഹം ഞങ്ങള്‍ ഗ്രാമീണരുടെ സാനിധ്യത്തില്‍ സംസ്കരിച്ചു.

(തുടരും..)

Friday, August 8, 2008

ഗ്രാമപുരാണം-5

അന്ന് നിലാവുള്ള രാത്രിയായിരുന്നു.
നിലാവില്‍ കുളിച്ചു നിന്ന ഗ്രാമം നിദ്രയിലാണ്ടു. പമ്പാനദി ശാന്തമായി ഒഴുകുകയാണ്‍. സമയം പന്ത്രണ്ടായെന്ന് വിളിച്ചറിയിച്ചു കൊണ്ട് പട്ടണത്തിലെ സെന്റ് പീറ്റേഴ്സ് ഭദ്രാസനപ്പള്ളിയില്‍ നിന്ന് മണി മുഴങ്ങി.

മിനിക്കുട്ടി കൂര്‍ക്കം വലിച്ചുറങ്ങുകയാണ്. അന്ന് രാത്രി കുമാരന്‍ ഉറങ്ങുവാന്‍ കഴിഞ്ഞില്ല. അയാള്‍ തനിക്ക് കിട്ടിയ പെട്ടി മെല്ലെ തുറന്നു. മണ്ണെണ്ണ വിളക്കിന്റെ അരണ്ട വെളിച്ചത്തില്‍ അതിനുള്ളിലെ സ്വര്‍ണ്ണ ബിസ്ക്കറ്റുകള്‍ വെട്ടിത്തിളങ്ങി. ‘എന്തൊരം സ്വര്‍ണ്ണമാണിത്..? ഒരുതരി പൊന്നുപോലും സ്വന്തമായി ഇല്ലാത്ത തനിക്ക് ഇത്രമാത്രം സ്വര്‍ണ്ണമോ..? കുമാരന്റെ കണ്ണ് മഞ്ഞളിച്ചുപോയി. സന്തോഷം കൊണ്ട് തനിക്ക് ഭ്രാന്ത് പിടിക്കുമെന്ന് പോലും കുമാരന്‍ തോന്നിപ്പോയ നിമിഷങ്ങളായിരുന്നു അത്.

ഈ സ്വര്‍ണ്ണബിസ്ക്കറ്റുകള്‍ വിറ്റാല്‍ എത്ര രൂപ കിട്ടും..? ആര്‍ക്കാണിത് വില്‍ക്കേണ്ടത്..? കുമാരന്‍ ഒരെത്തും പിടിയും കിട്ടിയില്ല. ‘ഈശ്വരാ.. ഇതൊന്നും കാണുവാന്‍ തന്റെ ദേവകിക്ക് ഭാഗ്യമില്ലാതെ പോയല്ലോ’ന്ന് കുമാരന്‍ ദു:ഖത്തോടെ അപ്പോള്‍ ഓര്‍ക്കുകയും ചെയ്തു.

‘കുമാരേട്ടാ..” ഈ സമയത്താണ് ആരോ തന്നെ വിളിച്ചതുപോലെ കുമാരന്‍ തോന്നിയത്. അയാള്‍ വല്ലാതെ ഭയന്നുപോയി. ആരാണത്…?

“കുമാരേട്ടാ..” ഇത്തവണ വളരെ വ്യക്തമായി അയാളാ വിളി കേട്ടു. വീടിന് പുറത്ത് ആരോ നില്‍ക്കുന്നുണ്ടെന്ന് കുമാരന്‍ തോന്നി. കുമാരന്‍ വേഗം സ്വര്‍ണ്ണബിസ്ക്കറ്റുകള്‍ കട്ടിലിനടിയില്‍ വച്ചശേഷം വിളക്കൂതി കെടുത്തി…

‘പുറത്ത് ആരാ‍യിരിക്കും…? കുമാരന്റെ ഹ്യദയമിടിപ്പ് വര്‍ദ്ധിച്ചു. “കുമാരാട്ടേ വാതില്‍ തൊറക്ക്..” പുറത്തു നിന്നും ആരോ വാ‍തില്‍ മുട്ടി വിളിക്കുന്നത് കുമാരന്‍ കേട്ടു

“ആരാദ്…” കുമാരന്റെ തൊണ്ടയിടറി.

“ഞാനാ കുമാരേട്ടാ, ഹമീദ്..” പുറത്തു നിന്നും മറുപടിയുണ്ടായി. ഹമീദിനെ കുമാരനറിയാം. നാട്ടിലെ പരോപകാരിയായ ചെറുപ്പക്കാരനാണ് ഹമീദ്. എന്തിനാണിവന്‍ ഈ പാതിരാത്രിയില്‍ തന്നെ വിളിക്കുന്നത്..? കുമാരന്‍ ചിന്തിച്ചു.

“കുമാരേട്ടാ, വാതില്‍ തൊറക്ക്…?” പുറത്തു നിന്നും ഹമീദിന്റെ വിളി കൂടി വന്നപ്പോള്‍ ‘രാത്രീല്‍ മനുഷ്യനെ കിടന്നുറങ്ങാനും സമ്മതിക്കിലല ഓരോ ശല്യങ്ങളെ‘ന്ന് പിറു പിറുത്തുകൊണ്ട് കുമാരന്‍ വാതില്‍ തുറന്നു…

“എന്താ എന്തു വേണം..” കുമാരന്‍ ഹമീദിന്റെ നേര്‍ക്ക് കയര്‍ത്തു. കുമാരന്റെ ആ ഭാവം കണ്ട് അക്ഷരാര്‍ത്ഥത്തില്‍ ഹമീദ് ഭയന്നു പോയി.

“കുമാരേട്ടാ നമ്മെടെ കൊച്ചുപുരയ്ക്കലെ ഗോപിയേട്ടന്‍ ഭയങ്കര നെഞ്ചുവേദന.. ഒരു തവണ ചോര ശര്‍ദ്ദിക്കുവേന്‍ ചെയ്തു.. ഗോപിയേട്ടന്റെ ഭാര്യയും, മകനുമൊക്കെ വല്ലാതെ ഭയന്നിരിക്കുവാ.. കുമാരേട്ടനൊന്ന് വാ‍…. നമുക്ക് സമയം കളയാതെ ഗോപിയേട്ടനെ അക്കരെയുള്ള ആശുത്രീല്‍ കൊണ്ടു പോകാം..” ഹമീദ് താന്‍ വന്ന കാര്യം കുമാരനെ അറിയിച്ചു.

“ഓ ഇതിനാരുന്നോ.. നീയീ പാതിരാത്രീ ഓടിക്കെതച്ചെത്തിയത്.” കുമാരന്‍ പുശ്ചത്തോടു കൂടി ഹമീദിനോട് ചോദിച്ചു. “ബാക്കിയുള്ളോന്റെ ഉറക്കം കളയാന്‍ ഓരോരുത്തര്‍ വരും, നെഞ്ചുവേദനാന്നും, തലവേദനാന്നും പറഞ്ഞ്…”

‘കുമാരേട്ടനെന്തു പറ്റി..? മറ്റുള്ളവരുടെ ആവശ്യത്തിന്‍ ഏത് പാതിരാത്രിയില്‍ വിളിച്ചാലും സന്തോഷത്തോടു കൂടി ഓടിയെത്താറുള്ള കുമാരേട്ടനാണോ തന്നോടിതു പറഞ്ഞത്..‘ ഹമീദ് അത്ഭുതപ്പെട്ടു.

(തുടരും...)

Thursday, August 7, 2008

ഗ്രാമപുരാണം-4

വര്‍ദ്ധിച്ച നെഞ്ചിടിപ്പോടെ വള്ളിക്കാട്ടില്‍ മറഞ്ഞിരുന്ന് കുമാരന്‍ പരിസരമാകെ നിരീക്ഷിച്ചു. നദിയുടെ അക്കരയ്ക്ക് പോകുവാന്‍ വേണ്ടി കടത്തു കടവില്‍ പുത്തേത്തെ ലാസര്‍ തന്നെ കാത്തു നില്‍ക്കുന്നത് കുമാരന്‍ കണ്ടു.

“കുമാരാ…” കടത്തു കടവില്‍ തന്നെ കാണാഞ്ഞിട്ട് ലാസറ് വിളിക്കുന്നത് കേട്ട് കുമാരന്‍ ഞെട്ടിപ്പോയി. അയാള്‍ തന്നെ കണ്ടു കാണുമോ..? അങ്ങനെ സംഭവിച്ചാല്‍…? കുമാരന്റെ ചങ്കിടിപ്പ് വര്‍ദ്ധിച്ചു…

കുമാരന്‍ സ്വര്‍ണ്ണബിസ്ക്കറ്റുകള്‍ നിറഞ്ഞ പെട്ടി വള്ളിക്കാട്ടിനുള്ളില്‍ ഒളിപ്പിച്ചു വച്ചശേഷം ഒന്നും സംഭവിക്കാത്ത ഭാവത്തില്‍ കടവിലെത്തി. “ എടോ കുമാരാ ഇഴജാതികളൊക്കെയുള്ള ആ വള്ളിക്കാട്ടില്‍ താനെന്തെടുക്കുവായിരുന്നെടോ…?” ലാസറ് കുമാരനോട് ചോദിച്ചു.

“അത്..അത്..” കുമാരനോട് എന്തു പറയണമെന്നറിയാതെ കുമാരന്‍ കുഴഞ്ഞു. ‘ലാസറിന്‍ എന്തെങ്കിലും സംശയം തോന്നി കാണുമോ..?. തനിക്ക് സ്വര്‍ണ്ണബിസ്ക്കറ്റുകള്‍ കിട്ടിയത് ലാസററിഞ്ഞാല്‍ ആകെ കുഴപ്പമാണ്‍… കുമാരന്റെ ശരീരം വിയര്‍ത്തൊലിക്കുവാന്‍ തുടങ്ങി.

“എന്താ കുമാരാ. തനിക്കെന്തു പറ്റീടോ…” താനെന്താ പന്തം കണ്ട പെരുച്ചാഴിയെപ്പോലെ നില്‍ക്കുന്നെ….? അല്ല താന്‍ വല്ലാതെ വിയര്‍ക്കുന്നുമുണ്ടല്ലോ…” ലാസറിന്റെ തുടരെ തുടരെയുള്ള ചോദ്യം കുമാരനെ കൂടുതല്‍ വിഷമത്തിലാക്കി.

“ഹേയ് ഒന്നുമില്ല. എനിക്ക് തീരെ സുഖമില്ല…” കുമാരന്‍ ഒരു വിധത്തില്‍ അത്രയും പറഞ്ഞൊപ്പിച്ചു.

‘കുമാരാ., താനിപ്പോള്‍ പഴയ പാവപ്പെട്ട കടത്തുകാരന്‍ കുമാരനല്ല കോടിക്കണക്കിന്‍ രൂപ വിലമതിക്കുന്ന സ്വര്‍ണ്ണബിസ്ക്കറ്റുകള്‍ ലഭിച്ച കോടീശ്വരന്‍ കുമാരനാണ്.. കോടീശ്വരന്‍ കുമാരനെന്തിനാ ഇനിയുള്ള കാലം കടത്തുകാരനായി കഴിയുന്നത്..?’ ആരോ തന്റെ കാതുകളില്‍ മന്ത്രിക്കുന്നതുപൊലെ അപ്പോള്‍ കുമാരന്‍ തോന്നി.

‘ശരിയാണ്… താനിപ്പോള്‍ കോടീശ്വരനാണ്.. കോടീശ്വരനായ തനിക്കെന്തിനാണ് കടത്തും, കടത്തു വള്ളവുമൊക്കെ..’ കുമാരന്‍ മനസ്സില്‍ മന്ത്രിച്ചു.

“എന്താ കുമാരാ എന്താണ്‍ നീ ചിന്തിച്ചോണ്ട് നില്‍ക്കുന്നെ..? നെനക്കെന്തു പറ്റി..?” കഥയൊന്നുമറിയാതെ ലാസറ് കുമാരനോട് ചോദിച്ചു. “അതറിഞ്ഞിട്ട് തനിക്കെന്താ കാര്യം..” ലാസറിന്റെ ആ ചോദ്യം കുമാരനെ വല്ലാതെ കുപിതനാക്കിയിരുന്നു.

‘അല്ല കുമാരനെന്തു പറ്റി..? മുമ്പെങ്ങും ആരോടും ഇയാളിത്ര പരുഷമായി സംസാരിക്കാറില്ലായിരുന്നല്ലോ..?’ കുമാരന്റെ പെട്ടന്നുള്ള ഭാവമാറ്റം കണ്ട് ലാസറ് അമ്പരന്നുപോയി.

അന്ന് കടത്തു കടവില്‍ യാത്രക്കാര്‍ പലരും വന്നിട്ടും കുമാരന്‍ അവരെ കണ്ടതായി ഭാവിച്ചില്ല. ചിലരോട് സുഖമില്ലെന്നു പറഞ്ഞു, മറ്റ് ചിലരോട് അയാള്‍ ദേഷ്യപ്പെടുകയും ചെയ്തു. അന്ന് കുമാരനെക്കുറിച്ചായിരുന്നു ഞങ്ങള്‍ ഗ്രാമീണരുടെ സംസാരവിഷയം. എന്നാല്‍ എത്ര തന്നെ ചിന്തിച്ചിട്ടും കുമാരന്റെ സ്വഭാവമാറ്റത്തിന്റെ കാരണം ഞങ്ങള്‍ക്ക് പിടികിട്ടിയില്ല.

എന്നാല്‍ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സ്വര്‍ണ്ണബിസ്ക്കറ്റുകള്‍ കിട്ടിയതോടു കൂടി കുമാരന്‍ ആളാകെ മാറുകയായിരുന്നുവെന്ന സത്യം ലാസറെന്നല്ല ഞങ്ങള്‍ ഗ്രാമീണരാരും അറിഞ്ഞിരുന്നില്ല

സന്ധ്യയായതോടു കൂടി കടവിലും, പരിസരത്തും ആളനക്കമില്ലാതെയായി. കുമാരന്‍ കടവിലെ കല്‍ത്തൂണില്‍ കടത്തുവള്ളം കെട്ടിയിട്ടശേഷം വള്ളിക്കാട്ടില്‍ ഒളിച്ചുവച്ചിരുന്ന സ്വര്‍ണ്ണബിസ്ക്കറ്റുകള്‍ നിറഞ്ഞ പെട്ടിയുമായി വേഗം തന്റെ കുടിലിലെത്തി…

തനിക്ക് സ്വര്‍ണ്ണബിസ്ക്കറ്റുകള്‍ കിട്ടിയത് തല്‍ക്കാലം താനല്ലാതെ തന്റെ മകള്‍പ്പോലും അറിയാന്‍ പാടില്ലെന്ന് കുമാരന്‍ തീരുമാനിച്ചിരുന്നു. മിനിക്കുട്ടി കൊച്ചുകുട്ടിയാണ്‍. രഹസ്യങ്ങള്‍ സൂക്ഷിക്കുവാന്‍ അവള്‍ക്ക് കഴിയില്ല. തനിക്ക് സ്വര്‍ണ്ണബിസ്ക്കറ്റുകള്‍ കിട്ടിയത് അബദ്ധവശാല്‍ അവള്‍ ആരോടെങ്കിലും പറഞ്ഞാല്‍ അത് നിമിഷങ്ങള്‍ക്കകം നാടു മുഴുവന്‍ അറിയും. ആള്‍ക്കാര്‍ സഹായം ചോദിച്ച് തന്റെ അടുക്കല്‍ ഓടിയെത്തും. എന്തിന് അസൂയയുള്ളവര്‍ ആരെങ്കിലും ഇക്കാര്യം പോലീ‍സിനെ അറിയിച്ചാല്‍ ആകെ പുലിവാലാകും. അവര്‍ സ്വര്‍ണ്ണബിസ്ക്കറ്റുകളുമായി പോവുകയും ചെയ്യും.

എന്തിന് ഇല്ലാത്ത പൊല്ലാപ്പുകള്‍ വിളിച്ചു വരുത്തി കൈയ്യില്‍ കിട്ടിയ മഹാഭാഗ്യം വെറുതെ കളഞ്ഞു കുളിക്കണം…? മിനിക്കുട്ടി കാണാതെ വളരെ രഹസ്യമായിട്ടാണ് കുമാരന്‍ സ്വര്‍ണ്ണബിസ്ക്കറ്റുകള്‍ നിറഞ്ഞ പെട്ടി തന്റെ വീട്ടിനുള്ളീല്‍ വച്ചത്..

(തുടരും..)

Tuesday, August 5, 2008

ഗ്രാമപുരാണം-3

കരകവിഞ്ഞൊഴുകിയ പമ്പാനദി കുമാരനെ മാത്രമല്ല ശിക്ഷിച്ചത്. ഞങ്ങളുടെ ഗ്രാമത്തിലെങ്ങും നദി വലിയ നാശനഷ്ടങ്ങളാണുണ്ടാക്കിയത്. ഗ്രാമത്തിന്റെ മുക്കാല്‍ ഭാഗവും വെള്ളത്തിനടിയിലായി. പലരുടെയും വീടുകള്‍ തകര്‍ന്നു പോയി. ഞങ്ങളുടെ കന്നുകാലികളും, മറ്റ് വളര്‍ത്തു ജീവികളും ചത്തൊടുങ്ങി. ക്യഷികള്‍ നശിച്ചു. ഒടുവില്‍ കാറ്റും മഴയും നിലച്ചതോടു കൂടി സംഹാരതാഡവം മതിയാക്കി പമ്പാനദി സാധാരണ നിലയിലായി. നദിയിലെ വെള്ളം വറ്റി തുടങ്ങിയതോടു കൂടി ദിവസങ്ങളോളം വെള്ളത്തില്‍ മുങ്ങി കിടന്ന ഞങ്ങളുടെ ഗ്രാമത്തില്‍ നിന്ന് വെള്ളം നദിയിലേക്ക് വലിഞ്ഞു…

ദേവകിയുടെ മരണം കുമാരന്റെ ജീവിതത്തിലെ വലിയൊരു മുറിവായിരുന്നു…”ത്യപ്തിയായില്ലേ… എന്റെ ദേവകിയുടെ ജീവനൊടുക്കിയപ്പോ നെനക്ക് ത്യപ്തിയായില്ലേ…” ദേഷ്യവും, സങ്കടവും സഹിക്കാനാവാതെ അയാള്‍ നദിക്കരയില്‍ നിന്ന് പൊട്ടിത്തെറിച്ചു.

“എന്തു തെറ്റാണ് അവള്‍ ചെയ്തത്…” അവളൊരു പാവമായിരുന്നില്ലേ… എന്നിട്ടും..” കുമാരന്‍ വാക്കുകള്‍ മുഴുമിക്കുവാന്‍ കഴിഞ്ഞില്ല… അയാള്‍ ഒരു കൊച്ചു കുട്ടിയെപ്പോലെ വിങ്ങിപ്പൊട്ടി കരഞ്ഞു. അയാള്‍ കരയുന്നത് കണ്ടിട്ടായിരിക്കാം പമ്പാനദിയിലെ ഓളങ്ങള്‍ കുലുങ്ങി ചിരിച്ചു. നദി തന്നെ പരിഹസിക്കുന്നതുപോലെയാണ് അപ്പോള്‍ അയാള്‍ക്ക് തോന്നിയത്.

“കളിയാക്കേണ്ട.. ദു:ഖം സഹിക്കാനാവാതെ വരുമ്പോ‍ എന്റെ മോളെം കൊണ്ട് നദീല് ചാടി ജീവനൊടുക്കും ഞാന്‍…” കുമാരന്റെ കണ്ണുകള്‍ നിറഞ്ഞു കവിഞ്ഞു. ഒരു തണുത്ത കാറ്റ് അയാള്‍ക്ക് ചുറ്റും വട്ടമിട്ട് വീശിക്കൊണ്ടിരുന്നു. നദിയുടെ കരങ്ങള്‍ ഒരു തണുത്ത കാറ്റായി വന്ന് തന്നെ തലോടുന്നതുപോലെയാണ് കുമാരന്‍ അപ്പോള്‍ തോന്നിയത്.

“അവിവേകം കാട്ടരുത് കുമാരാ..” ആരോ തന്നോട് പറയുന്നതുപോലെ കുമാരന്‍ അപ്പോള്‍ തോന്നി. “പമ്പാനദി കരകവിഞ്ഞൊഴുകുന്നതിന്‍ മുമ്പ് നദീ തീരത്ത് താമസിച്ചവരെല്ലാം അപകടം മനസ്സിലാക്കി രക്ഷപെട്ടു. എങ്ങോട്ടെങ്കിലും പോകാമെന്ന് നിന്റെ ഭാര്യയും മകളും നിന്നെ ഉപദേശിച്ചു. പക്ഷേ നീ അതൊന്നും കേട്ടില്ല.. അമിതമായ ആതമവിശ്വാസമാണ്‍ നിനക്ക് വിനയായത്…”

“എല്ലാം എന്റെ തെറ്റാണ്.. ദേവകീടെ മരണത്തിന്‍ കാരണക്കാരന്‍ ഞാനാണ്‍..” കുമാരന്റെ മനസ്സ് കുറ്റബോധം കൊണ്ട് നീറിപ്പുകഞ്ഞു.

“കുമാരാ എല്ലാം വിധിയാണ്. നഷ്ടപ്പെട്ടതിനെയോര്‍ത്ത് വിഷമിച്ച് വെറുതെ ജീവിതം പാഴാക്കരുത്. തനിക്കൊരു മകളുണ്ട്. അമ്മയില്ലാത്ത ദു:ഖം അറിയിക്കാതെ തന്റെ മകള്‍ക്ക് വേണ്ടിയാണ്‍ താനിനി ജീവിക്കേണ്ടത്…” പലരും കുമാരനെ ഉപദേശിച്ചു.

‘ശരിയാണ്‍. ഇനിയുള്ള കാലം തന്റെ മകള്‍ മിനിക്കുട്ടിക്കു വേണ്ടിയാണ്‍ താന്‍ ജീവിക്കേണ്ടത്. അമ്മയില്ലാത്ത ദു:ഖം അറിയിക്കാതെ തന്റെ മിനിക്കുട്ടിയെ വളര്‍ത്തി വലുതാക്കണം. അതു കണ്ട മരിച്ചു പോയ തന്റെ ദേവകിയുടെ ആത്മാവ് സന്തോഷിക്കണം….” ഒടുവില്‍ കുമാരന്‍ തീരുമാനിച്ചു.

ദിവസങ്ങള്‍ പലതും കഴിഞ്ഞു കൊണ്ടിരുന്നു. ദു:ഖങ്ങളെല്ലാം മറന്ന് തമാശകളും, ചിരിയുമായി കുമാരന്‍ പഴയ ജീവിതത്തിലേക്ക് മടങ്ങി വരുന്നത് കണ്ട് ഞങ്ങള്‍ ഗ്രാമീണര്‍ക്കെല്ലാം സന്തോഷമായി. എന്നാല്‍ അന്ന് കുമാരന്റെ ജീവിതം മാറ്റി മറിച്ചൊരു സംഭവമുണ്ടായി.

അതെന്തായിരുന്നു…?
കടത്തു കടവിനടുത്തുള്ള വള്ളിക്കാട്ടില്‍ നിന്ന് അന്ന് കുമാരന്‍ ഒരു പെട്ടി കിട്ടി. ആ പെട്ടിക്കുള്ളില്‍ കോടിക്കണക്കിന്‍ രൂപ വിലമതിക്കുന്ന സ്വര്‍ണ്ണ ബിസ്ക്കറ്റുകളായിരുന്നു. ‘ദൈവമേ ഇതെന്തു മറിമായം..?” പെട്ടിക്കുള്ളിലെ സ്വര്‍ണ്ണ ബിസ്ക്കറ്റുകള്‍ കണ്ട് കുമാരന്റെ സന്തോഷവും അമ്പരപ്പും വര്‍ദ്ധിച്ചു.

ഇത്രയധികം സ്വര്‍ണ്ണ ബിസ്ക്കറ്റുകള്‍ എങ്ങനെ ഇവിടെയെത്തി…? വല്ല കള്ളന്മാര്‍ മോഷ്ടിച്ചു കൊണ്ട് വന്ന് ഈ വള്ളിക്കാട്ടില്‍ ഒളിച്ചു വച്ചതായിരിക്കുമോ…? അതോ തന്റെ കഷ്ടപ്പാടുകള്‍ കണ്ട് മനസ്സലിഞ്ഞ ദൈവം ഈ സ്വര്‍ണ്ണ ബിസ്ക്കറ്റുകള്‍ തനിക്ക് നല്‍കിയതാവുമോ…” കുമാരന്‍ ചിന്തിച്ചു.

‘ഏതായാലും ആരും കാണാതെ എങ്ങനെയെങ്കിലും ഈ സ്വര്‍ണ്ണബിസ്ക്കറ്റുകള്‍ തന്റെ വീട്ടിലെത്തിക്കണം..‘ കുമാരന്‍ തീരുമാനിച്ചു

(തുടരും..)

Sunday, August 3, 2008

ഗ്രാമപുരാണം-2

ദിവസങ്ങളും മാസങ്ങളും കഴിഞ്ഞു കൊണ്ടിരുന്നു.
വേനല്‍ക്കാലം അവസാനിച്ചു. ആകാശം കാര്‍മേഘങ്ങളാല്‍ നിറഞ്ഞു. വര്‍ഷകാലത്തിലെ ആരംഭമായിരുന്നു അത്. ദിവസങ്ങള്‍ കഴിഞ്ഞതോടു കൂടി ഇടിയുടെയും മിന്നലിന്റെ അകമ്പടിയോടു കൂടി ഞങ്ങളുടെ നാട്ടിലെങ്ങും കനത്ത മഴ പെയ്യുവാന്‍ തുടങ്ങി. ഞങ്ങളെ സംബന്ധിച്ചിടത്തോളം വര്‍ഷകാലം പട്ടിണിയുടെയും പ്രയാസത്തിന്റെയും കാലമാണ്‍.

തോരാതെ പെയ്യുന്ന മഴ മൂലം പമ്പാനദിയിലെ ജലനിരപ്പ് പെട്ടന്നുയര്‍ന്നു. നദിയിലെ വെള്ളം കലങ്ങി മറിഞ്ഞു. ഒഴുക്കും, ചുഴികളും ശക്തി പ്രാപിച്ചു. ഒന്ന് രണ്ട് ദിവസങ്ങള്‍ കഴിഞ്ഞതോടു കൂടി പമ്പാനദി ഏതു നിമിഷവും കരകവിഞ്ഞൊഴുകാം എന്ന നിലയിലായി. പമ്പാനദി കരകവിഞ്ഞൊഴുകിയാല്‍ താഴ്ന്ന പ്രദേശമായ ഞങ്ങളുടെ ഗ്രാമവും, ചുറ്റുമുള്ള പ്രദേശങ്ങളും വെള്ളത്തിനടിയിലാവുകയും ഒട്ടേറെ നാശനഷ്ടങ്ങളുണ്ടാവുകയും ചെയ്യും.

പമ്പാ‍നദി കരകവിഞ്ഞൊഴുകുന്നതിന്‍ മുമ്പെ നദിയുടെ തീരത്ത് താമസിച്ചവരൊക്കെ ജീവരക്ഷാര്‍ത്ഥം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് പോയി. എന്നാല്‍ കടത്തുകാരന്‍ കുമാരനും കുടുംബവും മാത്രം നദീ തീരത്തുള്ള തങ്ങളുടെ വീട് വിട്ട് എങ്ങും പോയില്ല.

“കുമാരാ, ഇത്തവണത്തെ വെള്ളപ്പൊക്കം വല്യ അപകടമുണ്ടാക്കുമെന്നാ തോന്നുന്നെ. നദി കരകവിഞ്ഞൊഴുകുന്നേം മുമ്പെ എവിടെയെങ്കിലും പോയി രക്ഷപെടാന്‍ നോക്കിന്‍…” അയലവാസികള്‍ കുമാരന്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും അയാളതെല്ലാം അവഗണിക്കുകയാണുണ്ടായത്.. “നിങ്ങള്‍ പേടിയുള്ളോരൊക്കെ പൊയ്ക്കോളില്‍. ഞാനും ഭാര്യേം ന്റെ മോളും ഇവിടുന്ന് എങ്ങോട്ടും പോണില്യ…” കുമാരന്റെ മറുപടി അതായിരുന്നു.

“കേട്ടില്ലേ..നദീടെ ഇരമ്പല്‍… നദീലെ വെള്ളം കുറച്ചു താഴുന്നത് വരെയെങ്കിലും നമുക്ക് എങ്ങോട്ടെങ്കിലും പോകാം…’ ഒടുവില്‍ ഭാര്യേം, മകളും കുമാരനോട് പറഞ്ഞു നോക്കി.

“പമ്പാനദി നമ്മളെ ചതിക്കില്ല. എനിക്കുറപ്പാ..” അതായിരുന്നു കുമാരന്റെ മറുപടി. “ഈ നദീതീരത്ത് ഇന്നോ ഇന്നലെയോ.. താമസിക്കാന്‍ തുടങ്ങിയവരല്ലല്ലോ.. നമ്മള്‍. നദീലെ വെള്ളം വന്നപോലെ പോകും…”

പമ്പാനദി കരകവിഞ്ഞൊഴുകില്ലെന്നും നദിയിലെ വെള്ളം താഴുമെന്നും കുമാരന്‍ നല്ല പ്രതീക്ഷയുണ്ടായിരുന്നു എന്നാല്‍ അന്ന് രാത്രി കുമാരന്റെ സകല പ്രതീക്ഷയെയും തകിടം മറിച്ചുകൊണ്ട് പമ്പാനദി കരകവിഞ്ഞൊഴുകി. കരകവിഞ്ഞൊഴുകിയ പമ്പാനദിയിലെ ശകതമായ വെള്ളപ്പാച്ചിലില്‍ കുമാരന്റെ വീട് തകര്‍ന്ന് തരിപ്പണമായി. അയാളും ഭാര്യയും, മകളും ഒഴുക്കില്‍ പെട്ടുപോയി. ഒടുവില്‍ മിനിക്കുട്ടിയെ മാത്രം എങ്ങനെയോ രക്ഷപെടുത്തുവാന്‍ കുമാരന്‍ കഴിഞ്ഞെങ്കിലും ഭാര്യയെ രക്ഷപെടുത്തുവാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല. ദേവകി ഒഴുക്കില്‍ പെട്ടുപോയതറിഞ്ഞ് കുമാരന്‍ ഉച്ചത്തില്‍ നിലവിളിച്ചു. എന്നാല്‍ ഭ്രാന്ത് പിടിച്ച പമ്പാനദി അയാളുടെ നിലവിളിയും കരച്ചിലും കേട്ടില്ല. കണ്ണീല്‍ കണ്ടതെല്ലാം അപ്പോള്‍ ആര്‍ത്തിയോട് വിഴുങ്ങുകയായിരുന്നു നദി.

കുമാരന്റെ കുടുംബത്തിനുണ്ടായ അപകടം മനസിലാക്കി കോരിച്ചൊരിയുന്ന മഴയും, കാറ്റും വകവയക്കാതെ ഗ്രാമീണരില്‍ പലരും ഓടിയെത്തി. അവര്‍ കുമാരനെയും, മകളെയും ആശ്വസിപ്പിച്ചു. ചിലറ് ഒഴുക്കില്‍ പെട്ടുപോയ കുമാരന്റെ ഭാര്യയ്ക്കുവേണ്ടി തെരച്ചില്‍ തുടങ്ങി. എന്നാല്‍ ആ രാത്രി മുഴുവനും, അടുത്ത പകലും അവര് തെരച്ചില്‍ തുടര്‍ന്നെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. ഒടുവില്‍ മൂന്നാം ദിവസം നദിയിലെ വെള്ളം താണപ്പോള്‍ അങ്ങ് ദൂരെ നദിയിലെ കുമാരന്റെ ഭാര്യയുടെ ജീര്‍ണ്ണിച്ച ശവശരീരം പൊന്തിക്കിടക്കുന്നത് ഞങ്ങള്‍ ഗ്രാമീണര്‍ കണ്ടു.

“എന്റെ ദേവീ.. എന്നോടീ ചതി ചെയ്തല്ലോ…:“ ഭാര്യയുടെ ശവശരീരം കണ്ട കുമാരന്‍ തലതല്ലി കരഞ്ഞു. അന്ന് ഞങ്ങള്‍ ഗ്രാമീണരെല്ലാം കുമാരന്റെയും, മകളുടെയും ദു:ഖത്തില്‍ പങ്കുചേര്‍ന്നു. അവരുടെ ദു:ഖം ഞങ്ങളുടേതുമായിരുന്നു.

(തുടരും..)

Friday, August 1, 2008

ഗ്രാമപുരാണം-1

നോവല്‍ ആരംഭിക്കുന്നു
പമ്പാനദിയുടെ തീരത്തായിരുന്നു ഞങ്ങളുടെ അതിമനോഹരമായ ഗ്രാമം. വയലുകളും കുന്നുകളും താഴ്വരകളും നല്ലവരാ‍യ ഒരു പക്ഷം മനുഷ്യരും നിറഞ്ഞതായിരുന്നു ഞങ്ങളുടെ ഗ്രാമം. പകലന്തിയോളം വയലുകളില്‍ എല്ലുമുറിയെ പണിചെയ്ത് ജീവിക്കുന്ന പാവപ്പെട്ട കര്‍ഷകരായിരുന്നു ഗ്രാമീണരില്‍ ഭൂരിഭാഗവും. പഞ്ചായത്ത് മെമ്പര്‍ കുട്ടന്‍ പിള്ളയും, കടത്തുകാരന്‍ കുമാരനും, കൊമ്പന്‍ മീശയും, ചുവന്ന കണ്ണുകളുമുള്ള ‘ഇടിമണി; എന്ന പേരില്‍ അറിയപ്പെടുന്ന പോലീസുകാരന്‍ മണിയും, ഗ്രാമീണരുടെ മൊത്തം പേടിസ്വപ്നമായ കള്ളന്‍ രാഘവനുമൊക്കെ ഞങ്ങളുടെ ഗ്രാമത്തിന്റെ മാത്രം ഭാഗമായിരുന്നു.

കരിമ്പുകള്‍ പൂക്കുന്ന വയലുകള്‍ക്കരികെ, പമ്പാനദിയിലെ കുഞ്ഞോളങ്ങളുടെ സംഗീതവും, തലോടലുമേറ്റ് തലയുയര്‍ത്തി നില്‍ക്കുന്ന ദേവാലയവും, കരിങ്ങാട്ട് കാവ് ദേവീ ക്ഷേത്രവുമൊക്കെ ഞങ്ങളുടെ ഗ്രാമത്തിന്റെ മതസൌഹാര്‍ത്ഥത്തിന്റെ കെടാവിളക്കുകളായിരുന്നു.

വേനല്‍ക്കാലത്ത് പുണ്യനദിയായ പമ്പ ഞങ്ങള്‍ക്കും, ഞങ്ങളുടെ ക്യഷികള്‍ക്കും, കന്നുകാലികള്‍ക്കും ആവശ്യം പോലെ വെള്ളം നല്‍കി ഞങ്ങളെ അനുഗ്രഹിക്കാറുണ്ടെങ്കിലും വര്‍ഷകാലങ്ങളില്‍ കരകവിഞ്ഞൊഴുകുന്ന പമ്പാനദി ഞങ്ങളെ അതികഠിനമായി ശിക്ഷിച്ചിരുന്നു. നന്ദിയിലുണ്ടാകുന്ന വെള്ളപ്പൊക്കത്തില്‍ ഞങ്ങളുടെ വീടുകളും, ക്യഷികളുമെല്ലാം തകര്‍ന്നു തരിപ്പണമാകും. ഞങ്ങളില്‍ പലര്‍ക്കും ജീവഹാനിയുണ്ടാകും.

പ്രക്യതിരമണീയമാണ് ഞങ്ങളുടെ ഗ്രാമമെങ്കിലും അവിടെ ഗ്രാമീണര്‍ക്ക് രോഗം വന്നാല്‍ ചികിത്സിക്കുവാന്‍ ഒരു ആശുപത്രിയോ, നിത്യോപയോഗ സാധനങ്ങള്‍ വാങ്ങുവാന്‍ ഒരു കടയോ ഇല്ലായിരുന്നു. ഗ്രാമത്തില്‍ സര്‍ക്കാര്‍ വക ഓലമേഞ്ഞ ഒരു പ്രൈമറി സ്കൂളുണ്ട്. ഞങ്ങളുടെ പൂര്‍വ്വികരൊക്കെ ആ സ്കൂളീലാണ് പണ്ട് പഠിച്ചു വളര്‍ന്നത്. എന്നാല്‍ നഗരങ്ങളിലൊക്കെ വലിയ സ്കൂളുകള്‍ വന്നതോടു കൂടി ഞങ്ങളുടെ ഗ്രാമത്തിലെ കുട്ടികളില്‍ ഭൂരിഭാഗവും അങ്ങോട്ട് ചേക്കേറി. അതോടു കൂടി ഞങ്ങളുടെ ഗ്രാമത്തിലെ പ്രൈമറി സ്കൂളില്‍ പഠിക്കുവാന്‍ കുട്ടികളും, പഠിപ്പിക്കുവാന്‍ അദ്ധ്യാപകരും തീരെ കുറവായി. ഞങ്ങള്‍ക്ക് എന്തിനും, ഏതിനും പമ്പാനദിയുടെ അക്കരെയുള്ള പട്ടണത്തെ ആശ്രയിക്കേണ്ടി വന്നു. അക്കരെയുള്ള പട്ടണത്തിലാണെങ്കില്‍ ബഹുനില കെട്ടിടങ്ങളും, കടകളും വലിയ ഹോട്ടലുകളും, ആശുപത്രികളും, സ്കൂളും, സിനിമാ തീയേറ്ററുകളുമൊക്കെയുണ്ട്

കടത്തു കടന്നാണ് ഞങ്ങള്‍ ഞങ്ങളുടെ ആവശ്യങ്ങള്‍ക്കായി പട്ടണത്തിലേക്ക് പോവുക. നാല്‍പ്പത് വയസ്സുള്ള കുമാരനായിരുന്നു ഞങ്ങളുടെ നാട്ടിലെ കടത്തുകാരന്‍. പമ്പാനദിയുടെ തീരത്ത് കടത്തുകടവിന്‍ സമീപമുള്ള കൊച്ചു വീട്ടിലാണ്‍ കുമാരനും, കുടുംബവും താമസിച്ചിരുന്നത്. ഭാര്യ ദേവകിയും, പത്തു വയസ്സുള്ള മകള്‍ മിനിക്കുട്ടിയും അടങ്ങിയതാണ്‍ കുമാരന്റെ കൊച്ചു കുടുംബം. ചെറിയ കുടുംബം, സന്തുഷ്ട കുടുംബം.

ഞങ്ങള്‍ ഗ്രാമീണരുടെയെല്ലാം കണ്ണീലുണ്ണിയായിരുന്നു കുമാരന്‍. ഏത് പാതിരാത്രിയിലായാലും അക്കരയ്ക്ക് പോകുവാന്‍ കടവില്‍ യാത്രക്കാരെത്തിയാല്‍ കുമാരന്‍ സന്തോഷത്തോടു കൂടി അവരെ അക്കരെയെത്തിക്കും. യാത്രക്കാര്‍ മനസ്സ് തോന്നി കൊടുക്കുന്ന കടത്തു കൂലികൊണ്ടാണ്‍ കുമാരന്‍ തന്റെ കുടുംബം പുലര്‍ത്തിയിരുന്നത്. കുമാരന്‍ വള്ളത്തിന്റെ അമരത്തുള്ളപ്പോള്‍ പമ്പാനദിയില്‍ വലിയ ഓളമുണ്ടായാലും, വെള്ളപ്പൊക്കമുണ്ടായാലും യാത്രക്കാര്‍ക്ക് ഭയപ്പേടേണ്ടാ കാര്യമില്ലായിരുന്നു. കുമാരന്‍ അവരെ സുരക്ഷിതമായി മറുകരയിലെത്തിക്കും….

കുമാരന്റെ അച്ഛന്‍ നീലാണ്ടനായിരുന്നു പണ്ട് ഞങ്ങളുടെ നാട്ടിലെ കടത്തുകാരന്‍. കുമാരന്‍ നാല്‍ വയസ്സുള്ളപ്പോഴാണ്‍ അമ്മ വസൂരി വന്ന് മരിക്കുന്നത്. അമ്മയുടെ മരണത്തിനുശേഷം അച്ഛന്റെ തണലിലാണ്‍ കൊച്ചു കുമാരന്‍ വളര്‍ന്നത്. ഗ്രാമത്തിലെ മറ്റ് കുട്ടികളൊക്കെ പള്ളിക്കൂടത്തില്‍ പോകുമ്പോള്‍ കുമാരന്‍ അച്ഛനോടൊപ്പം കടത്തു വള്ളത്തിന്റെ അമരത്തായിരിക്കും. പമ്പാനദിയിലെ കുഞ്ഞോളങ്ങളും, മീന്‍ കുഞ്ഞുങ്ങളുമായിരുന്നു അക്കാലത്ത് അവന്റെ കൂട്ടുകാര്‍. വര്‍ഷകാലത്തെ പമ്പാനദിയുടെ ക്രൂരമുഖവും, വേനലിലെ ശാന്തഭാവവും കണ്ടാണ്‍ കുമാരന്‍ വളര്‍ന്നത്..

അച്ഛന്‍ നീലാണ്ടന്‍ മരിക്കുമ്പോള്‍ കുമാരന്‍ പതിമൂന്ന് വയസ്സ് മാത്രമായിരുന്നു പ്രായം. ആരും സഹായിക്കാനില്ലാതെ ഭാവിയുടെ മുന്നില്‍ പകച്ചു നിന്ന് കൊച്ചു കുമാരന്റെ പമ്പാനദി മാടി വിളിച്ചു. അങ്ങനെ അച്ഛന്റെ മരണശേഷം പതിമൂന്നാമത്തെ വയസ്സില്‍ കുമാരന്‍ ഞങ്ങളുടെ നാട്ടിലെ കടത്തുകാരനായി. അച്ഛനെപ്പോലെയായിരുന്നു കുമാരനും. എല്ലാവരോടും വളരെ മാന്യമായി മാത്രം പെരുമാറിയ കുമാരന്‍ ചുരുങ്ങിയ കാലങ്ങള്‍ക്കുള്ളില്‍ ഞങ്ങള്‍ ഗ്രാമീണരുടെയെല്ലാം പ്രിയപ്പെട്ടവനായി മാറുകയായിരുന്നു.

(തുടരും..)